'അമേരിക്കയെ വിഭജിക്കുന്ന പ്രസിഡൻ്റല്ല, ഒന്നിപ്പിക്കുന്ന പ്രസിഡൻ്റാവും ഞാൻ'; രാജ്യത്തോട് ബൈഡൻ

By Web TeamFirst Published Nov 8, 2020, 7:53 AM IST
Highlights

രാജ്യത്തെ മുഴുവൻ ജനങ്ങളുടേയും വിശ്വാസം നേടിയെടുക്കാൻ ഞാൻ ഹൃദയം സമ‍‍ർപ്പിച്ച് പ്രവ‍ർത്തിക്കും. 

വില്ലിമിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് ജോ ബൈഡനും കമല ഹാരിസും. അമേരിക്കയെ ഭിന്നിപ്പിക്കുകയല്ല ഒന്നിപ്പിക്കുന്ന പ്രസിഡൻ്റാവും താനെന്ന് ബൈഡൻ നിയുക്ത പ്രസിഡൻ്റ എന്ന നിലയിലെ ആദ്യപ്രസംഗത്തിൽ വ്യക്തമാക്കി.

അമേരിക്കയിലെ പിടിച്ചുലച്ച കൊവിഡ് വ്യാപനം തടയാൻ ശാസ്ത്രീയ സമീപനവും ഇടപെടലുകളും ഉണ്ടാവുമെന്നും ബൈഡൻ ജനങ്ങൾക്ക് ഉറപ്പു നൽകി. ലോകത്തിന് മുന്നിൽ നഷ്ടപ്പെട്ടുപോയ അമേരിക്കയുടെ പ്രതിച്ഛായ വീണ്ടെടുക്കാൻ ഒന്നിച്ചു നിന്ന് പ്രവർത്തിക്കാനും ബൈഡൻ ആഹ്വാനം ചെയ്തു.  

നിയുക്ത അമേരിക്കൻ പ്രസിഡൻ്റിൻ്റെ ആദ്യ പ്രസം​ഗത്തിൽ നിന്നും...

  • അമേരിക്കയെ വിഭജിക്കുന്ന പ്രസിഡൻ്റ അല്ല, ഒന്നിപ്പിക്കുന്ന പ്രസിഡൻ്റായിരിക്കും ഞാൻ
  • വെളുത്ത വ‍ർ​ഗക്കാരുടെയല്ല ഐക്യ അമേരിക്കയുടെ പ്രസിഡൻ്റാണ് ഞാൻ. കറുത്ത വ‍ർ​ഗക്കാ‍ർ ഈ രാജ്യത്തെ അനിവാര്യഘടകമാണ് അതിൽ സംശയം വേണ്ട
  • അമേരിക്ക സാധ്യതകളുടേയും പ്രതീക്ഷകളുടേയും നാടാണ്. എന്നാൽ രാജ്യത്തെ എല്ലാ പൗരൻമാ‍ർക്കും അതെല്ലാം ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്. ആ അവസ്ഥയക്ക് മാറ്റം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്
  • കൊവിഡ് മഹാമാരിയിലൂടെ ലക്ഷങ്ങളാണ് ഇവിടെ മരണപ്പെട്ടത്. ശാസ്ത്രീയമായ സമീപനത്തിലൂടെ കൊവിഡിനെ പ്രതിരോധിക്കാൻ നമ്മുക്കാവണം. 
  • എൻ്റെ വിജയം എല്ലാ അമേരിക്കക്കാരുടേയും വിജയമാണ്.രാജ്യത്തെ ‍ജനങ്ങൾ കൃത്യമായ ഒരു സന്ദേശം നൽകി കഴിഞ്ഞു. കൃത്യമായ ഒരു വിജയം അവ‍ർ നമ്മുക്ക് തന്നിരുന്നു. ഇതു ഈ രാജ്യത്തെ ജനങ്ങളുടെ വിജയമാണ്. 
  • അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് ഈ തെരഞ്ഞെടുപ്പ് നാം ജയിച്ചത്. 7.40 കോടി പേരാണ് നമ്മുക്ക് വോട്ട് ചെയ്തത്. 
  • രാജ്യത്തെ വിഭജിക്കാനല്ല ഒന്നിപ്പിക്കാൻ ശ്രമിക്കുന്ന പ്രസിഡൻ്റായിരിക്കും ഞാൻ. എനിക്ക് മുന്നിൽ റെഡ് സ്റ്റേറ്റുകളോ ബ്ലൂ സ്റ്റേറ്റുകളോ ഇല്ല യുണൈറ്റഡ് സ്റ്റേറ്റ്സ് മാത്രമേയുള്ളൂ. രാജ്യത്തെ മുഴുവൻ ജനങ്ങളുടേയും വിശ്വാസം നേടിയെടുക്കാൻ ഞാൻ ഹൃദയം സമ‍‍ർപ്പിച്ച് പ്രവ‍ർത്തിക്കും. 
  • ഞാൻ ഡെമോക്രാറ്റിക് പാ‍ർട്ടിക്കാരനാണ് എന്നാൽ ഇനി പ്രവ‍ർത്തിക്കുക ആകെ അമേരിക്കയുടെ നേതാവായിട്ടാവും. 
  • ലോകത്തിന് അമേരിക്കയോടുള്ള സ്നേഹവും ബഹുമാനവും തിരികെ നേടാൻ നമ്മൾ പ്രവ‍ർത്തിക്കും 
  • ഒരു കുടിയേറ്റക്കാരിയുടെ മകളാണ് അമേരിക്കയുടെ പുതിയ വൈസ് പ്രസിഡൻ്റ കമല ഹാരിസ്. ഈ രാജ്യം ലോകത്തെ എങ്ങനെ സ്വീകരിക്കും എന്നതിന് ഉദാഹരമാണ് ഈ വിജയം. 
click me!