
ഹോങ്കോങ്: ചൈനീസ് ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റിലായ ഹോങ്കോങ്ങിലെ മാധ്യമ ഉടമ ജിമ്മി ലായിക്ക് ജാമ്യം. ഒരു ഹീറോയ്ക്ക് ലഭിക്കുന്ന സ്വീകരണമാണ് പൊലീസ് കസ്റ്റഡിയില്‍ നിന്നും പുറത്തെത്തിയ ജിമ്മിക്ക് ലഭിച്ചത്. ജിമ്മിക്കൊപ്പം തന്നെ ഹോങ്കോങ് ജനാധിപത്യാനുകൂലിയായ ആക്ടിവിസ്റ്റ് ആഗ്നസ് ചോവിനെയും ജാമ്യത്തിൽവിട്ടിട്ടുണ്ട്. പോരാട്ടം തുടരും എന്നാണ് ജാമ്യത്തിന് ശേഷം ജിമ്മി പ്രതികരിച്ചത്.
വിദേശശക്തികളുമായി ബന്ധമുണ്ടെന്നാരോപിച്ചാണു ഹോങ്കോംഗിലെ പ്രമുഖ വ്യവസായിയും നെക്സ്റ്റ് മീഡിയ മാധ്യമഗ്രൂപ്പ് സ്ഥാപകനുമായ ജിമ്മി ലായിയെ ദേശീയസുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഹോങ്കോംഗിൽ ജനാധിപത്യത്തിനു വേണ്ടി വാദിക്കുന്ന ലായ് ചൈനയുടെ ഏകാധിപത്യ ഭരണത്തിന്റെ സ്ഥിരം വിമർശകനുമാണ്. ജനാധിപത്യവാദികളെ ലക്ഷ്യമിട്ടു കഴിഞ്ഞ ജൂണിലാണു ദേശീയസുരക്ഷാ നിയമം കൊണ്ടുവന്നത്.
ഹോങ്കോങ്ങിലെ ചൈനീസ് ഇടപെടലുകളെ വർഷങ്ങളായി വിമർശിച്ചു കൊണ്ടിരുന്ന 'ആപ്പിൾ ഡെയ്‌ലി' എന്ന ഹോങ്കോങ് പത്രത്തിന്റെ ഉടമയാണ് ജിമ്മി ലായി. ജിമ്മിയുടെയും മകന്റെയും അദ്ദേഹം സ്ഥാപിച്ച നെക്സ്റ്റ് ഗ്രൂപ്പ് എന്ന മാധ്യമ സ്ഥാപനത്തിന്റെ മറ്റംഗങ്ങളുടെയും വീടുകളിൽ അപ്രതീക്ഷിതമായി റെയ്ഡ് നടത്തിയാണ് അറസ്റ്റുകൾ ഉണ്ടായിരിക്കുന്നത്. ഇരുനൂറിലധികം സായുധരായ പോലീസുകാരാണ് ആപ്പിൾ ഡെയ്‌ലിയുടെ ആസ്ഥാനം റെയ്ഡ് ചെയ്യാൻ എത്തിച്ചേർന്നത്. ഇതിന്റെ നടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കൈവിലങ്ങണിയിച്ചാണ് ലായിയെ പൊലീസ് അറസ്റ്റുചെയ്ത് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
കഴിഞ്ഞ വർഷം നടന്ന ജനാധിപത്യ സമരങ്ങൾക്ക് പിന്തുണ നൽകിയ ഒരാൾ കൂടിയായിരുന്നു ജിമ്മി ലായി എങ്കിലും അദ്ദേഹം വളരെ സ്വാധീനമുള്ള ഒരു മാധ്യമടൈക്കൂൺ ആയതിനാൽ ഇത്രപെട്ടെന്ന് ഇങ്ങനെ ഒരു നടപടി ഉണ്ടാവില്ല എന്നായിരുന്നു പലരും കരുതിയിരുന്നത്. എഴുപത്തൊന്നുകാരനായ ലായിയെ ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് വിശേഷിപ്പിച്ചത് കലാപങ്ങൾക്ക് ആഹ്വാനം നൽകുന്ന ആൾ എന്നാണ്.
യുകെ പൗരത്വം കൂടി ഉണ്ടായിരുന്നിട്ടും, ചൈനയിൽ നിന്ന് പ്രതികാര നടപടികൾ ഉണ്ടാകും എന്നുറപ്പായിട്ടും രാജ്യം വിട്ട് ഒളിച്ചോടാൻ ലായി തയ്യാറായിരുന്നില്ല. ഇപ്പോൾ, ജിമ്മി ലായിയെപ്പോലെ ബഹുമാന്യനായ ഒരു മാധ്യമവ്യക്തിത്വത്തെ യാതൊരു വിധ പരിഗണനയും കൂടാതെ പൊതുജനമധ്യത്തിലൂടെ കൈവിലങ്ങണിയിച്ച് നടത്തിക്കൊണ്ടു പോയത് ഹോങ്കോങില്‍ ഏറെ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. അതിനാല്‍ തന്നെ ജിമ്മിക്ക് ജാമ്യം ലഭിച്ചതോടെ വലിയ ആവേശത്തിലാണ് ജനധിപത്യ പ്രക്ഷോഭകര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam