
മോസ്കോ: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വപ്ന പദ്ധതിക്ക് തിരിച്ചടി. ട്രംപിന്‍റെ നീക്കത്തെ ശക്തമായി എതിർക്കുന്ന ലോക രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യ കൂടി എത്തി. റഷ്യ, ചൈന, പാകിസ്ഥാൻ, ഇറാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്കൊപ്പം മോസ്കോയിൽ നടന്ന മോസ്കോ ഫോർമാറ്റ് കൺസൾട്ടേഷൻ യോഗത്തിൽ ഇന്ത്യ, അമേരിക്കൻ വിരുദ്ധ നിലപാട് വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലും സമീപ രാജ്യങ്ങളിലും സൈനിക അടിസ്ഥാന സൗകര്യങ്ങൾ വിന്യസിക്കാനുള്ള യു എസിന്റെ ശ്രമങ്ങൾ മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് യോഗം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
മോസ്കോ ഫോർമാറ്റിന്റെ ഏഴാമത് യോഗത്തിൽ അഫ്ഗാൻ താലിബാൻ സർക്കാരിന്റെ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം ആദ്യമായി പങ്കെടുത്തു. ബഗ്രാം വ്യോമതാവളം തിരികെ നൽകണമെന്ന ട്രംപിന്റെ ആവശ്യം താലിബാൻ നേരത്തെ തന്നെ നിരസിച്ചിരുന്നു. ഈ ആവശ്യം അവഗണിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് ലോക രാജ്യങ്ങൾ ഒറ്റക്കെട്ടായി യു എസിനെതിരെ നിലപാട് കടുപ്പിച്ചത്.
ഇന്ത്യ - യുഎസ് തർക്കങ്ങൾ, പ്രത്യേകിച്ച് താരിഫ് വിഷയത്തിൽ തുടരുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ ഈ പരസ്യനിലപാട് ശ്രദ്ധേയമാണ്. അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനം പ്രഖ്യാപിച്ചിരിക്കുന്നതും ഈ നിലപാടിന് രാഷ്ട്രീയ പ്രാധാന്യം നൽകുന്നു. മധ്യേഷ്യൻ രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ യു എസിന്റെ സൈനിക ഇടപെടലുകൾ അനുവദിക്കില്ലെന്ന് മോസ്കോ യോഗത്തിലെ പ്രസ്താവന വീണ്ടും ഊട്ടിയുറപ്പിച്ചു.
അഫ്ഗാൻ മന്ത്രിയുടെ ഇന്ത്യ സന്ദർശനം ഇന്ന് മുതൽ
അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ ഇന്ത്യ സന്ദർശനം ഇന്ന് തുടങ്ങും. എട്ട് ദിവസത്തെ സന്ദർശനത്തിനാണ് മന്ത്രി എത്തുന്നത്. 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത ശേഷമുള്ള ആദ്യ ഉന്നതതല സന്ദർശനമാണിത്. ഇത് ഇന്ത്യ - അഫ്ഗാനിസ്ഥാൻ ബന്ധത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷ. കാബൂളിൽ ദീർഘകാലമായി സ്വാധീനം നിലനിർത്താൻ ശ്രമിക്കുന്ന പാകിസ്ഥാന് ഈ സന്ദർശനം തിരിച്ചടിയാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam