
ദില്ലി: ഇന്ത്യയിലെ മുസ്‌ലിം ആരാധനാലയങ്ങൾക്ക് ഭീഷണിയുണ്ടെന്ന പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ആരോപണത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി ഇന്ത്യ. സർദാരിയുടെ പ്രസ്താവനകൾ അസംബന്ധവും വിദ്വേഷത്തിൽ നിന്ന് ഉടലെടുത്ത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്ഥാന് യാതൊരു അവകാശവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം ഓർമ്മിപ്പിച്ചു.
പാക് പ്രസിഡന്റിന്റെ അനാവശ്യമായ ഇത്തരം അഭിപ്രായ പ്രകടനങ്ങളെ ഇന്ത്യ പൂർണ്ണമായി തള്ളിക്കളയുന്നുവെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ സംസാരിക്കാൻ അദ്ദേഹത്തിന് യാതൊരു നിയമപരമായ അവകാശവുമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. മതന്യൂനപക്ഷങ്ങളെ നിരന്തരമായി വേട്ടയാടുന്ന പാകിസ്ഥാന്‍റെ മനുഷ്യാവകാശ ചരിത്രം അങ്ങേയറ്റം പരിതാപകരമാണെന്നും രൺധീർ ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി. പാകിസ്ഥാന്‍റെ മനുഷ്യാവകാശ നിലവാരത്തിനെതിരെ ആഗോളതലത്തിൽ തന്നെ കടുത്ത വിമർശനമുണ്ട് . വിവിധ മതവിഭാഗങ്ങളിൽപ്പെട്ട ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതിനും പീഡിപ്പിക്കുന്നതിനും നീണ്ട ചരിത്രമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്ഥാനിൽ ഹിന്ദുക്കൾക്കും അഹമ്മദിയ്യാ വിഭാഗത്തിനുമെതിരെ തുടരുന്ന അതിക്രമങ്ങളെ കുറിച്ച് മനുഷ്യാവകാശ സംഘടനകൾ വർഷങ്ങളായി ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. ഇതാണ് വിദ്വേഷവും അസഹിഷ്ണുതയും മുൻനിർത്തിയുള്ള പാകിസ്ഥാന്റെ ദേശീയ നയങ്ങളുടെ ഭാഗമായി ബോധപൂർവ്വം നടത്തിയ ഒരു രാഷ്ട്രീയ ആക്രമണം മാത്രമായാണ് സർദാരിയുടെ വാക്കുകളെ കാണാൻ കഴിയുകയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വാരണാസിയിലെ ചരിത്രപ്രസിദ്ധമായ മസ്ജിദ് ഗഞ്ച് ഷഹീദ ഉൾപ്പെടെ ഇന്ത്യയിലെ മുസ്‌ലിം പള്ളികൾക്ക് രാഷ്ട്രീയമായി ഭീഷണിയുണ്ടെന്ന് ആരോപിച്ച് സർദാരി എക്സിൽ പങ്കുവെച്ച കുറിപ്പിനാണ് ഇന്ത്യ ഇപ്പോൾ ശക്തമായ മറുപടി നൽകിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam