
ഫ്ളോറിഡ: ഫ്ലോറിഡയിൽ കനത്ത നാശം വിതച്ച ഇഡാലിയ ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു. കാറ്റഗറി 3 വിഭാഗത്തിൽപ്പെട്ട കാറ്റിനെത്തുടർന്നുണ്ടായ മഴയും വെള്ളപ്പോക്കവവും ജനജീവിതം ദുസ്സഹമാക്കി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. കാറ്റ് വീശിയടിച്ചത് ജനസാന്ദ്രത കുറഞ്ഞ മേഖലകളിലായതിനാൽ വലിയ ആൾനാശം ഉണ്ടായിട്ടില്ല. ഫ്ലോറിഡയിൽ ഇതുവരെ രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇവ രണ്ടും വാഹനാപകടങ്ങളെ തുർന്നാണെന്ന് പൊലീസ് അറിയിച്ചു. മണിക്കൂറിൽ 70 മൈൽ വേഗതയിൽ വീശുന്ന കാറ്റ് ജോർജിയ, സൗത്ത് കരലീന സംസ്ഥാനങ്ങളിലേക്ക് നീങ്ങുകയാണ്. രണ്ടിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ലോറിഡയിലും ജോർജിയയിലുമായി നാല് ലക്ഷത്തോളം ആളുകൾ വൈദ്യുതി ഇല്ലാതെ ഇരുട്ടിൽ കഴിയുകയാണ്.
വെള്ളപ്പൊക്കത്തിനും നാശനഷ്ടത്തിനും സാധ്യതയുള്ളതിനാല്‍ ഫ്ലോറിഡ ഭരണകൂടം ജാഗ്രതാനിര്‍ദേശം നൽകിയിട്ടുണ്ട്. 30000 ദുരന്ത നിവാരണ സംഘാംഗങ്ങളെയാണ് ഫ്ലോറിഡയിൽ വിന്യസിച്ചിരിക്കുന്നത്.ഇഡാലിയ ചുഴലിക്കാറ്റ് ഇപ്പോൾ കാറ്റഗറി 2 വിഭാഗത്തിലാണുള്ളത്. കരയിലേക്ക് ആഞ്ഞടിക്കുന്നതിന് മുമ്പ് ചുഴലിക്കാറ്റിന്‍റെ ശക്തി കൂടുമെന്ന് മിയാമി ആസ്ഥാനമായുള്ള നാഷണല്‍ ഹരികെയിന്‍ സെന്‍റര്‍ മുന്നറിയിപ്പ് നല്‍കി. കൊടുങ്കാറ്റ് അത്യന്തം അപകടകരമായ കാറ്റഗറി 4 തീവ്രതയിൽ എത്തുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 209 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ഹരികെയിന്‍ സെന്‍റര്‍ മുന്നറിയിപ്പ് നല്‍കി.
ഇഡാലിയ ഫ്ലോറിഡയിൽ നിലം തൊട്ടാൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമാകും. ടാമ്പ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ഫ്ലോറിഡയിലെ 67 കൗണ്ടികളിൽ 28 ഇടങ്ങളിലുള്ളവരെയാണ് ഒഴിപ്പിച്ചത്. പ്രധാനമായും താഴ്ന്ന പ്രദേശങ്ങളിലുള്ളവരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഫ്ലോറിഡയിൽ ഗവർണർ റോൺ ഡിസാന്‍റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇഡാലിയ ഓഗസ്റ്റ് 28നാണ് ശക്തി പ്രാപിച്ച് തുടങ്ങിയത്. ക്യൂബയില്‍ നിന്ന് നീങ്ങി ഫ്ലോറിഡയില്‍ നിലം തൊടാനിരിക്കവേ, വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ള കുയാഗ്വാട്ടെജെ നദീ തീരത്ത് പ്രത്യേക ശ്രദ്ധയാണ് പുലർത്തുന്നത്. ഫ്ലോറിഡ്ക്കു പുറമെ ജോര്‍ജിയ, സൌത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിലുള്ളവര്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam