
ദില്ലി/ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ അന്ത്യശാസനത്തിന് പിന്നാലെ ഇറാനിലുള്ള ഇന്ത്യാക്കാർക്ക് അതീവ ജാഗ്രതാ നിർദേശം. സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്ത് ഇറാനിലുള്ള മുഴുവൻ ഇന്ത്യൻ പൗരന്മാ അടുത്ത 48 മണിക്കൂർ നേരം വീടിനുള്ളിൽ തന്നെ സുരക്ഷിതമായി ഇരിക്കണമെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി കർശനമായി നിർദ്ദേശിച്ചു. വരും മണിക്കൂറുകളിൽ അമേരിക്കയുടെ ഭാഗത്ത് നിന്ന് ആക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ കെട്ടിടങ്ങൾക്കുള്ളിൽ തന്നെ കഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അത്യാവശ്യ ഘട്ടത്തിലല്ലാതെ പുറത്തിറങ്ങരുതെന്നാണ് നിർദേശം.
ഏതെങ്കിലും തരത്തിലുള്ള യാത്രകൾ അനിവാര്യമാണെങ്കിൽ എംബസി ഉദ്യോഗസ്ഥരുമായി മുൻകൂട്ടി ബന്ധപ്പെടണം. അവരുടെ നിർദ്ദേശപ്രകാരം മാത്രമേ യാത്ര പോകാവൂ. തന്ത്രപ്രധാനമായ സ്ഥലങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ആളുകൾ കൂട്ടം കൂടാൻ സാധ്യതയുള്ള സ്ഥലങ്ങളിലും പോകരുത്. എല്ലാ ഇന്ത്യൻ പൗരന്മാരും എംബസി ഉദ്യോഗസ്ഥരുമായി നിരന്തരം സമ്പർക്കം പുലർത്തണം. ഏത് അടിയന്തര സാഹചര്യത്തിലും സഹായത്തിനായി ഹെൽപ്‌ലൈൻ നമ്പറുകളിൽ വിളിക്കാനും നിർദേശമുണ്ട്.
ഇറാനിലെ ബുഷെഹർ ആണവനിലയത്തിന് നേരെയും തന്ത്രപ്രധാനമായ പെട്രോകെമിക്കൽ കേന്ദ്രങ്ങൾക്ക് നേരെയും അമേരിക്കൻ-ഇസ്രായേൽ സഖ്യം നടത്തിയ ആക്രമണങ്ങളെത്തുടർന്ന് മേഖലയിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതിന് മറുപടിയായി ഇറാൻ തിരിച്ചടിക്ക് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുമ്പോഴാണ് ഇന്ത്യൻ എംബസിയുടെ ഈ നിർണ്ണായക നീക്കം. ഇറാനിൽ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam