
ലണ്ടൻ: 76കാരിയായ അമ്മയെ സ്വന്തം വീടിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജന് യുകെയിൽ ജീവപര്യന്തം തടവ് ശിക്ഷ. 48കാരനായ സിന്ദീപ് സിങാണ് ഈസ്റ്റേൺ ഇംഗ്ലണ്ടിലെ ലെസ്റ്റർഷയറിൽ ശിക്ഷിക്കപ്പെട്ടത്. കുറഞ്ഞത് 31 വർഷങ്ങമെങ്കിലും ജയിലിൽ കഴിഞ്ഞ ശേഷമേ ഇയാളെ പരോളിനായി പരിഗണിക്കാവൂ എന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
സിന്ദീപിന്റെ അമ്മ ഭജൻ കൗറിനെ ലെസ്റ്റർഷയറിലെ സ്വന്തം വീട്ടിനുള്ളിൽ മേയ് 13നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിലും മുഖത്തും സാരമായ പരിക്കുകളുണ്ടായിരുന്നു. കേസിലെ പൊലീസ് അന്വേഷണം പൂർത്തിയാക്കിയ ശേഷം 16 ദിവസം നീണ്ട വിചാരണയ്ക്കൊടുവിലാണ് സിന്ദീപ് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് പുറമെ കുറ്റകൃത്യം മറച്ചുവെയ്ക്കാൻ പ്രതി നടത്തിയ പ്രവൃത്തികൾ കൂടി കണക്കിലെടുക്കുമ്പോൾ വളരെ ഗുരുതരമായ കേസായിരുന്നു ഇതെന്ന് ഈസ്റ്റ് മിഡ്‍ലാൻഡ്സ് സ്പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റ് മർഡർ ഇൻവെസ്റ്റിഗേഷൻ ടീം ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ മാർക് സിൻസ്കി പറഞ്ഞു.
അച്ഛന്റെ മരണ ശേഷം പാരമ്പര്യമായുള്ള സ്വത്തിനെച്ചൊല്ലിയുള്ള തർക്കമാണ് അമ്മയുടെ കൊലപാതകത്തിലേക്ക് സിന്ദീപിനെ എത്തിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതക ശേഷം മൃതദേഹം ചാക്കിലാക്കി വീടിന്റെ മുറ്റത്ത് കുഴിച്ചുമൂടാൻ ശ്രമിച്ചു. എന്നാൽ അത് സാധിച്ചില്ല. വീട് മുഴുവൻ കഴുകി വൃത്തിയാക്കി എല്ലാ തെളിവുകളും നശിപ്പിക്കാൻ ശ്രമിച്ചു. കഴുകാൻ ഉപയോഗിച്ച രാസ വസ്തുക്കളുടെ രൂക്ഷഗന്ധം വീട്ടിൽ അനുഭവപ്പെട്ടിരുന്നു. കൊലപാതക ശേഷവും വിശദമായ ആസൂത്രണം ഇയാൾ നടത്തിയെന്നതിന്റെ തെളിവായാണ് ഇതെല്ലാം കണക്കാക്കപ്പെട്ടത്.
കൗറിനെ കാണാതായതിനെ തുടർന്ന് മറ്റ് ചില ബന്ധുക്കൾ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് അവിടെ മൃതദേഹം കണ്ടെത്തിയത്. കേസിന്റെ ആദ്യ ഘട്ടത്തിൽ തനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞ് ഇയാൾ പൊലീസിന് മുന്നിൽ അഭിനയിച്ചു. എന്നാൽ വിശദമായ അന്വേഷണത്തിൽ പൊലീസ് വസ്തുതകൾ ഓരോന്നായി കണ്ടെത്തി. മൃതദേഹം കുഴിച്ചു മൂടാനുള്ള ചാക്ക് വാങ്ങാനായി ഇയാൾ സംഭവ ദിവസം തൊട്ടടുത്ത കടയിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളും കിട്ടി. പൊലീസ് എത്തുമ്പോൾ വീടിന്റെ പിൻഭാഗത്ത് മൃതദേഹം കുഴിച്ചിടാൻ പാകത്തിൽ വലിയ കുഴിയുണ്ടാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam