
ബെയ്ജിംഗ്: ഇന്ത്യയും ചൈനയും എതിരാളികളല്ലെന്ന് ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായുള്ള ചർച്ചയ്ക്കു ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സംയുക്ത പ്രസ്താവന ഇറക്കിയത്. ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും വികസന പങ്കാളികളായി ഒന്നിച്ചു പ്രവർത്തിക്കാൻ ധാരണയിലെത്തിയെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ‘ന്യായമായ വ്യാപാരം’ ഉറപ്പാക്കുന്നതിനും സഹകരണം ശക്തിപ്പെടുത്തുന്നതിനും യോജിച്ചു നിൽക്കുമെന്നും ഇന്ത്യയും ചൈനയും തീരുമാനിച്ചു. ഇന്ത്യ - ചൈന ബന്ധത്തിൽ പരസ്പര വിശ്വാസവും സഹകരണവും വർധിപ്പിക്കുന്നതിന് മോദിയുടെ സന്ദർശനവും ഷി ജിൻപിങുമായുള്ള ചർച്ചയും വളരെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യ - ചൈന ബന്ധം നന്നായി മുന്നോട്ടു കൊണ്ടു പോകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചക്ക് ശേഷം പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുരോഗതി ഉണ്ടായി. മാനവരാശിയുടെ ആകെ പുരോഗതിക്ക് ഇന്ത്യ - ചൈന ബന്ധം അനിവാര്യമാണ്. കസാനിലെ ധാരണ നന്നായി മുന്നോട്ടു കൊണ്ടു പോകാനായെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി തർക്കം പരിഹരിക്കാനുള്ള സംഭാഷണം നടന്നു. ഇന്ത്യ - ചൈന അതിർത്തിയിൽ ശാന്തമായ അന്തരീക്ഷമാണെന്നും മോദി വ്യക്തമാക്കി. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസ് തുടങ്ങും. ബന്ധം നന്നാക്കേണ്ടത് 280 കോടി ജനങ്ങളുടെ ക്ഷേമത്തിന് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യുന്നു എന്നാണ് ഷി ജിൻപിങ് പറഞ്ഞത്. പ്രധാനമന്ത്രിയെ വീണ്ടും കാണുന്നതിൽ സന്തോഷമുണ്ട്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ സാംസ്കാരിക ബന്ധമുണ്ട്. 'വ്യാളി- ആന' സൗഹൃദം പ്രധാനമെന്നും നല്ല അയൽക്കാരായി തുടരേണ്ടത് അനിവാര്യമെന്നും ചൈനീസ് പ്രസിഡന്‍റ് വ്യക്തമാക്കിയിരുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവർ മോദിക്കൊപ്പം ചർച്ചയിൽ പങ്കെടുത്തു. ചൈനീസ് വിദേശകാര്യമന്ത്രിയും വാണിജ്യമന്ത്രിയും ചർച്ചയിൽ പങ്കാളികളായി. ഏഴു കൊല്ലത്തിന് ശേഷമാണ് ചൈനയിൽ ഇരു നേതാക്കൾക്കുമിടയില്‍ ചർച്ച നടന്നത്.
അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമിടയിലെ ഭിന്നത രൂക്ഷമാകുന്നതിനിടെ ചൈനീസ് പ്രസിഡന്‍റുമായുള്ള നരേന്ദ്ര മോദിയുടെ ചർച്ചക്ക് ലോകം അതീവ പ്രാധാന്യമാണ് നൽകിയിരുന്നത്. ജപ്പാൻ സന്ദർശനം പൂർത്തിയാക്കിയാണ് മോദി ചൈനയിലെ ടിൻജിയാനിൽ എത്തിയത്. ഏഴു കൊല്ലത്തിനു ശേഷം ചൈനീസ് മണ്ണിലിറങ്ങിയ നരേന്ദ്ര മോദിക്ക് ഹൃദ്യമായ വരവേല്പാണ് ലഭിച്ചത്. ഇനി റഷ്യ കൂടി പങ്കെടുക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിൽ കൂടി മോദി പങ്കെടുക്കും. അമേരിക്കൻ തർക്കത്തിനിടെ ഇന്ത്യയും ചൈനയും റഷ്യയും തമ്മിലുള്ള ചർച്ചകളിലെ തീരുമാനം എന്താകുമെന്നറിയാനായി ലോകം ഉറ്റുനോക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam