
വെല്ലിങ്ടണ്‍: കുടിയേറ്റം സംബന്ധിച്ച ഉപദേശം തേടിക്കൊണ്ട് ഇന്ത്യക്കാർ അയയ്ക്കുന്ന ഇമെയിലുകൾ താൻ സ്പാം ആയാണ് കാണുന്നതെന്നും ഒന്നു പോലും തുറന്നു നോക്കാറില്ലെന്നും ന്യൂസിലൻഡിലെ കുടിയേറ്റ വകുപ്പ് മന്ത്രി എറിക സ്റ്റാൻഫോർഡ്. പാർലമെന്‍റിൽ ഒരു ചോദ്യത്തിനു മറുപടി പറയുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ന്യൂസിലൻഡിലെ ഇന്ത്യൻ വംശജയായ എംപി പ്രിയങ്ക രാധാകൃഷ്ണൻ രംഗത്തെത്തി.
ഔദ്യോഗിക ഇമെയിലുകൾ പേഴ്സണൽ മെയിലിലേക്ക് ഫോർവേഡ് ചെയ്തു പരിശോധിക്കാറുണ്ടെന്ന് എറിക അടുത്തിടെ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് പാർലമെന്‍റിൽ ഇന്ത്യക്കാരെ മൊത്തമായി ആക്ഷേപിച്ച് മന്ത്രി പരാമർശം നടത്തിയത്.
താൻ ഔദ്യോഗിക വിവരാവകാശ നിയമം പാലിക്കാറുണ്ടെന്ന് പറഞ്ഞ മന്ത്രി, തനിക്ക് ഇന്ത്യക്കാരുടേതായി നിരവധി മെയിലുകൾ വരാറുണ്ടെന്നും പറഞ്ഞു. കുടിയേറ്റ വിഷയങ്ങളിൽ ഉപദേശം തേടിയാണ് ഇന്ത്യക്കാർ മെയിൽ അയയ്ക്കാറുള്ളത്. ഇന്ത്യക്കാരുടെ ഈ മെയിലുകൾക്ക് മറുപടി അയയ്ക്കാറില്ലെന്ന് മാത്രമല്ല, തുറന്നു പോലും നോക്കാറില്ലെന്നും എറിക പറഞ്ഞു. അവ സ്പാം ആയാണ് താൻ പരിഗണിക്കാറുള്ളതെന്നും എറിക സ്റ്റാൻഫോർഡ് വിശദീകരിച്ചു.
ഇന്ത്യക്കാരെക്കുറിച്ച് എറിക സ്റ്റാൻഫോർഡ് നെഗറ്റീവ് വാർപ്പുമാതൃകകൾ (negative stereotypes) മുന്നോട്ടുവയ്ക്കുകയാണെന്ന് പ്രിയങ്ക രാധാകൃഷ്ണൻ എംപി പ്രതികരിച്ചു.അശ്രദ്ധമായ, മുൻവിധിയോടെയുള്ള പ്രതികരണമാണ് മന്ത്രി നടത്തിയത്. ഒരു പ്രദേശത്തു നിന്നുള്ള ആളുകളെ ഒറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും എംപി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam