
ഗാസ: ഇസ്രയേലിൽ നിന്ന് തങ്ങൾ ബന്ധികളാക്കിയവരിൽ അടുത്ത സംഘത്തെ മോചിപ്പിക്കുമെന്ന് ഹമാസ് വ്യാഴാഴ്ച അറിയിച്ചു. ഇതോടെ ഗാസ മുനമ്പിലെ വെടിനിർത്തൽ അവസാനിച്ച് വീണ്ടും യുദ്ധത്തിലേക്ക് പോയേക്കുമെന്ന ഭീതി ഒഴിവാകുമെന്ന ആശ്വസത്തിലാണ് അന്താരാഷ്ട്ര സമൂഹം. വെടിനിർത്തൽ കരാറിനെ പ്രതികൂലമായി ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ശ്രമിക്കുമെന്ന് മദ്ധ്യസ്ഥരായ ഈജിപ്ത്, ഖത്തർ സംഘങ്ങളെ ഹമാസ് അറിയിച്ചു.
ഹമാസിന്റെ പിടിയിൽ അവശേഷിക്കുന്ന ഇസ്രയേലി ബന്ധികളിൽ മൂന്ന് പേരെക്കൂടി ശനിയാഴ്ച മോചിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഹമാസിന്റെ പുതിയ അറിയിപ്പിനോട് ഇസ്രയേലിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. നേരത്തെ ബന്ധിക്കളുടെ മോചനം വൈകിപ്പിക്കുമെന്ന തരത്തിൽ ഹമാസ് പ്രഖ്യാപനം നടത്തിയിരുന്നു. ടെന്റുകളും അഭയകേന്ദ്രങ്ങളും അനുവദിക്കുന്നത് ഉൾപ്പെടെയുള്ള വെടിനിർത്തൽ കരാർ വ്യവസ്ഥകൾ ഇസ്രയേൽ ലംഘിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഹമാസിന്റെ ഈ പ്രഖ്യാപനം. അതേസമയം ബന്ധികളെ മോചിപ്പിച്ചില്ലെങ്കിൽ യുദ്ധം പുനഃരാരംഭിക്കുമെന്ന് ഇസ്രയേലും നിലപാടെടുത്തു. ഇക്കാര്യം ബെഞ്ചമിൻ നെതന്യാഹു തന്നെ അറിയിക്കുകയും ചെയ്തു.
ഗാസയിലേക്കുള്ള മാനുഷിക സഹായം ഇസ്രയേൽ തടസ്സപ്പെടുത്തുന്നു എന്നാണ് ഹമാസിന്റെ പ്രധാന ആരോപണം. മൂന്നാഴ്ചയായി ഇസ്രയേൽ നിരന്തരം കരാർ ലംഘനം നടത്തുന്നുവെന്നും ഹമാസ് പറയുന്നു. താത്കാലിക അഭയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള സാമഗ്രികളും മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ഇന്ധനലും ഗാസയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ഹെവി ഉപകരണങ്ങളും എത്തിക്കുന്നത് ഇസ്രയേൽ തടയുകയാണെന്ന് ഹമാസ് ആരോപിച്ചു.
ഈജിപ്ഷ്യൽ പ്രതിനിധികളുമായി ഇക്കാര്യത്തിൽ കെയ്റോയിൽ വെച്ച് ചർച്ച നടത്തിയതായും ഖത്തർ പ്രധാനമന്ത്രിയുമായി ബന്ധപ്പെടുന്നുണ്ടെന്നും ഹമാസ് അറിയിച്ചിരുന്നു. അതേസമയം പുതിയ പ്രഖ്യാപനത്തോടെ വെടിനിർത്തൽ തുടരാനാണ് സാധ്യതയെന്നും പ്രതിസന്ധികൾ തരണം ചെയ്യുന്നതിൽ ഖത്തരും ഈജിപ്തും വിജയിച്ചുവെന്നും ചില ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam