
സിന്ധ്: നാല് മക്കളുമായി പാക് വനിത കാമുകനെ തേടി ഇന്ത്യയിലെത്തിയതിന് പിന്നാലെ പാകിസ്താനില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. സിന്ധ് പ്രവിശ്യയിലെ ദക്ഷിണ മേഖലയിലെ ഹിന്ദു ക്ഷേത്രമാണ് ഞായറാഴ്ച റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ച് തകര്‍ത്തതെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനായി ഇന്ത്യയിലേക്ക് പോയ സീമ ഹൈദറിനോടുള്ള പ്രതികാരമായാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്.
പ്രാദേശികരായ ഹിന്ദു വിശ്വാസികള്‍ നിര്‍മ്മിച്ച ചെറുക്ഷേത്രമാണ് അക്രമികള്‍ തകര്‍ത്തത്. സിന്ധ് പ്രവിശ്യയിലെ കാശ്മോര പ്രദേശത്തെ ഹിന്ദു വിശ്വാസികളുടെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. കറാച്ചിയിലെ മാരിമാത ക്ഷേത്രം വെള്ളിയാഴ്ച പൊളിച്ച് നീക്കിയതിന് പിന്നാലെയാണ് സിന്ധ് പ്രവിശ്യയിലെ അക്രമം. കറാച്ചിയിലെ സോള്‍ജിയര്‍ ബസാറിലെ ക്ഷേത്രം വന്‍ പൊലീസ് സന്നാഹത്തോടെയാണ് ബുൾഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തത്. 150 വര്‍ഷത്തോളം പഴക്കമുള്ളതായിരുന്നു ഈ ക്ഷേത്രം. സിന്ധിലെ ക്ഷേത്ര ആക്രമണ സമയത്ത് ക്ഷേത്രം അടച്ച നിലയിലായിരുന്നു. ബാഗ്രി സമുദായത്തിന്‍റേതാണ് ഈ ക്ഷേത്രം. ഒന്‍പതോളം പേര്‍ ചേര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിന് നേരെ റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. പൊലീസ് വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തുമ്പോഴേയ്ക്കും അക്രമികകള്‍ കടന്നുകളഞ്ഞിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
ഓണ്‍ലൈന്‍ ഗെയിമിംഗ് ആയ പബ്ജിയിലൂടെ പരിചയപ്പെട്ട പ്രണയത്തിലായതിന് പിന്നാലെയാണ് ഇന്ത്യക്കാരനായ യുവാവിനെ തേടി സീമ ഹൈദര്‍ മക്കളോടൊപ്പം നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയത്. ഗ്രേറ്റര്‍ നോയിഡയില്‍ ഇവര്‍ രണ്ട് പേര്‍ ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തിരുന്നു. 2019ലാണ് പബ്ജി ഗെയിമിനിടെയുള്ള സീമ ഹൈദര്‍ സച്ചിനുമായി പ്രണയത്തിലാവുന്നത്. ആവശ്യമായ രേഖകള്‍ കൂടാതെ രാജ്യത്തേക്ക് കടന്നു കയറിയതിന് സീമയേയും അതിന് ഒത്താശ ചെയ്തതിന് സച്ചിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam