
ഹോങ്കോങ്: ഒരിടവേളയ്ക്ക് ശേഷം ഹോങ്കോങ്ങിൽ വീണ്ടും പ്രക്ഷോഭം ശക്തമാകുകയാണ്. ഹോങ്കോങ്ങിൽ ജനാധിപത്യവാദികളും ചൈനാ അനുകൂലികളും തമ്മിൽ ഏറ്റുമുട്ടി. ചൈനാസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഹോങ്കോങ്ങിലെ ആസ്ഥാനത്തിന് സമീപത്താണ് ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസ് കണ്ണീർവാതകവും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു.
ബെയ്ജിങ് ഭരണകൂടത്തെയും ഹോങ്കോങ് സർക്കാരിനെയും പിടിച്ച് കുലുക്കിയ ശക്തമായ മഞ്ഞക്കുട വിപ്ലവത്തിന്റെ അഞ്ചാം വാർഷികം ആഘോഷിക്കുകയായിരുന്നു ഹോങ്കോങിൽ ജനാധിപത്യവാദികൾ. കുട്ടികളടക്കം ആയിരക്കണക്കിനാളുകളാണ് കുട വിപ്ലവത്തിന്റെ വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയത്. കേന്ദ്രസർക്കാരിന്റെയും ലെജിസ്ലേറ്റിവ് കൗൺസിലിന്റെയും കെട്ടിടത്തിന് മുന്നിൽ വച്ചാണ് കുട സമരം വീണ്ടും ഓർമ്മിപ്പിത്തക്ക വിധം കുടയും ചൂടി പ്രതിഷേധക്കാരെത്തിയത്.
ഹോങ്കോങ്ങിലെ പ്രക്ഷോഭക്കാർക്ക് ഇന്ന് വളരെ സവിശേഷ ദിവസമാണെന്നും സ്വാതന്ത്ര്യത്തിനായി ഒന്നിച്ച് പോരാടുമെന്നും പ്രതിഷേധക്കാർ ഒന്നടങ്കം പറയുന്നു. ഹോങ്കോങ്ങിന് വേണ്ടി മരണം വറെ പോരാടുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. 2014-ൽ 79 ദിവസമാണ് കുട വിപ്ലവം അരങ്ങേറിയത്. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ടമാർ പാർക്കിലെ സർക്കാർ കെട്ടിടത്തിന് മുന്നിൽ കുടയും ചൂടി പ്രതിഷേധം സംഘടിപ്പിച്ചത്.
കറുത്ത വസ്ത്രവും മുഖംമൂടിയും ധരിച്ചാണ് പ്രതിഷേധക്കാരെത്തിയത്. പ്രതിഷേധക്കാർ സർക്കാർ കെട്ടിടങ്ങളുടെ ജനാലകൾ കല്ലെറിഞ്ഞ് തകർക്കുകയും ഹെലികോപ്‍റ്ററുകൾക്ക് നേരെ ലേസർ വെളിച്ചം പ്രയോഗിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ചൈനീസ് ദേശീയഗാനം ആലപിച്ച് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ചൈനാ അനുകൂലികൾ എത്തി. ജനാധിപത്യവാദികൾ നടത്തിയ റാലിയിൽ ചൈനാ അനുകൂലികൾ കല്ലെറിയുകയും ചെയ്തു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
അതേസമയം, മൂന്ന് മാസത്തിലേറെയായി ഹോങ്കോങ്ങില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുകയാണ്. ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ നൂറാം നാളില്‍ പതിനായിരക്കണക്കിന് പ്രക്ഷോഭകരാണ് വിലക്ക് ലംഘിച്ച് പ്രതിഷേധം നടത്തിയത്. പൊലീസ് കണ്ണീര്‍ വാതകവും, ജലപീരങ്കിയും ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ തുരത്തിയത്.
പ്രതിഷേധത്തിന് കാരണമായ ഹോങ്കോങ് പൗരൻമാരെ വിചാരണയ്ക്കായി ചൈനയിലേക്കു വിട്ടുകൊടുക്കാൻ വ്യവസ്ഥ ചെയ്യുന്ന നിർദിഷ്ട കുറ്റവാളി കൈമാറ്റ ബിൽ ഹോങ്കോങ് പിന്‍വലിച്ചെങ്കിലും ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. പൊലീസ് നടപടിക്കെതിരെ അന്വേഷണം, അറസ്റ്റിലായവര്‍ക്ക് പൊതുമാപ്പ്, സാര്‍വത്രിക വോട്ടവകാശം തുടങ്ങിയ കാര്യങ്ങള്‍ അംഗീകരിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് വ്യക്തമാക്കിയാണ് പ്രതിഷേധക്കാര്‍ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന കമ്മ്യൂണിസ്റ്റ് ചൈന സ്ഥാപിതമായ 70-ാം വാര്‍ഷികാഘോഷ പരിപാടിക്കിടയിലും പ്രക്ഷോഭം നടക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇതിന് മുന്നോടിയായി കനത്ത സുരക്ഷാണ് ഹോങ്കോങ്ങിൽ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam