ഭൂകമ്പത്തെ വിലക്കി, അത് അവസാനിച്ചു, ജീവന്‍ രക്ഷിച്ചതിന് തന്നോട് നന്ദി പറയണമെന്ന് സുവിശേഷകന്‍

By Web TeamFirst Published Nov 1, 2019, 1:20 PM IST
Highlights

'' ഇന്നലെ ഭൂചലനം നടക്കുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു. ഞാന്‍ ഭൂചലനത്തോട് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അത് അവസാനിച്ചു. ''

മിന്‍റനാവോ: ഫിലിപ്പീന്‍സിലെ മിന്‍റനാവോ ദ്വീപിലെ തുടര്‍ച്ചയായ ഭൂചലനം അവസാനിച്ചത് താന്‍ ആവശ്യപ്പെട്ടതുകൊണ്ടാണെന്ന അവകാശവാദവുമായി സുവിശേഷകന്‍ അപ്പോളോ ക്വിബോളി. കിംഗ്‍ഡം ഓഫ് ജീസസ് സ്ഥാപകനാണ് ക്വിബോളി. ഭൂചലനം അവസാനിച്ചതില്‍ തന്നോട് നന്ദി പറയണമെന്നാണ് ക്വിബോളി പറഞ്ഞത്. 

ഒക്ടോബര്‍ 30 ന് സംപ്രേഷണം ചെയ്ത 'ഗിവ് അസ് ദിസ് ഡേ' (ഈ ദിവസം ഞങ്ങള്‍ക്ക് തരൂ) എന്ന പരിപാടിയിലാണ് അദ്ദേഹം അവകാശവാദവുമായെത്തിയത്. ദിവസവും രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി നല്‍കി വരുന്ന മതാധിഷ്ടിത പരിപാടിയാണ് ഇത്. '' ഇന്നലെ ഭൂചലനം നടക്കുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു. ഞാന്‍ ഭൂചലനത്തോട് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അത് അവസാനിച്ചു. '' - ക്വിബോളി പറഞ്ഞു. 

''മറ്റൊന്ന് രാത്രി 11 മണിയോടെ എത്തി. അപ്പോഴും ഞാന്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അത് അവസാനിച്ചു. അതുകൊണ്ട് നിങ്ങള്‍ എന്നോട് നന്ദി പറയുകയാണ് വേണ്ടത്.'' - ക്വിബോളി കൂട്ടിച്ചേര്‍ത്തു. സുവിശേഷകനായ ക്വിബോളി തമാശ പറഞ്ഞതാണോ അതോ വളരെ കാര്യമായി പറഞ്ഞതാണോ എന്ന് വ്യക്തമല്ല. 

ഇത് ക്വിബോളി പരിപാടിക്കുടനീളം അവര്‍ത്തിക്കുന്നുണ്ടായിരുന്നു. '' നിങ്ങള്‍ നിര്‍ബന്ധമായും എന്നോട് നന്ദി പറയണം. ഞാന്‍ അത് തടഞ്ഞിരുന്നില്ലെങ്കില്‍ നിങ്ങളില്‍ ഒരുപാട് പേര്‍ക്ക് ജീവനും സ്വത്തും നഷ്ടമായേനേ'' - ക്വിബോളി പറഞ്ഞു. 


 

click me!