
ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരുന്നതോടെ ഇന്ത്യയും യൂറോപ്പും തമ്മിലുള്ള വ്യാപാര നികുതികളില്‍ വലിയ ഇളവുകളാണ് ഉണ്ടാകാന്‍ പോകുന്നത്. കരാര്‍ പ്രകാരം യൂറോപ്യന്‍ യൂണിയന്‍ അവരുടെ 90 ശതമാനത്തിലധികം ഉല്‍പ്പന്നങ്ങളുടെയും നികുതി ഒഴിവാക്കുമ്പോള്‍, ഇന്ത്യ 86 ശതമാനം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കും. മൊത്തത്തില്‍, ഇന്ത്യയുടെ 96.6 ശതമാനം ഉല്‍പ്പന്നങ്ങളെയും യൂറോപ്യന്‍ യൂണിയന്റെ 99.3 ശതമാനം ഉല്‍പ്പന്നങ്ങളെയും ബാധിക്കുന്ന തരത്തിലാണ് ഈ നികുതി ഇളവുകള്‍ നടപ്പാക്കുന്നത്.
ഈ പുതിയ കരാറിലൂടെ സാധാരണക്കാര്‍ക്ക് വില കുറഞ്ഞ് കിട്ടാന്‍ പോകുന്ന പ്രധാന ഉല്‍പ്പന്നങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം:
1. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍
യൂറോപ്പില്‍ നിന്നുള്ള പ്രമുഖ ബ്യൂട്ടി, പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം. നിലവില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ 22 ശതമാനം വരെ നികുതിയാണ് ഈടാക്കുന്നത്. കരാര്‍ നിലവില്‍ വരുന്നതോടെ അടുത്ത 5 മുതല്‍ 7 വര്‍ഷത്തിനുള്ളില്‍ ഈ നികുതി ഘട്ടംഘട്ടമായി പൂര്‍ണ്ണമായും ഒഴിവാക്കും.
2. ഒലീവ് ഓയില്‍
ഈ കരാറിന്റെ ഏറ്റവും വലിയ നേട്ടം ലഭിക്കുന്നത് ഒലീവ് ഓയിലിനാണ്. നിലവില്‍ 45 ശതമാനം വരെയുള്ള ഉയര്‍ന്ന ഇറക്കുമതി തീരുവ കരാര്‍ വരുന്നതോടെ ഉടനടി ഒഴിവാക്കുകയോ അല്ലെങ്കില്‍ 5 വര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി ഇല്ലാതാക്കുകയോ ചെയ്യും. ഇതോടെ യൂറോപ്യന്‍ ഒലീവ് ഓയില്‍ വളരെ കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും.
3. ചോക്ലേറ്റുകളും പ്രോസസ്ഡ് ഫുഡും
ചോക്ലേറ്റുകള്‍, മിഠായികള്‍, ബ്രെഡ്, പേസ്ട്രി ഉല്‍പ്പന്നങ്ങള്‍, പാസ്ത, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണം എന്നിവയുള്‍പ്പെടെയുള്ള പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളുടെ നികുതി ഒഴിവാക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്. നിലവില്‍ ഇവയ്ക്ക് ഏകദേശം 33 ശതമാനം നികുതിയുണ്ട്, ഇത് ഉടനടിയോ അല്ലെങ്കില്‍ കൃത്യമായ കാലയളവിനുള്ളിലോ ഒഴിവാക്കും. കൂടാതെ ആട്ടിറച്ചിക്ക് നിലവിലുള്ള 33 ശതമാനം നികുതിയും ഘട്ടംഘട്ടമായി ഇല്ലാതാക്കും.
4. വൈന്‍, മദ്യം, ബിയര്‍
യൂറോപ്പില്‍ നിന്നുള്ള പ്രീമിയം മദ്യങ്ങള്‍ക്കും വിവിധ ഫ്രൂട്ട് ജ്യൂസുകള്‍ക്കും ഇന്ത്യയില്‍ വില കുറയും. നിലവില്‍ ചില ഇനങ്ങള്‍ക്ക് 150 ശതമാനം വരെയുള്ള ഉയര്‍ന്ന നികുതിയാണ് ഈടാക്കുന്നത്. ഇത് ഭൂരിഭാഗം വൈനുകള്‍ക്കും 30 ശതമാനമായും, മറ്റ് മദ്യങ്ങള്‍ക്ക 40 ശതമാനമായും, ബിയറിന് 50 ശതമാനമായും ഘട്ടംഘട്ടമായി കുറയ്ക്കും.
5. കിവി, പിയർ... പഴങ്ങള്‍
യൂറോപ്പില്‍ നിന്നുള്ള കിവി, പിയർ തുടങ്ങിയ പഴങ്ങളുടെ ഇറക്കുമതിക്കായി വലിയ തോതിലുള്ള 'താരിഫ്-റേറ്റ് കോട്ടകള്‍' അനുവദിച്ചിട്ടുണ്ട്. ഇത് വഴി ഇത്തരം ഇറക്കുമതി പഴങ്ങള്‍ കൂടുതല്‍ അളവില്‍ ലഭ്യമാകാനും വില കുറയാനും സാധ്യതയുണ്ട്.
6. വസ്ത്രങ്ങള്‍
കരാര്‍ നിലവില്‍ വരുന്നതോടെ യൂറോപ്യന്‍ വസ്ത്രങ്ങള്‍ക്കും തുണിത്തരങ്ങള്‍ക്കും മേലുള്ള ഭൂരിഭാഗം നികുതികളും നീക്കം ചെയ്യപ്പെടും. ഇത് യൂറോപ്യന്‍ വസ്ത്ര ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ സഹായിക്കും.
7. വാഹന ഭാഗങ്ങള്‍
യൂറോപ്പില്‍ നിന്നുള്ള കാര്‍ ഭാഗങ്ങളുടെയും മറ്റ് വാഹന ഘടകങ്ങളുടെയും നികുതി 5 മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഘട്ടംഘട്ടമായി ഒഴിവാക്കും. ഉപഭോക്താക്കള്‍ ഇവ നേരിട്ട് വാങ്ങാറില്ലെങ്കിലും, വാഹന നിര്‍മ്മാതാക്കള്‍ക്കും സര്‍വീസ് സെന്ററുകള്‍ക്കും ചെലവ് കുറയുന്നത് ഭാവിയില്‍ വാഹന ഉടമകള്‍ക്ക് ഗുണം ചെയ്യും.
8. ലൈഫ് സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍
സെറാമിക്‌സ്, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, ബോട്ടുകള്‍, വിനോദങ്ങള്‍ക്കായി ഉപയോഗിക്കുന്ന സമുദ്രോപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നിരവധി ഉല്‍പ്പന്നങ്ങളുടെ നികുതിയും ഉടനടിയോ അല്ലെങ്കില്‍ നിശ്ചിത കാലയളവിനുള്ളിലോ ഒഴിവാക്കപ്പെടും.
9. യന്ത്രോപകരണങ്ങള്‍
യൂറോപ്യന്‍ യന്ത്രങ്ങള്‍, ടൂളുകള്‍, വ്യവസായ ഉപകരണങ്ങള്‍ എന്നിവയുടെ നികുതികള്‍ പടിപടിയായി കുറയ്ക്കും. കരാര്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ തന്നെ പകുതിയോളം നികുതികള്‍ ഇല്ലാതാകും. ബാക്കിയുള്ളവ 10 വര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി ഒഴിവാക്കും. ഇത് ബിസിനസ് ആവശ്യങ്ങള്‍ക്കുള്ളതാണെങ്കിലും, ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാന്‍ വിവിധ വ്യവസായങ്ങളെ സഹായിക്കും.
10. കെമിക്കലുകള്‍
യൂറോപ്യന്‍ കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നിലവിലുള്ള 22 ശതമാനം വരെയുള്ള ഇറക്കുമതി തീരുവ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ വലിയതോതില്‍ ഒഴിവാക്കപ്പെടും. ഇറക്കുമതി ചെയ്യുന്ന കെമിക്കലുകളെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന ആഭ്യന്തര വ്യവസായങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam