'ഇനിയും അത് സംഭവിക്കാൻ അനുവദിക്കില്ല': ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്റ്

By Web TeamFirst Published Aug 14, 2019, 6:51 PM IST
Highlights

എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് വികസ്വര രാഷ്ട്ര പദവി നൽകുന്നതെന്ന് വേൾഡ് ട്രേഡ് ഓർഗനൈസേഷനോട് അദ്ദേഹം ചോദിച്ചു

വാഷിംഗ്‌ടൺ: ഇന്ത്യക്കും ചൈനക്കുമെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയും ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര തർക്കങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിലാണ് ട്രംപ് വീണ്ടും വിമർശനം ഉന്നയിച്ചിരിക്കുന്നത്. അമേരിക്കയ്ക്ക് ദോഷകരമായ രീതിയിൽ വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ നിന്നും വികസ്വര രാഷ്ട്ര പദവി നേടി ഇന്ത്യയും ചൈനയും നേട്ടമുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ചൈനയും ഇനിയും അമേരിക്കയിൽ നിന്ന് നേട്ടമുണ്ടാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം, അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ ഇന്ത്യ അത്യധികം ഉയർന്ന നികുതിയാണ് ചുമത്തുന്നതെന്നും കുറ്റപ്പെടുത്തി. ഇന്ത്യയെ താരിഫ് കിംഗ് എന്നാണ് അമേരിക്കൻ പ്രസിഡന്റ് വിമർശിച്ചത്.

എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് വികസ്വര രാഷ്ട്ര പദവി നൽകുന്നതെന്ന് വേൾഡ് ട്രേഡ് ഓർഗനൈസേഷനോട് അദ്ദേഹം ചോദിച്ചു. ആഗോള വ്യാപര ചട്ടത്തിൽ ഏറെ ഇളവ് ലഭിക്കുന്ന ഇന്ത്യക്കും ചൈനക്കും തുർക്കിക്കും എതിരായുള്ള വിമർശനമായിരുന്നു ഇത്.

യുഎസ് ട്രേഡ് റെപ്രസന്ററ്റീവ്‌സിനോട് ഏതെങ്കിലും വികസിത സാമ്പത്തിക ശക്തി അമേരിക്കയുടെ സമ്പത്തിൽ നിന്നും അനർഹമായ നിലയിൽ ലാഭം നേടുന്നുണ്ടോയെന്ന് പരിശോധിക്കാനും ട്രെംപ് നിർദ്ദേശം നൽകി.

പെൻസിൽവാനിയയിൽ ചൊവ്വാഴ്ച സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇന്ത്യക്കെതിരെ ഇത്രയും രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്. വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ ഭാഗത്ത് നിന്ന് മാന്യമായ പരിഗണന അമേരിക്കയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

click me!