'ട്രംപിനെ പ്രീണിപ്പിക്കാൻ പോയിട്ട് എന്തായി? ഇന്ത്യയെ കണ്ട് പഠിക്കൂ': ഇന്ത്യ-യുഎസ് കരാറിന് പിന്നാലെ പാകിസ്ഥാനിൽ ഷെഹബാസ് ഷരീഫിനും അസിം മുനീറിനും വിമർശനം

Published : Feb 05, 2026, 04:30 PM IST
Asim munir

Synopsis

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാർ പാകിസ്താനിൽ വലിയ രാഷ്ട്രീയ പ്രതിഷേധത്തിന് കാരണമായി. ഇന്ത്യക്ക് 18% താരിഫ്, പാകിസ്താന് 19%. ഭരണകൂടത്തിനും സൈന്യത്തിനുമെതിരെ രൂക്ഷ വിമർശനം

ഇസ്ലാമാബാദ്: അമേരിക്കയും ഇന്ത്യയും വ്യാപാര കരാറിൽ ധാരണയിൽ എത്തിയത് പാകിസ്താനിൽ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തിയിരിക്കുകയാണ്. മാസങ്ങളോളം യുഎസുമായി നടത്തിയ ചർച്ചകൾക്കും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രീണിപ്പിക്കാൻ നടത്തിയ നീക്കങ്ങൾക്കും ഫലമുണ്ടാകാത്തതാണ് പാക് ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധത്തിന് കാരണം. ഫെബ്രുവരി 2-ന് പ്രഖ്യാപിച്ച കരാർ പ്രകാരം ഇന്ത്യൻ കയറ്റുമതി ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 18 ശതമാനം താരിഫ് നിശ്ചയിച്ചപ്പോൾ, പാകിസ്താന് ഇത് 19 ശതമാനമാണ്. ഈ ഒരു ശതമാനത്തിന്റെ വ്യത്യാസം പാകിസ്താനിലെ പ്രതിപക്ഷവും ജനങ്ങളും വലിയ ചർച്ചയാക്കി മാറ്റിക്കഴിഞ്ഞു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രീണിപ്പിക്കാൻ പാകിസ്താൻ ഭരണകൂടം സകല അടവുകളും പയറ്റിയിരുന്നു. ട്രംപിനെ നോബൽ സമാധാന പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്തത് ഉൾപ്പെടെ ഇതിന്റെ ഭാഗമായിരുന്നു. എന്നാൽ ഈ നീക്കങ്ങളൊന്നും പാകിസ്താന് ഗുണകരമായില്ലെന്ന് പുതിയ സംഭവ വികാസങ്ങളിൽ നിന്ന് വ്യക്തം. അടുത്ത 10 വർഷത്തിനുള്ളിൽ ഇന്ത്യയുടെ കയറ്റുമതിയിൽ 150 ബില്യൺ ഡോളറിന്റെ വർധനവ് യുഎസുമായുള്ള കരാറിലൂടെ പ്രതീക്ഷിക്കുന്നു.

ഇതോടെ സാമൂഹിക മാധ്യമങ്ങളിൽ പാക് ഭരണകൂടത്തിനെതിരെ പരിഹാസവും രോഷവും അണപൊട്ടുകയാണ്. പാകിസ്താൻ സേനാ മേധാവി ജനറൽ അസിം മുനീറിനെയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും ലക്ഷ്യം വെച്ചാണ് വിമർശനങ്ങൾ ഏറെയും. ട്രംപിനെ പ്രീണിപ്പിക്കാൻ പാകിസ്താൻ നടത്തിയ ശ്രമങ്ങളെ കടുത്ത ഭാഷയിലാണ് പാക് ജനത പരിഹസിക്കുന്നത്. പാകിസ്താന്റെ യുഎസ് വിധേയത്വത്തിന് എതിരെയും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ കാണാം.

'സെയിൽസ്മാൻ-ഇൻ-ചീഫ്' തന്ത്രം പരാജയപ്പെട്ടു

മുൻ മന്ത്രി ഹമ്മദ് അസ്ഹർ പ്രതികരിച്ചതിങ്ങനെ- "21-ാം നൂറ്റാണ്ടിലെ വിദേശനയം എന്നത് വെറും ഫോട്ടോ എടുക്കലോ വ്യക്തിപരമായ ബന്ധങ്ങളോ അല്ല. അത് സാമ്പത്തിക കരുത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യയുടെ തന്ത്രപരമായ നീക്കങ്ങൾ പാകിസ്താൻ കണ്ടുപഠിക്കണം". ഇമ്രാൻ റിയാസ് ഖാൻ എന്ന മാധ്യമപ്രവർത്തകൻ വിമർശിച്ചത് ബലൂചിസ്ഥാനിലെ വിലപിടിപ്പുള്ള ധാതുക്കൾ പോലും അമേരിക്കയ്ക്ക് കാഴ്ചവെച്ചിട്ടും അർഹമായ ബഹുമാനം നേടാൻ പാകിസ്താനായില്ലെന്നാണ്. 'സെയിൽസ്മാൻ-ഇൻ-ചീഫ്' തന്ത്രം പരാജയപ്പെട്ടുവെന്നും അസിം മുനീറിനെ ലക്ഷ്യമിട്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഇന്ത്യ നടത്തിയ ചർച്ചകളാണ് ഇത്രയും കുറഞ്ഞ താരിഫ് നിരക്ക് നേടിയെടുക്കാൻ സഹായിച്ചതെന്ന് നിരീക്ഷകർ കരുതുന്നു. ഇതിനെ 'തന്ത്രപരമായ സ്വയംഭരണം' എന്നാണ് പാക് പ്രതിപക്ഷം വിശേഷിപ്പിച്ചത്. അമേരിക്കയുമായും യൂറോപ്യൻ യൂണിയനുമായും ഇന്ത്യ ഒപ്പുവെച്ച ഈ വ്യാപാര കരാറുകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ കുതിപ്പുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം, അയൽരാജ്യമായ പാകിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും നയതന്ത്ര പരാജയത്തിലും ഉഴലുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അധികതീരുവ ഒഴിവാക്കിയതില്‍ അവകാശവാദവുമായി അമേരിക്ക, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ വ്യക്തതയില്ല, ഇന്ത്യക്ക് എവിടെ നിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ
'ചിരിയില്ല, ഏറ്റവും മോശം റിപ്പോർട്ടർ', എപ്‌സ്റ്റീൻ ഫയലുകളെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകയെ അപമാനിച്ച് ട്രംപ്