
ബീജിംഗ്: കോവിഡ് മഹാമാരിയ്ക്ക് പിന്നാലെ ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തി ചൈനയിൽ എച്ച്എംപിവി (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) പടരുന്നു. ചൈനയുടെ വടക്കൻ പ്രദേശങ്ങളിൽ എച്ച്എംപിവി കേസുകളിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. അനിയന്ത്രിതമായ രീതിയിലുള്ള വൈറസ് വ്യാപനം കാരണം ചൈനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ലോകാരോഗ്യ സംഘടനയും മൌനം പാലിക്കുന്ന സാഹചര്യമാണുള്ളത്.
ചൈനയിലെ ആശുപത്രികളിൽ ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി ചികിത്സ തേടുന്നത്. രാജ്യത്ത് ന്യുമോണിയ കേസുകളിലുണ്ടാകുന്ന വർധന കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഒരു പുതിയ നിരീക്ഷണ സംവിധാനം ആരംഭിച്ചിട്ടുണ്ട്. കോവിഡ് കാലത്തിന് സമാനമായ രീതിയിൽ മാസ്ക് ധരിക്കണമെന്നും കൈകൾ ശുചിയായി സൂക്ഷിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമൊക്കെയുള്ള നിർദ്ദേശങ്ങൾ ആരോഗ്യ വിദഗ്ധർ ജനങ്ങൾക്ക് നൽകിയിരിക്കുകയാണ്.
അതേസമയം, ചൈനയുടെ അയൽ രാജ്യങ്ങളിൽ കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹോങ്കോങ്ങിൽ എച്ച്എംപി കേസുകൾ റിപ്പോർട്ട് ചെയ്തതായുള്ള ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ചൈനയിലെ സാഹചര്യങ്ങൾ ഇന്ത്യയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ചൈനയിൽ എച്ച്എംപിവി മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിച്ചുവരുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി . ചൈനയിലെ സ്ഥിതി അസാധാരണമല്ലെന്നും ശ്വാസകോശ അണുബാധകൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഇന്ത്യ തയ്യാറാണെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam