എണ്ണയിലും ആയുധത്തിലും അടുത്തപടി? പുടിന്റെ ഇന്ത്യാ ട്രിപ്പും അജണ്ടകളും

Published : Dec 05, 2025, 12:11 PM IST
putin visits india

Synopsis

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താനെതിരായ പോരാട്ടത്തിൽ ഇന്ത്യൻ സൈന്യത്തിന് കരുത്തായിരുന്നു ഈ ഡിഫൻസ് സിസ്റ്റം. ലോകത്തെ അത്യാധുനികമായ വ്യോമ പ്രതിരോധ സംവിധാനമെന്നാണ് എസ് 400 നെ വിശേഷിപ്പിക്കാറുള്ളത്.

ഇന്ത്യ-റഷ്യ ഉച്ചകോടിക്കായി ഇന്ത്യയിൽ എത്തിയിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. പ്രതിരോധം, ആണവോർജം, വ്യാപാരം, തൊഴിൽ തുടങ്ങിയ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ധാരണയിൽ എത്തിയേക്കും എന്നാണ് സൂചന.

റഷ്യ - യുക്രെയിൻ സംഘർഷത്തിന് ശേഷമുള്ള പുടിന്‍റെ ആദ്യ ഇന്ത്യാ സന്ദർശനം അതീവ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ താരീഫ് ഭീഷണികൾ നിലനിൽക്കവെയാണ് പുടിന്റെ ഇന്ത്യൻ സന്ദർശനം എന്നതും ശ്രദ്ധേയമാണ്.

സോവിയറ്റ് കാലഘട്ടം മുതലുള്ള ബന്ധത്തിന് ഇന്ത്യയും റഷ്യയും ഇന്നും പ്രതിഞ്ജാ ബദ്ധരാണെന്ന സൂചനയാണ് ഉഭയകക്ഷി ഉച്ചകോടിയിലൂടെ ലോകത്തിന് നൽകുന്ന സൂചന. പുടിനെ സംബന്ധിച്ചിടത്തോളം റഷ്യയ്ക്ക് ആഗോള പ്രാധാന്യമുള്ള ഒരു പങ്കാളിയുണ്ട് എന്ന് ലോകത്തെ കാണിക്കാനുള്ള ഒരു അവസരം കൂടിയാണ് ഇത്. ആയുധം തരുന്ന റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഒപ്പം തന്നെ വ്യാപാര പങ്കാളിയായ അമേരിക്കയെ പിണക്കാതിരിക്കുകയും വേണം ഇന്ത്യയ്ക്ക്.

പുടിന്റെ ഇന്ത്യൻ സന്ദർശനത്തിന്റെ അജണ്ട

23ാം ഇന്ത്യ-റഷ്യ ഉച്ചകോടിക്കായിട്ടാണ് റഷ്യൻ പ്രസിഡന്റ് പുടിൻ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. വ്യാപാര, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്യും. ഇന്ത്യയിലേക്കുള്ള റഷ്യൻ വളങ്ങളുടെ ഇറക്കുമതി, ഇന്ത്യയിലെ ചെറിയ ആണവ നിലയങ്ങളുടെ നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഇരുവരും വിപുലമായ ചർച്ചകൾ നടത്തും.

റഷ്യൻ കമ്പനികളിലേക്ക് ഇന്ത്യൻ തൊഴിലാളികളെ നിയമിക്കുന്നത് എളുപ്പമാക്കുന്ന തരത്തിൽ ലേബർ മൊബിലിറ്റി സംബന്ധിച്ച പുതിയ കരാറിൽ ഇരു നേതാക്കളും ഒപ്പിട്ടേക്കും. യുക്രൈൻ യുദ്ധത്തിന്റെയും മധ്യേഷ്യൻ കുടിയേറ്റത്തിലുണ്ടായ ഇടിവും കാരണം റഷ്യ രൂക്ഷമായ തൊഴിൽ ക്ഷാമം നേരിടുന്നുണ്ട്. 2021 ന് ശേഷം ആദ്യമായാണ് പുടിൻ ഇന്ത്യയിലെത്തുന്നത്. എന്നാൽ, മോസ്കോയിലും ചൈനയിലുമടക്കം ഇന്ത്യയ്ക്ക് പുറത്തുവെച്ച് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

ഉച്ചകോടിക്ക് ശേഷം റഷ്യയിൽനിന്നും ഇന്ത്യ വീണ്ടും എണ്ണ വാങ്ങുമോ?

ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിന് പിന്നാലെ റഷ്യയ്ക്കെതിരെ അന്താരാഷ്ട്ര ഉപരോധങ്ങൾ നിലവിൽ വന്നിരുന്നു. ഫലമായി റഷ്യൻ എണ്ണയ്ക്ക് വില ഇടിവുണ്ടായി. തുടർന്നാണ് ഇന്ത്യൻ കമ്പനികൾ റഷ്യയിൽനിന്നും വ്യാപകമായി എണ്ണ വാങ്ങാൻ തുടങ്ങിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ മൂന്നിലൊന്നും റഷ്യയിൽനിന്നാണ്.

ഇത് പിന്നീട്, ട്രംപ് ഭരണകൂടവുമായിട്ടുള്ള വ്യാപാര ചർച്ചകളിൽ വിലങ്ങുതടിയായി. അമേരിക്ക ഇന്ത്യയ്ക്ക് മേൽ 25 ശതമാനം അധിക തീരുവ ചുമത്തുന്നിലേക്കും ഇന്ത്യൻ കയറ്റുമതികളുടെ ലെവി നിരക്ക് ഇരട്ടിയാക്കുന്നതിലും ചെന്നവസാനിച്ചു. റഷ്യയ്ക്ക് മേലുള്ള ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കും കപ്പലുകൾക്കും അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. സമ്മർദ്ദം രൂക്ഷമായതോടെ ഇന്ത്യ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചു. ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ കയറ്റുമതിയിലെ ഇടിവ് താത്ക്കാലികം മാത്രമായിരിക്കും എന്നാണ് റഷ്യൻ വക്താക്കൾ അടിവരയിട്ട് പറയുന്നത്. പാശ്ചാത്യ ഉപരോധങ്ങളെ പ്രതിരോധിക്കാനുള്ള നീക്കങ്ങളിലാണ് റഷ്യ.

സൈനിക ഇടപാടുകളിൽ എന്താണ് സംഭവിക്കുക?

എണ്ണയിൽ നഷ്ടപ്പെടുന്നത് ഡിഫൻസിൽ നേടാനാകും റഷ്യയ്ക്ക്. ചൈനയുമായും പാകിസ്താനുമായുള്ള അതിർത്തി കാക്കുന്നതിനുവേണ്ടി സൈനിക ആയുധങ്ങൾക്കായി ഇന്ത്യ കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ ആയുധ വിതരണക്കാരാണ് റഷ്യ. കൂടാതെ, ഇന്ത്യൻ സായുധ സേന ഉപയോഗിക്കുന്ന മിക്ക വ്യോമ പ്രതിരോധ സംവിധാനങ്ങളും യുദ്ധ വിമാനങ്ങളും റൈഫിളുകളും മിസൈലുകളും റഷ്യൻ നിർമ്മിത ഉപകരണങ്ങളാണ്. റഷ്യ ചൈനയുമായുള്ള ബന്ധം വർധിപ്പിച്ചതിന് പിന്നാലെ ആയുധങ്ങൾ വാങ്ങുന്നതിൽനിന്നും ഇന്ത്യ പിന്നോട്ടുപോയിരുന്നു.

ഉച്ചകോടിയിൽ റഷ്യയുടെ എസ് 400 വ്യോമ പ്രതിരോധ യൂണിറ്റുകൾ വാങ്ങുന്നതിനെക്കുറിച്ച് ഇന്ത്യൻ പ്രഖ്യാപനം എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താനെതിരായ പോരാട്ടത്തിൽ ഇന്ത്യൻ സൈന്യത്തിന് കരുത്തായിരുന്നു ഈ ഡിഫൻസ് സിസ്റ്റം. ലോകത്തെ അത്യാധുനികമായ വ്യോമ പ്രതിരോധ സംവിധാനമെന്നാണ് റഷ്യയുടെ എസ് 400 നെ വിശേഷിപ്പിക്കാറുള്ളത്. എസ് 400ന്റെ അഞ്ച് യൂണിറ്റുകൾക്കൂടി വാങ്ങാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. സുദർശൻ ചക്ര എന്നാണ് ഇന്ത്യ എസ് 400 സംവിധാനങ്ങൾക്ക് നൽകിയിരിക്കുന്ന പേര്. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്റെ ജെ-10 അടക്കമുള്ള വിമാനങ്ങളെ എസ് 400 സംവിധാനം തകർത്തിരുന്നു.

ഇന്ത്യ തങ്ങളുടെ ആയുധ സ്രോതസ്സുകൾ വിപുലീക്കരിക്കുണ്ടെങ്കിലും നിലവിലുള്ള ആയുധ ശേഖരത്തിന്റെ 60 ശതമാനമവും റഷ്യയിൽനിന്നുള്ളവയാണ്. ആയുധങ്ങളുടെ മെയ്ന്റനൻസ്, പെലികോപ്ടറുകളുടെയും യുദ്ധ വിമാനങ്ങളുടെയും എക്വിപ്മെന്റ് സ്പെയറുകൾ, സപ്പോർട്ടുകൾ തുടങ്ങിയവയ്ക്കായും ഇന്ത്യ വൻതോതിൽ റഷ്യയെ ആണ് ആശ്രയിക്കുന്നത്. ഈ ഉച്ചകോടിയിൽ ആയുധ കരാറുകൾ ഉണ്ടാവില്ലെന്നാണ് ചില റിപ്പോർട്ടുകളെങ്കിലും എസ് 400, സുഖോയ് 57 എന്നിവയിൽ ചർച്ചകൾ പുരോ​ഗമിക്കുകയാണ്.

PREV
NT
About the Author

Nimisha Tom

2023 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ വീഡിയോ പ്രൊഡ്യൂസര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. രാഷ്ട്രീയം, ദേശീയ രാഷ്ട്രീയം, സാമൂഹിക വിഷയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ടെക്‌സ്റ്റ്, വീഡിയോകള്‍ എന്നിവ ചെയ്തു. ഏഴ് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ വിവിധ സാമൂഹിക വിഷയങ്ങളിലുള്ള ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങുകള്‍, എന്റര്‍ടൈന്‍മെന്റ് ഇന്റര്‍വ്യൂകള്‍, പൊളിറ്റിക്കല്‍ എക്‌സ്‌പ്ലൈനറുകള്‍ തുടങ്ങിയവ വീഡിയോകള്‍ ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ മീഡിയയില്‍ വീഡിയോ പ്രൊഡക്ഷന്‍, എക്‌സിക്യൂഷന്‍ മേഖലകളില്‍ പരിചയം. ഇമെയില്‍: nimisha.tom@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പലസ്തീൻ പോപുലർ ഫോഴ്‌സസ് നേതാവ് യാസർ അബു ഷബാബ് കൊല്ലപ്പെട്ടു; ഗാസയിൽ ഇസ്രയേലിന് കനത്ത തിരിച്ചടി; മരിച്ചത് ഹമാസ് വിരുദ്ധ ചേരിയുടെ നേതാവ്
ജെയ്ഷെയുടെ ചാവേര്‍ പടയാകാൻ 5000ലധികം വനിതകൾ, റിക്രൂട്ട് ചെയ്തവരെ നയിക്കാൻ സാദിയ, ദൈവത്തിന്റെ അനുഗ്രഹമെന്ന് മസൂദ്