യുഎൻ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാൻ ഇന്ത്യ; ഗുട്ടറസിന് ഉറപ്പ് നൽകി പാക് പ്രധാനമന്ത്രി, വെടിനിർത്തൽ പാലിക്കും

Published : May 15, 2025, 02:12 AM ISTUpdated : May 23, 2025, 09:24 PM IST
യുഎൻ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാൻ ഇന്ത്യ; ഗുട്ടറസിന് ഉറപ്പ് നൽകി പാക് പ്രധാനമന്ത്രി, വെടിനിർത്തൽ പാലിക്കും

Synopsis

പഹൽഗാം ഭീകരാക്രമണത്തിൽ യുഎൻ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാൻ ഇന്ത്യ തീരുമാനിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് യുഎൻ സെക്രട്ടറി ജനറലിന് വെടിനിർത്തൽ പാലിക്കുമെന്ന് ഉറപ്പ് നൽകി

ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണത്തിലും പിന്നാലെയുണ്ടായ ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിലും യു എൻ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാൻ ഇന്ത്യയുടെ തീരുമാനം. ഇതിനായി ഇന്ത്യൻ പ്രതിനിധി സംഘത്തെ തീരുമാനിച്ചു. അംബാസിഡർ പി ഹരീഷാകും യു എൻ സുരക്ഷാ സമിതിയിലേക്കുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുക. ഭീകരസംഘടനകളെ നിർണയിക്കുന്ന 1267 ഉപരോധ സമിതിയുടെ മോണിറ്ററിംഗ് സംഘത്തെ ഇന്ത്യൻ സംഘം കാണും. പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട തെളിവുകൾ ഈ സംഘത്തിന് മുന്നിൽ സമർപ്പിക്കും. യു എൻ സുരക്ഷാ സമിതിക്ക് കീഴിലുള്ള ഓഫീസ് ഓഫ് കൗണ്ടർ ടെററിസം, ഭീകരവാദ വിരുദ്ധ സമിതി എന്നീ സമിതികളെയും കണ്ട് ഇന്ത്യൻ പ്രതിനിധി സംഘം തെളിവുകൾ ബോധ്യപ്പെടുത്തും.

അതിനിടെ യു എൻ സെക്രട്ടറി ജനറലുമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സംസാരിച്ചു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അന്‍റോണിയോ ഗുട്ടറസുമായി ഫോണിൽ സംസാരിച്ച ഷഹബാസ് ഷെരീഫ് ചില ഉറപ്പുകൾ നൽകിയതായാണ് വിവരം. ഇന്ത്യ - പാകിസ്ഥാൻ വെടിനിർത്തൽ ധാരണ പാകിസ്ഥാൻ പാലിക്കുമെന്നതടക്കമുള്ള ഉറപ്പുകളാണ് ഗുട്ടറസിന് ഷഹബാസ് ഷെരീഫ് നൽകിയതെന്നാണ് വ്യക്തമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത ഓപ്പറേഷൻ സിന്ദൂറിൽ കനത്ത പ്രഹരമേറ്റ ഭീകരനും ജെയ്‌ഷെ മുഹമ്മദ് (ജെ ‌ഇ‌ എം) തലവനുമായ മസൂദ് അസറിന് പാകിസ്ഥാൻ സർക്കാരിൽ നിന്ന് 14 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചേക്കുമെന്നതാണ്. മെയ് 7 ന് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചിരുന്നു. ആക്രമണങ്ങളിൽ 100 ലധികം ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂരിലെ ലക്ഷ്യങ്ങളിലൊന്ന് ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനമായിരുന്നു. ആക്രമണത്തിൽ അസ്ഹറിന്റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടെന്നാണ് ഇന്ത്യൻ സേന വ്യക്തമാക്കുന്നത്. അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും ഉള്‍പ്പടെയാണ് കൊല്ലപ്പെട്ടത്. 2000 ത്തിൽ പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐ എസ്‌ ഐ) ആണ് ജെയ്‌ഷെ മുഹമ്മദ് സൃഷ്ടിച്ചതെന്ന് ആരോപിക്കപ്പെടുന്നു. 2001 ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2016 ലെ ഉറി ആക്രമണം, 2019 ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി മാരകമായ ഭീകരാക്രമണങ്ങൾക്ക് ജെയ്ഷെ മുഹമ്മദ് ഉത്തരവാദിയാണ്. 2019 മെയ് 1 ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ അസ്ഹറിനെ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. 1999 ൽ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാർക്ക് പകരമായി ഇന്ത്യ വിട്ടയച്ച മൂന്ന് തീവ്രവാദികളിൽ ഒരാളായിരുന്നു മസൂദ് അസർ. 

PREV
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം