
ആഗോള സെമികണ്ടക്ടര്‍ നിര്‍മാണ ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ മോഹങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തി വിയറ്റ്‌നാം മുന്നേറുന്നു. വമ്പിച്ച ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ലോകകമ്പനികളെ ഇന്ത്യ ക്ഷണിക്കുമ്പോഴും, പ്രമുഖ ചിപ്പ് നിര്‍മാതാക്കളായ ഇന്റലും സാംസങ്ങും വിയറ്റ്‌നാമിനെയാണ് തങ്ങളുടെ പ്രധാന നിക്ഷേപ കേന്ദ്രമായി തിരഞ്ഞെടുക്കുന്നത്. ചിപ്പ് പാക്കേജിംഗ് രംഗത്ത് വിയറ്റ്‌നാം കൈവരിക്കുന്ന വേഗത ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നതാണ്. ഇന്ത്യയുടെ 'സെമികണ്ടക്ടര്‍ മിഷന്‍' വഴി യുഎസ് കമ്പനിയായ മൈക്രോണിനെ എത്തിക്കാന്‍ സാധിച്ചെങ്കിലും, മറ്റ് വമ്പന്‍ കമ്പനികള്‍ ഇപ്പോഴും ഇന്ത്യയോട് അകലം പാലിക്കുകയാണ്.
വിയറ്റ്‌നാമിന്റെ ഈ മുന്നേറ്റം പെട്ടെന്നുണ്ടായതല്ല. ഏകദേശം 20 വര്‍ഷം മുന്‍പേ അവര്‍ ഇതിനായി കരുനീക്കങ്ങള്‍ തുടങ്ങിയിരുന്നു. 2006-ല്‍ ഇന്റല്‍ വിയറ്റ്‌നാമില്‍ തങ്ങളുടെ പ്ലാന്റ് പ്രഖ്യാപിച്ചു. 2008-ല്‍ സാംസങ് അവിടെ വലിയൊരു ഇലക്ട്രോണിക്‌സ് നിര്‍മാണ കേന്ദ്രം തുടങ്ങി. ഈ ദീര്‍ഘവീക്ഷണം വിയറ്റ്‌നാമില്‍ മികച്ച തൊഴിലാളികളെയും, അനുബന്ധ സാമഗ്രികള്‍ വിതരണം ചെയ്യുന്ന വമ്പന്‍ ശൃംഖലയെയും വളര്‍ത്തിയെടുത്തു. ഇന്ത്യ ഈ രംഗത്തേക്ക് സജീവമായി കടന്നുവരുന്നതിനും 15- 20 വര്‍ഷം മുന്‍പേ വിയറ്റ്‌നാം അടിത്തറ പാകിയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ഇന്ത്യ പണം നേരിട്ട് സബ്‌സിഡിയായി നല്‍കുമ്പോള്‍ (നിര്‍മാണ ചെലവിന്റെ 50-70% വരെ), വിയറ്റ്‌നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നികുതി ഇളവുകളിലാണ്. പുതിയ നിയമപ്രകാരം സെമികണ്ടക്ടര്‍ കമ്പനികള്‍ക്ക് ആദ്യ 4 വര്‍ഷം നികുതി പൂജ്യമാണ്. അടുത്ത 9 വര്‍ഷത്തേക്ക് പകുതി നികുതി മാത്രം നല്‍കിയാല്‍ മതി. വമ്പന്‍ പദ്ധതികള്‍ക്ക് 37 വര്‍ഷം വരെ കുറഞ്ഞ നികുതി നിരക്ക് വിയറ്റ്‌നാം വാഗ്ദാനം ചെയ്യുന്നു. ഇതിനുപുറമെ, 15 മുതല്‍ 22 വര്‍ഷം വരെ ഭൂമിക്ക് വാടക ഈടാക്കുന്നില്ല എന്നതും കമ്പനികളെ ആകര്‍ഷിക്കുന്നു.
കാര്യക്ഷമത വിയറ്റ്‌നാമിന്റെ കരുത്ത്
വ്യവസായം തുടങ്ങാനുള്ള എളുപ്പമാണ് വിയറ്റ്‌നാമിനെ പ്രിയപ്പെട്ടതാക്കുന്നത്. അവിടെ കാര്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച പോലെ നടക്കും. ഫാക്ടറികളിൽ കൃത്യസമയത്ത് പണിതീരും. തടസ്സങ്ങളില്ലാതെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യപ്പെടും. 'പ്ലഗ് ആന്‍ഡ് പ്ലേ' രീതിയിലുള്ള വ്യവസായ പാര്‍ക്കുകള്‍ വിയറ്റ്‌നാമില്‍ സജ്ജമാണ്. മറുഭാഗത്ത്, ഇന്ത്യയില്‍ ഒന്നിലധികം തലങ്ങളിലുള്ള അനുമതികള്‍ തേടേണ്ടി വരുന്നതും, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങാന്‍ വൈകുന്നതും കമ്പനികളെ പിന്നോട്ട് വലിക്കുന്നു. ചൈനയോടുള്ള ഭൂമിശാസ്ത്രപരമായ അടുപ്പവും ജപ്പാന്‍, ദക്ഷിണ കൊറിയ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളും വിയറ്റ്‌നാമിന് ഗുണകരമാകുന്നുണ്ട്.
ഇന്ത്യക്ക് എവിടെയാണ് പിഴയ്ക്കുന്നത്?
ഡിസൈനിങ്ങിഷ ഇന്ത്യക്ക് മികവുണ്ടെങ്കിലും, പ്ലാന്റുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ വിയറ്റ്‌നാമിനോട് മത്സരിക്കാന്‍ വേഗത പോരെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അനുമതികള്‍ നല്‍കുന്നതിലെ കാലതാമസവും ചുവപ്പുനാടയും ഒഴിവാക്കി, പ്രഖ്യാപനങ്ങള്‍ എത്രയും വേഗം പ്രായോഗികമാക്കിയാല്‍ മാത്രമേ ചിപ്പ് വിപണിയില്‍ ഇന്ത്യക്ക് വിയറ്റ്‌നാമിനെ മറികടക്കാനാകൂ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam