ഹോങ്കോങ് പ്രക്ഷോഭത്തിന് നേരെ പൊലീസ് വെടിവെപ്പ്; ദൃശ്യങ്ങള്‍ തത്സമയം ഫേസ്ബുക്കില്‍

By Web TeamFirst Published Nov 11, 2019, 10:50 AM IST
Highlights

ഫേസ്ബുക്കില്‍ ലൈവായി പ്രതിഷേധം കാണിക്കുന്നതിന് ഇടയിലായിരുന്നു വെടിവയ്പ്. മുഖംമൂടിയണിഞ്ഞ് തന്‍റെ നേര്‍ക്ക് വരുന്ന യുവാവിനെ തോക്ക് ചൂണ്ടി പൊലീസ് ഭിഷണിപ്പെടുത്തുന്നതും പരിസരത്തുണ്ടായിരുന്ന യുവാവിന് നേരെ വെടിവക്കുന്നതും ഫേസ്ബുക്ക് ലൈവില്‍ നിരവധിയാളുകളാണ് കണ്ടത്

ഹോങ്കോങ്: ജനാധിപത്യ പ്രക്ഷോഭത്തിനിടെ യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്. പ്രക്ഷോഭം അഞ്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ആവശ്യങ്ങള്‍ക്ക് പരിഗണന ലഭിക്കാത്തതിനെ തുടര്‍ന്ന് കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിലായിരുന്നു പ്രക്ഷോഭകാരികള്‍. സാധ്യമായ ഇടങ്ങളിലെല്ലാം പ്രതിഷേധിക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായി ഇന്ന് രാവിലെ നടന്ന റോഡ് തടയലിന് നേരെയാണ് വെടിവയ്പുണ്ടായത്. 

ഫേസ്ബുക്കില്‍ ലൈവായി പ്രതിഷേധം കാണിക്കുന്നതിന് ഇടയിലായിരുന്നു വെടിവയ്പ്. മുഖംമൂടിയണിഞ്ഞ് തന്‍റെ നേര്‍ക്ക് വരുന്ന യുവാവിനെ തോക്ക് ചൂണ്ടി പൊലീസ് ഭിഷണിപ്പെടുത്തുന്നതും പരിസരത്തുണ്ടായിരുന്ന യുവാവിന് നേരെ വെടിവക്കുന്നതും ഫേസ്ബുക്ക് ലൈവില്‍ നിരവധിയാളുകളാണ് കണ്ടത്. യുവാവ് നിലത്തേക്ക് വീണതിന് പിന്നാലെ രണ്ട് റൗണ്ട് വെടിയൊച്ചകള്‍ വീഡിയോയില്‍ കേള്‍ക്കാനും സാധിക്കും. 

വെടിയേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വെടിവയ്പില്‍ പരിക്കേറ്റ മറ്റുള്ളവരെ കുറിച്ച് അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരമെന്ന് ബിബിസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധക്കാര്‍ക്കെതിരെ ഇത്തരത്തില്‍ പൊലീസ് വെടിവയ്പ് നടക്കുന്നത് ഇത് മൂന്നാം തവണയാണ്. ഒക്ടോബര്‍ ഒന്നിനും ഒക്ടോബര്‍ നാലിനുമാണ് ഇതിന് മുന്‍പ് പ്രതിഷേധക്കാര്‍ക്കെതിരെ വെടിവയ്പ്പുണ്ടായത്. 

ഹോങ്കോങിന്‍റെ വടക്ക് കിഴക്കന്‍ മേഖലയായ സായ് വാന്‍ ഹോയിലാണ് ഇന്ന് രാവിലെ വെടിവയ്പുണ്ടായത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസുകാര്‍ മോട്ടോര്‍ ബൈക്കുകള്‍ ഓടിച്ച് കയറ്റുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  5 മാസമായി എല്ലാ ശനിയാഴ്ചകളിലും പ്രതിഷേധ റാലികൾ നടത്തിവരുകയായിരുന്ന പ്രക്ഷോഭകാരികള്‍ കഴിഞ്ഞ ദിവസം പൊലീസ് വിരട്ടിയോടിക്കലിന് ഇടയില്‍ ഒരു വിദ്യാര്‍ത്ഥി വീണ് മരിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. 

click me!