
ദില്ലി: പാകിസ്ഥാന് ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്. സിന്ധു നദീജല കരാർ പുനസ്ഥാപിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. വെള്ളം കിട്ടാതെ പാകിസ്ഥാൻ പട്ടിണി കിടക്കുമെന്നും ഷാ കൂട്ടിച്ചേർത്തു. സമാധാനവും പുരോഗതിയും എന്നതായിരുന്നു സിന്ധു നദീജല കരാറിന്‍റെ ലക്ഷ്യം. എന്നാൽ പാകിസ്ഥാൻ ആ കരാർ ലംഘിച്ചെന്നും അമിത് ഷാ വിവരിച്ചു. പാകിസ്ഥാന് നൽകിയിരുന്ന ജലം ഇന്ത്യയിൽ വിനിയോഗിക്കുമന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. കനാല്‍ നിര്‍മ്മിച്ച് ഈ ജലം രാജസ്ഥാനിലേക്ക് കൊണ്ടുപോകുമെന്നും അവിടെ ഉപയോഗിക്കുമെന്നും ഷാ വിവരിച്ചു.
ഏപ്രിൽ 22 ന് 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചത്. ഏപ്രില്‍ 23 നാണ് സിന്ധുനദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചത്. 1960 ല്‍ ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ നടപ്പിലാക്കിയ കരാറാണ് ഇന്ത്യ താത്കാലികമായി മരവിപ്പിച്ചത്. കശ്മീരിലെ സമാധാനം തകര്‍ക്കാനും വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ച തടയാനും കശ്മീരി യുവാക്കളെ വഴിതെറ്റിക്കാനുമുള്ള മനഃപൂര്‍വമായ ശ്രമമാണ് പഹല്‍ഗാം ഭീകരാക്രമണത്തിലൂടെ നടന്നത്. പാകിസ്ഥാന്‍ എന്ത് ചെയ്യാന്‍ തയ്യാറായാലും ഒട്ടും വൈകാതെ അതിന് ശക്തമായ നടപടിയെടുക്കാന്‍ ഇന്ത്യ മടിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് നൽകുന്ന പിന്തുണ പാകിസ്ഥാൻ അവസാനിപ്പിക്കുന്നതുവരെ കരാര്‍ പുനസ്ഥാപിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
അതേസമയം ഇന്ത്യയുമായുള്ള സംഘർഷം ഒഴിവാക്കാൻ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെട്ടെന്ന് അവകാശപ്പെട്ടുകൊണ്ട് 2026 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകണമെന്ന് ശുപാർശ ചെയ്ത് പാകിസ്ഥാൻ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടലിൽ ട്രംപ് നടത്തിയ ഇടപെടൽ കണക്കിലെടുത്താണ് 2026 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നാമനിർദ്ദേശം ചെയ്തതെന്ന് പാകിസ്ഥാൻ വിശദീകരിച്ചിട്ടുണ്ട്. ആണവായുധങ്ങളുള്ള രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ട്രംപ് പ്രധാന പങ്ക് വഹിച്ചുവെന്ന് വ്യക്തമാക്കിയ പാകിസ്ഥാൻ, എക്‌സിലെ ഒരു പോസ്റ്റിലാണ് ട്രംപിന് നൊബേൽ പുരസ്കാരം നൽകണമെന്ന് ആവശ്യപ്പെട്ടത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ഉൾപ്പെടെ നിരവധി സമാധാന ശ്രമങ്ങൾക്ക് താൻ നേതൃത്വം നൽകിയെന്നും നൊബേൽ പുരസ്കാരത്തിന് താൻ അർഹനാണെന്നും വാദിച്ച് ട്രംപ് നടത്തിയ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് പാകിസ്ഥാന്റെ നാമനിർദേശമെന്നത് ശ്രദ്ധേയമാണ്.