താലിബാൻ നേതാവിനെ ചിരിച്ചും കെട്ടിപ്പിടിച്ചും സ്വാഗതം ചെയ്ത് പാക് വിദേശകാര്യ മന്ത്രിയും ഐഎസ്ഐ തലവനും

By Web TeamFirst Published Oct 3, 2019, 4:41 PM IST
Highlights

ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട് എട്ട് വർഷം പാക്കിസ്ഥാനിൽ തടവിൽ കഴിഞ്ഞ ബരദാറിനെ, പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും പാക് ചാരസംഘടനയായ ഐഎസ്ഐ തലവൻ ലഫ്റ്റനന്റ് ജനറൽ ഫായീസ് ഹമീദും ചിരിച്ചും കെട്ടിപ്പിടിച്ചുമാണ് സ്വാഗതം ചെയ്തത്

ഇസ്ലാമാബാദ്: അഫ്‌ഗാനിലെ യുദ്ധം സംബന്ധിച്ച് അമേരിക്കയുമായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ പാക് വിദേശകാര്യ മന്ത്രി വിളിച്ചുചേർത്ത യോഗത്തിലേക്ക് താലിബാന്റെ മുതിർന്ന നേതാക്കൾക്ക് ഊഷ്മള വരവേൽപ്പ്. പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി താലിബാന്റെ സഹസ്ഥാപകൻ മുല്ലാ അബ്ദുൾ ഖാനി ബരദാറിനെ ചിരിച്ചും കെട്ടിപ്പിടിച്ചുമാണ് സ്വാഗതം ചെയ്തത്.

ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട് എട്ട് വർഷം പാക്കിസ്ഥാനിൽ തടവിൽ കഴിഞ്ഞ ബരദാറിനെ പാക് ചാരസംഘടനയായ ഐഎസ്ഐ തലവൻ ലഫ്റ്റനന്റ് ജനറൽ ഫായീസ് ഹമീദും ഇതേ രീതിയിലാണ് സ്വാഗതം ചെയ്തത്. പാക് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിലാണ് ഇതുള്ളത്.

താലിബാനും അമേരിക്കയുമായി സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് പാക്കിസ്ഥാനാണ്. കഴിഞ്ഞ ഒരു വർഷക്കാലമായി അഫ്‌ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യത്തിന് മടങ്ങിപ്പോകാൻ സാധിക്കും വിധം സമാധാന ഉടമ്പടിക്ക് പാക്കിസ്ഥാൻ ശ്രമം നടത്തുന്നുണ്ട്. ഇതിന് പകരമായി ഭീകരസംഘടനയായ താലിബാന്റെ ഭാഗത്ത് നിന്ന് സുരക്ഷാ ഉടമ്പടികൾ ഒപ്പുവയ്പ്പിക്കാനാണ് ശ്രമം.

കൂടുതൽ ആക്രമണങ്ങളുണ്ടാകുമെന്ന് നേരത്തെ താലിബാൻ ഭീഷണി മുഴക്കിയിരുന്നെങ്കിലും അധികം വൈകാതെ തന്നെ ഇവർ, അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറായിരുന്നു. അധികം വൈകാതെ തന്നെ ഇരുവരും തമ്മിലുള്ള സമാധാന ഉടമ്പടി തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഫ്ഗാനിസ്ഥാനിൽ ദീർഘകാലത്തെ സമാധാനത്തിനും സുസ്ഥിര ഭരണത്തിനുമാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി ഖുറേഷി പറഞ്ഞു. "യുദ്ധമല്ല ഒന്നിനും പരിഹാരം. ചർച്ചകൾ മാത്രമാണ് അഫ്‌ഗാനിസ്ഥാനിൽ സമാധാനം കൊണ്ടുവരാനുള്ള വഴി," അദ്ദേഹം പറഞ്ഞു.

click me!