ഇമ്രാന്‍ ഖാന്‍റെ പ്രസംഗം ലൈവ് കാണിക്കുന്നത് പാകിസ്ഥാനില്‍ നിരോധിച്ചു

Published : Aug 21, 2022, 12:35 PM IST
ഇമ്രാന്‍ ഖാന്‍റെ പ്രസംഗം ലൈവ് കാണിക്കുന്നത് പാകിസ്ഥാനില്‍ നിരോധിച്ചു

Synopsis

ഇസ്ലാമാബാദിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ സർക്കാർ സ്ഥാപനങ്ങളെയും സർക്കാർ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിലാണ് നടപടി.

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പ്രസംഗം തല്‍സമയം കാണിക്കുന്നതിന് പാക് ചാനലുകള്‍ക്ക് നിരോധനം. ഇമ്രാൻ ഖാന്‍റെ പ്രസംഗം  ടെലിവിഷൻ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്നത് പാകിസ്ഥാൻ മീഡിയ റെഗുലേറ്റിംഗ് അതോററ്റിയാണ് വിലക്കിയത്. ഇസ്ലാമാബാദിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ സർക്കാർ സ്ഥാപനങ്ങളെയും സർക്കാർ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിലാണ് നടപടി.

കഴിഞ്ഞയാഴ്ച അറസ്റ്റിലായ ഇമ്രാന്‍റെ സഹായി ഷഹബാസ് ഗില്ലിനോട് മോശമായി പെരുമാറിയതിന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ഒരു വനിതാ മജിസ്‌ട്രേറ്റ്, പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ, രാഷ്ട്രീയ എതിരാളികൾ എന്നിവർക്കെതിരെ കേസ് കൊടുക്കുമെന്നാണ് ഇമ്രാന്‍ പ്രസ്താവിച്ചത്. രാജ്യദ്രോഹം ആരോപിച്ചാണ് ഷഹബാസ് ഗില്ലിനെ അറസ്റ്റ് ചെയ്തത്.

ആവർത്തിച്ച് നിര്‍ദേശം നല്‍കിയിട്ടും സർക്കാർ സ്ഥാപനങ്ങൾക്കെതിരായ ഭീഷണികള്‍ സംപ്രേക്ഷണം ചെയ്യുന്നത് തടയാൻ ടെലിവിഷൻ ചാനലുകൾ പരാജയപ്പെട്ടതായി പാകിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പിഇഎംആർഎ) ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.

തെഹ്‌രീകെ ഇൻസാഫ് ചെയർമാനായ ഇമ്രാൻ ഖാൻ തന്‍റെ പ്രസംഗങ്ങളിലൂടെ  സർക്കാർ സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കും എതിരെ പ്രകോപനപരമായ പ്രസ്താവനകളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും. ഇത് ക്രമസമാധാന പരിപാലനത്തിനും. പൊതു സമാധാനത്തിനും പ്രശ്നം സൃഷ്ടിക്കുന്നുവെന്നും ഉത്തരവില്‍ പിഇഎംആർഎ പറയുന്നു.

ഇമ്രാന്‍റെ പ്രസംഗങ്ങൾ ഭരണഘടനയുടെ 19-മത് അനുച്ഛേദത്തിന്റെ ലംഘനമാണെന്നും മാധ്യമങ്ങൾക്കുള്ള പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്നും റെഗുലേറ്റർ ഉത്തരവില്‍ പറയുന്നു.
ഇത് കണക്കിലെടുത്ത് ഇത്തരം പ്രസംഗങ്ങളുടെ പ്രക്ഷേപണം നിരോധിക്കുന്നു എന്നാണ് ഉത്തരവ് പറയുന്നത്.അതേ സമയം പരിശോധനയ്ക്ക് ശേഷം റെക്കോഡ് ചെയ്ത ഭാഗം പ്രക്ഷേപണം ചെയ്യാം എന്നും ഉത്തരവ് പറയുന്നു. 

തെഹ്‌രീകെ ഇൻസാഫ് പാർട്ടി ഗില്ലിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫിന്‍റെ ഭരണകൂടം ഫാസിസ്റ്റ് ഭരണമാണ് നടത്തുന്നത് എന്നും ആരോപിച്ചാണ് ശനിയാഴ്ചത്തെ റാലി സംഘടിപ്പിച്ചത്. റാലിക്കിടെ, ഖാൻ പാകിസ്ഥാൻ സൈന്യത്തെയും വിമര്‍ശിച്ചു. സര്‍ക്കാറിനെ കള്ളന്മാരുടെ സംഘം എന്ന് വിളിച്ച ഇമ്രാന്‍ ഖാന്‍.രാജ്യത്തെ ജുഡീഷ്യറി പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ആരോപിച്ചു. 

അതേ സമയം ഇമ്രാന്‍റെ പരാമര്‍ശങ്ങളോട് പാകിസ്ഥാൻ സൈന്യം പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഭരണകക്ഷിയായ പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ്, പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി, ജമിയത്ത് ഉലമ-ഇ-ഇസ്ലാം ഫസൽ, മുതാഹിദ ക്വാമി മൂവ്മെന്റ് പാകിസ്ഥാൻ തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ ഇമ്രാനും അനുയായികള്‍ക്കെതിരെയും വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയതിനും പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും  നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്. 

അതേസമയം, ഞായറാഴ്ച റാവൽപിണ്ടിയിലെ ലിയാഖത്ത് ബാഗ് ഗ്രൗണ്ടിൽ റാലി നടത്തുമെന്ന് അറിയിച്ച് ഇമ്രാന്‍ ഖാന്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഏപ്രിലിൽ ഇമ്രാന്‍ ഖാന്‍ പാക് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായത് മുതല്‍ തന്‍റെ രാജി വിദേശ ഗൂഢാലോചനയുടെ ഫലമാണെന്ന് ആവർത്തിച്ച് അവകാശപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാരുമായി തന്റെ പാർട്ടി സഹകരിക്കില്ലെന്ന് നേരത്തെ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. 

പാകിസ്ഥാനില്‍ പോളിയോ വാക്സിനേഷന് സംരക്ഷണം നല്‍കിയ രണ്ട് പൊലീസുകാര്‍ വെടിയേറ്റ് മരിച്ചു

വാക്കുപാലിച്ച് ചേര്‍ത്തുനിര്‍ത്തി ശൈഖ് ഹംദാന്‍; 'വൈറല്‍ ഡെലിവറി ബോയി'യെ കണ്ടു

PREV
Read more Articles on
click me!

Recommended Stories

‘ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസ്’; ജഡ്ജിയുടെ ചേംബറിൽ നിന്ന് മോഷണം പോയത് 2 ആപ്പിളും ഒരു ഹാൻഡ്‌വാഷ് ബോട്ടിലും, സംഭവം ലാഹോറിൽ
നടുക്കടലിൽ ആഡംബര ക്രൂയിസ് കപ്പലിൽ വൈറസ് ബാധ; ലോകയാത്രക്കിറങ്ങിയ സഞ്ചാരികൾക്കും ജീവനക്കാർക്കും രോഗം