
മോസ്കോ: മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്ന് ആരോപിച്ച് റഷ്യയിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന ഉത്തർപ്രദേശ് നോയിഡ സ്വദേശിയും എൻജിനീയറുമായ ചന്ദൻ ഗുപ്തയെ മോചിപ്പിച്ചു. മോസ്കോയിലെ റെഡ് സ്ക്വയറിന് സമീപത്ത് വെച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നും ആംബുലൻസിന്റെ ചില്ല് തകർത്തുവെന്നും ആരോപിച്ച് സെപ്റ്റംബർ 5-നാണ് റഷ്യൻ പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
തടങ്കലിലാക്കിയ ഭർത്താവിനെ റഷ്യൻ സൈന്യത്തിൽ ചേർക്കാൻ അധികൃതർ നിർബന്ധിക്കുന്നതായി ആരോപിച്ച് ഭാര്യ സ്നേഹ ഗുപ്ത സഹായമഭ്യർത്ഥിച്ച് വീഡിയോ കോൾ സന്ദേശം അയച്ചതോടെയാണ് വിഷയം നയതന്ത്രതലത്തിലും മാധ്യമങ്ങളിലും ശ്രദ്ധനേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടിയന്തരമായി ഇടപെടണമെന്ന് ഇവർ വിഡിയോയിലൂടെ അഭ്യർത്ഥിച്ചിരുന്നു.
ഭാര്യയ്ക്കും 10 വയസ്സുള്ള മകനുമൊപ്പം ജോലിക്കായി മോസ്കോയിൽ താമസിച്ചുവരികയായിരുന്ന ചന്ദൻ ഗുപ്തയെ ശനിയാഴ്ച രാത്രി 11:40-ഓടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫോണും പാസ്പോർട്ടും പൊലീസ് പിടിച്ചെടുത്തതിനാൽ ആദ്യം വിവരം പുറത്തറിഞ്ഞിരുന്നില്ല. പിന്നീട് കൂടെയുണ്ടായിരുന്ന സുഹൃത്താണ് വിവരമറിയിച്ചത്.
ചന്ദൻ ഗുപ്ത ജോലി ചെയ്യുന്ന 'യുഫ്ലെക്സ് ലിമിറ്റഡ്' എന്ന കമ്പനി റഷ്യയിൽ അഭിഭാഷകനെ ഏർപ്പാടാക്കുകയും ആവശ്യമായ നിയമസഹായങ്ങൾ നൽകുകയും ചെയ്തതോടെയാണ് രാത്രിയോടെ മോചനം സാധ്യമായത്. ഭർത്താവിന്റെ സുരക്ഷിതമായ മോചനത്തിന് സഹായിച്ച കമ്പനി അധികൃതർക്കും, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ വിഷയം എത്തിച്ച ജനപ്രതിനിധികൾക്കും സ്നേഹ ഗുപ്ത പുതിയ വീഡിയോ സന്ദേശത്തിലൂടെ നന്ദി അറിയിച്ചു. എന്നാൽ ചന്ദൻ ഗുപ്തയെ റഷ്യൻ സൈന്യത്തിൽ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചെന്ന ആരോപണത്തിൽ കേന്ദ്ര സർക്കാർ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam