
ദില്ലി: റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പുതിയ അവകാശവാദത്തിന് മറുപടിയുമായി കേന്ദ്ര സർക്കാർ. ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഉപഭോക്താക്കളുടെ താല്പര്യം സംരക്ഷിച്ച് മാത്രമാണെന്നാണ് വിദേശകാര്യ മന്ത്രാലയം നൽകിയ മറുപടി. ട്രംപിന്‍റെ അവകാശവാദം പരോക്ഷമായി തള്ളിയ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ, ഇന്ധന ലഭ്യതയും വില പിടിച്ചു നിറുത്തുന്നതും ആണ് ഇന്ത്യയുടെ ഇറക്കുമതി നയം നിർണ്ണയിക്കുന്നതെന്നും വിവരിച്ചു. ഇന്ത്യയിലേക്ക് കൂടുതൽ ഇന്ധനം കയറ്റുമതി ചെയ്യണം എന്ന താല്പര്യം അമേരിക്ക അറിയിച്ചെന്നും ഇക്കാര്യത്തിൽ ചർച്ച നടക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ന് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ട്രംപ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്. ഇന്ത്യയുമായി നല്ല ബന്ധമാണുള്ളത്. എന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യൻ തീരുമാനത്തിൽ അതൃപ്തിയുണ്ടായിരുന്നു. ഇപ്പോൾ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയിരിക്കുകയാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങേണ്ടെന്ന ഇന്ത്യൻ തീരുമാനം നിര്‍ണായക ചുവടുവയ്പാണെന്നും ട്രംപ് പറഞ്ഞു. ചൈന ഇതേ നിലപാട് സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ട്രംപിന്റെ പുതിയ അവകാശവാദത്തിന് പിന്നാലെ പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. നരേന്ദ്ര മോദിക്ക് ഡോണൾഡ് ട്രംപിനെ ഭയമെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നില്ലെന്ന് പ്രഖ്യാപിക്കാൻ ട്രംപിനെ മോദി അനുവദിച്ചു. ട്രംപിനെ ഖണ്ഡിക്കാൻ മോദി തയ്യാറാകുന്നില്ലെന്നും രാഹുൽ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇന്ത്യയുടെ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ മോദി ട്രംപിനെ അനുവദിക്കുന്ന സ്ഥിതിയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. 'പ്രധാനമന്ത്രി മോദി ട്രംപിനെ ഭയക്കുന്നു. ഇന്ത്യ, റഷ്യൻ എണ്ണ വാങ്ങില്ലെന്ന് പറയാൻ ട്രംപിനെ അനുവദിച്ചിരിക്കുന്നു. ഇന്ത്യ ട്രംപിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കേണ്ടതുണ്ട്. ഇന്ത്യൻ ധനകാര്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനം റദ്ദാക്കണം. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ട്രംപിനെ അനുവദിക്കരുത്. അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന ഷാം എൽ-ഷെയ്ഖ് ഉച്ചകോടിയിൽ നിന്നും ഇന്ത്യ പിൻമാറണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ട്രംപിന്റെ അവകാശവാദങ്ങളെ തിരുത്താനോ ചോദ്യം ചെയ്യാനോ മോദി തയ്യാറാകുന്നില്ലെന്നും രാഹുൽ ആരോപിച്ചു.