പാക് പ്രധാനമന്ത്രിക്ക് ഇന്ത്യൻ മറുപടി, 'നാടകം കളിച്ചാൽ യാഥാർത്ഥ്യം മറയ്ക്കാനാവില്ല, ഭീകരവാദ കയറ്റുമതി രാജ്യത്തിന്റെ പ്രചാരണം അത്ഭുതപ്പെടുത്തുന്നില്ല'

Published : Sep 27, 2025, 08:14 AM IST
shahabas shareef

Synopsis

യുഎൻ ജനറൽ അസംബ്ലിയിൽ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് ഇന്ത്യ ശക്തമായ മറുപടി നൽകി. പാകിസ്ഥാന്റെ ആരോപണങ്ങളെ "അസംബന്ധ നാടകങ്ങൾ" എന്ന് വിശേഷിപ്പിച്ച ഇന്ത്യ, ഭീകരവാദത്തെ മഹത്വവൽക്കരിക്കുന്ന പാക് നയത്തെ രൂക്ഷമായി വിമർശിച്ചു.  

ദില്ലി: യുഎൻ ജനറൽ അസംബ്ലിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് ഇന്ത്യയുടെ ശക്തമായ മറുപടി. ഷെരീഫിന്റെ പരാമർശങ്ങളെ "അസംബന്ധ നാടകങ്ങൾ" എന്ന് വിശേഷിപ്പിച്ച ഇന്ത്യ, "ഒരു നാടകത്തിനും യാഥാർത്ഥ്യങ്ങളെ മറച്ചുവെക്കാനാവില്ല" എന്നും വ്യക്തമാക്കി. മറുപടി പ്രസംഗം നടത്തിയ ഇന്ത്യൻ നയതന്ത്രജ്ഞ പെറ്റൽ ഗഹ്‌ലോട്ട്, പാകിസ്ഥാൻ്റെ വിദേശനയത്തിൻ്റെ കാതലായ ഭീകരവാദത്തെ വീണ്ടും മഹത്വവൽക്കരിക്കുന്ന കാഴ്ചയാണ് അസംബ്ലിയിൽ കണ്ടതെന്ന് വിമർശിച്ചു.

ഭീകരവാദത്തെ മഹത്വവൽക്കരിക്കുന്ന പാക് നയം

പാകിസ്ഥാന്റെ ഭീകരവാദ ചരിത്രം ചൂണ്ടിക്കാട്ടി ഗഹ്‌ലോട്ട് കടുത്ത വിമർശനമുയർത്തി. "ഒരു നാടകത്തിനും എത്ര വലിയ നുണകൾക്കും വസ്തുതകളെ മറച്ചുവെക്കാനാവില്ല. ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ ക്രൂരമായി കൊലപ്പെടുത്തിയ 'റെസിസ്റ്റൻസ് ഫ്രണ്ട്' എന്ന പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരസംഘടനയെ, 2025 ഏപ്രിൽ 25-ന് യുഎൻ രക്ഷാസമിതിയിൽ വെച്ച് സംരക്ഷിക്കാൻ ശ്രമിച്ച അതേ പാകിസ്ഥാനാണ് ഇത്," ഗഹ്‌ലോട്ട് പറഞ്ഞു.

വർഷങ്ങളായി ഭീകരവാദത്തെ വളർത്തുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഒരു രാജ്യം ഇത്രയും വിചിത്രമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ അത്ഭുതമില്ല. ഒസാമ ബിൻ ലാദനെ ഒരു പതിറ്റാണ്ടോളം സംരക്ഷിക്കുകയും അതേ സമയം ഭീകരവാദത്തിനെതിരായ യുദ്ധത്തിൽ പങ്കാളിയായി അഭിനയിക്കുകയും ചെയ്ത രാജ്യമാണിത്. തങ്ങൾ പതിറ്റാണ്ടുകളായി ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് അവരുടെ മന്ത്രിമാർ അടുത്തിടെ സമ്മതിച്ച കാര്യവും ഈ വേളയിൽ ഓർക്കണം.ഈ ഇരട്ടത്താപ്പ് അതിൻ്റെ പ്രധാനമന്ത്രിയുടെ തലത്തിൽ പോലും തുടരുന്നതിൽ ഒട്ടും അതിശയിക്കേണ്ടതില്ലെന്നും പെറ്റൽ ഗഹ്‌ലോട്ട് കൂട്ടിച്ചേർത്തു.

ഷെഹബാസ് ഷെരീഫിൻ്റെ ആരോപണങ്ങൾ

നേരത്തെ, യുഎൻ പൊതുസഭയിൽ സംസാരിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, മെയ് മാസത്തിലെ സൈനിക നടപടിക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ ചർച്ച ചെയ്യുന്നതിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് "സജീവ പങ്ക്" വഹിച്ചതായി അവകാശപ്പെട്ടിരുന്നു. പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ "രാഷ്ട്രീയ നേട്ടം" നേടാൻ ശ്രമിച്ചുവെന്നും നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടുവെന്നും ഷെരീഫ് ആരോപിച്ചു.

തങ്ങളുടെ "പ്രദേശിക അഖണ്ഡതയും ദേശീയ സുരക്ഷയും ലംഘിക്കപ്പെട്ടപ്പോൾ," യുഎൻ ചാർട്ടറിൻ്റെ ആർട്ടിക്കിൾ 51 അനുസരിച്ചുള്ള "സ്വയം പ്രതിരോധത്തിനുള്ള അവകാശം" ഉപയോഗിച്ചാണ് പാക് സേന പ്രതികരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഏഴ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്നും, അദ്ദേഹം തെറ്റായ അവകാശവാദം ആവർത്തിച്ചു. ഇതിനുപുറമെ, ഷെരീഫ് സിന്ധു നദീജല കരാർ ലംഘിച്ചുവെന്ന് ഇന്ത്യക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തു. ഈ ആരോപണങ്ങൾക്കാണ് ഇന്ത്യ യുഎന്നിൽ ശക്തമായ മറുപടി നൽകിയത്.

അതേസമയം, യുഎൻ പൊതുസഭയിൽ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഇന്ന് ഇന്ത്യൻ സമയം രാത്രി പത്തരയോടെ പ്രസംഗിക്കും. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷബാസ് ഷെരീഫ് ഉയർത്തിയ ആരോപണങ്ങൾക്ക് ഇന്ത്യ കൃത്യമായ മറുപടി നൽകിയേക്കും. ഊർജസുരക്ഷ, ഭീകരവാദം, ഗ്ലോബൽ സൗത്ത് തുടങ്ങിയ വിഷയങ്ങളും പ്രസംഗത്തിൽ ഉൾപ്പെടുത്തിയേക്കും. റഷ്യ, ജർമനി, യുഎഇ, സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ഇന്ന് പൊതുസഭയിൽ പ്രസം​ഗിക്കും.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്