
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന "ഹൗഡി മോദി' പരിപാടിക്ക് ഭീഷണിയായി കനത്ത മഴയും വെള്ളപ്പൊക്കവും. ഇമെൽഡ കൊടുങ്കാറ്റിനെ തുടർന്ന് ടെക്സസ് ഗവർണർ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ടെക്സസ് മേഖലയില്‍ നിലവില്‍ അപകടകരമായ അവസ്ഥയുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം "ഹൗഡി മോദി' പരിപാടിക്ക് തടസ്സം വരില്ലെന്നു സംഘാടകർ അറിയിച്ചു.
ടെക്സസ് പ്രദേശത്തെ 13 കൗണ്ടികളിലാണ് ഗവര്‍ണര്‍ ഗ്രെയിഗ് അബോട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയിലും കാറ്റിലും വലിയ നാശ നഷ്ടമാണ് പ്രദേശത്തുണ്ടാകുന്നത്. രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുമുണ്ട്.
കൊടുങ്കാറ്റിന്‍റെ ഭീഷണി ഞായറാഴ്ചയോടെ മാറുമെന്ന പ്രതീക്ഷയാണ് ഹൗഡി മോദി പരിപാടിയുടെ സംഘാടകര്‍ പങ്കുവയ്ക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കമുള്ളവര്‍ പങ്കെടുക്കുന്ന പരിപാടി എന്‍ ആര്‍ ജി സ്റ്റേഡിയത്തിലാണ് അരങ്ങേറുക. 1500 ലധികം വോളണ്ടിയര്‍മാര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഏകദേശം അമ്പതിനായിരത്തിലധികം ഇന്ത്യന്‍-അമേരിക്കക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം ഏഴു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാത്രിയാണ് യാത്ര തിരിക്കുക. പാകിസ്ഥാൻ അനുമതി നിഷേധിച്ച സാഹചര്യത്തിൽ ഒമാൻ വ്യോമപാത വഴിയാകും പ്രധാനമന്ത്രിയുടെ യാത്ര. 24ന് ഡോണൾഡ് ട്രംപും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കും. ഇരുപത്തിയേഴിനാണ് മോദി ഐക്യരാഷ്ട്രസഭയിൽ സംസാരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam