
ഇസ്ലാമാബാദ്: പാകിസ്ഥാൻ ഉപതെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പാര്‍ട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിന് (പിടിഐ) വന്‍ വിജയം. പിടിഐ 6 ദേശീയ അസംബ്ലി സീറ്റുകളിലും 2 പഞ്ചാബ് നിയമസഭാ സീറ്റുകളും നേടിയപ്പോള്‍ ഭരണകക്ഷിയായ പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസിന് ഒരു പ്രവിശ്യാ അസംബ്ലി സീറ്റ് മാത്രമാണ് നേടിയത്. എട്ട് ദേശീയ അസംബ്ലി സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഏഴ് ദേശീയ അസംബ്ലി സീറ്റുകളിലേക്കാണ് പി ടി ഐ മത്സരിച്ചത്. പെഷവാർ, പ്രവിശ്യാ അസംബ്ലി സീറ്റുകളായ മർദാൻ, കഹ്‌നെവാൾ എന്നിവയുൾപ്പെടെ ആറെണ്ണത്തിലും വിജയിക്കാന്‍ പിടിഐക്കായി. എന്നാല്‍, മുള്‍ട്ടാനിലെ സുപ്രധാനമായ സീറ്റില്‍ പിടിഐയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല. മുൾട്ടാനില്‍ പാകിസ്ഥാന്‍റെ മുൻ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ മകന്‍ സയ്ദ് അലി മൂസ ഗിലാനിയാണ് വിജയിച്ചത്. അലി മൂസ ഗിലാനി മുൻ വിദേശകാര്യ മന്ത്രി ഷാ മോഷ്മോദ് ഖുറേഷിയുടെ മകൾ മെഹർ ബാനോ ഖുറേഷിയെയാണ് പരാജയപ്പെടുത്തിയത്. പാക്കിസ്ഥാന്‍റെ ഭരണകക്ഷിയായ പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസിന് വിജയിക്കാന്‍ കഴിഞ്ഞ ഏക ദേശീയ അസംബ്ലി സീറ്റാണിത്.
ഇമ്രാൻ ഖാന്‍റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ദേശീയ അസംബ്ലിയിലെ എട്ടില്‍ ഏഴ് മണ്ഡലങ്ങളിലും പഞ്ചാബിലെ മൂന്ന് മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മർദാൻ, ചർസദ്ദ, ഫൈസലാബാദ്, നങ്കാന സാഹിബ്, പെഷവാർ എന്നിവിടങ്ങളിലെ ദേശീയ അസംബ്ലി സീറ്റുകളിൽ ആറെണ്ണത്തിലും പിടിഐ വിജയിച്ചു. ഉപതെരഞ്ഞെടുപ്പിൽ ആറ് നാഷണൽ അസംബ്ലി സീറ്റുകളും , രണ്ട് പഞ്ചാബ് അസംബ്ലി സീറ്റുകളും നേടി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന് ഇമ്രാൻ ഖാന്‍റെ പിടിഐ വലിയ തിരിച്ചടിയാണ് നല്‍കിയത്. എന്നാല്‍ 2018 ല്‍ വിജയിച്ച മുളട്ടാൻ, മാലിർ-II മണ്ഡലങ്ങളിൽ ഇത്തവണ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പിടിഐയ്ക്ക് തിരിച്ചടി ലഭിച്ചു. ഉപതെരഞ്ഞെടുപ്പ് നടന്ന ഏട്ട് സീറ്റില്‍ ആറിലും വിജയിച്ചതോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന് പിടിഐ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രിലിൽ നടന്ന അവിശ്വാസ വോട്ടെടുപ്പിലൂടെയാണ് ഖാന്‍റെ നേതൃത്വത്തിലുള്ള സർക്കാറിന് അധികാരം നഷ്ടമായത്.