
കീവ്: യുക്രെയ്ൻ മണ്ണിൽ റഷ്യയുടെ ഹിതപരിശോധന നടക്കുന്നതിനിടെ റഷ്യൻ നഗരങ്ങളിൽ വ്യാപക പ്രതിഷേധം. പുടിൻ വിരുദ്ധ മുദ്രാവാക്യങ്ങളുമായി വൻ പ്രകടനങ്ങളാണ് നഗരങ്ങളിൽ നടക്കുന്നത്. യുക്രെയിനിൽ യുദ്ധം ചെയ്യാൻ മക്കളെ വിട്ടുനൽകില്ലെന്നടക്കം മുദ്രാവാക്യങ്ങളുമായി സ്ത്രീകളും കുട്ടികളുമടക്കമുള്ള വൻ ജനക്കൂട്ടമാണ് നഗരങ്ങളിൽ പ്രതിഷേധിച്ചത്.
നാല് പ്രവിശ്യകളെ തങ്ങൾക്കൊപ്പം ചേർക്കുകയാണ് റഷ്യയുടെ ലക്ഷ്യം. റഷ്യൻ അനുകൂല വിമതർക്ക് ആധിപത്യമുളള ലുഹാൻസ്ക്, ഡോണെറ്റ്സ്ക് എന്നിവയും സാപ്രോഷ്യ, കേഴ്സൺ പ്രവിശ്യകളിലും ചൊവ്വാഴ്ച വരെ ഹിതപരിശോധന നടക്കും. വിമതർ ഭരിക്കുന്ന ലുഹാൻസ്കും ഡോണെറ്റ്സ്കും റഷ്യൻ സേനയുടെ നിയന്ത്രണത്തിലാണ്. വെള്ളിയാഴ്ചയാണ് ഹിതപരിശോധന ആരംഭിച്ചത്.
ഇവിടെ ചില ഗ്രാമങ്ങൾ യുക്രെയ്ൻ സേന പിടിച്ചെടുക്കാൻ തുടങ്ങിയതോടെയാണ് പെട്ടെന്ന് ഹിതപരിശോധനയുമായി റഷ്യൻ നീക്കം. സാപ്രോഷ്യയിൽ നിന്നും കേഴ്സനിൽ നിന്നും യുദ്ധം തുടങ്ങിയതോടെ യുക്രെയ്ൻകാർ കൂട്ടപ്പലായനം ചെയ്തിരുന്നു. ബാക്കിയുളളവരെ തന്നെ വീടുകയറി ഭീഷണിപ്പെടുത്തുകയാണ് റഷ്യൻ പട്ടാളമെന്ന് പരാതി.
Read more: യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമാകാൻ ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ
2014ൽ ക്രിമിയ പിടിച്ചെടുത്തതിന് സമാനമായ ഹിതപരിശോധനയിലൂടെ യുക്രെയ്ന്‍റെ 15 ശതമാനം പ്രദേശം കൂടി റഷ്യക്കൊപ്പമാകും. അതേസമയം ഫലം അംഗീകരിക്കില്ലെന്ന നിലപാടിലാണ് സെലൻസ്കി. തങ്ങളുടേതായിത്തീർന്ന പ്രദേശങ്ങളെ ആക്രമിച്ചാൽ മറുപടി വലുതായിരിക്കുമെന്ന് റഷ്യയും പ്രതികരിച്ചു. ആണവായുധം വരെ പ്രയോഗിക്കാൻ മടിക്കില്ലെന്ന് കടന്നുപറഞ്ഞിരിക്കുകയാണ് പുടിൻ. അധിനിവേശത്തിന്‍റെ എഴാം മാസം, കിഴക്കൻ യൂറോപ്പിലെ യുദ്ധഭൂമിയിൽ വരാനിരിക്കുന്നത് നിർണായക വാരമാകും.
മൂന്നു ലക്ഷത്തോളം വരുന്ന റിസർവ് പട്ടാളക്കാരെ യുക്രെയിൻ യുദ്ധത്തിന് വേണ്ടി നിയോഗിക്കാൻ റഷ്യൻ പ്രസിഡന്റ് പുടിൻ തീരുമാനിച്ചിരുന്നു. യുദ്ധമുഖത്തേക്ക് കൂടുതൽ സൈനികരെ നിയോഗിക്കാനുള്ള പുടിന്റെ ഈ നീക്കമാണ് റഷ്യയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്. ഗവണ്മെന്റിനെതിരെ പ്രതിഷേധിച്ചതിന്, മോസ്കോയിലും സെന്റ് പീറ്റർസ്ബർഗിലുമായി കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അറസ്റ്റിലായിരിക്കുന്നത് ആയിരക്കണക്കിന് പേരാണ്.