
വാഷിങ്ടൺ: രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തി. ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചിനാകും പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുക. അമേരിക്കയിൽ നിന്ന് സൈനിക വിമാനങ്ങൾ വാങ്ങുന്നതുൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാകും. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തിലും ഇരു രാജ്യങ്ങളും ചർച്ചയിൽ നിലപാട് വ്യക്തമാക്കും. ഈ വർഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡോണൾഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും.
വാഷിങ്ങ്ടണിന് അടുത്തുള്ള ആൻഡ്രൂസ് എയർ ഫോഴ്‌സ് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങിയത്. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയർ ഹൗസിലേക്ക് താമസിക്കാനായി എത്തിയ മോദിക്ക് ഊഷ്‌മള വരവേൽപ്പാണ് ഇവിടെ ഒരുക്കിയത്. ബ്ലെയർ ഹൗസിന് മുന്നിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നിരവധി ഇന്ത്യക്കാരും എത്തിയിരുന്നു. അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് നേരെ എതിർ വശത്താണ് ബ്ലെയർ ഹൗസ് സ്ഥിതി ചെയ്യുന്നത്.
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച നടത്തിയേക്കും. സ്റ്റാർലിങ്ക് ഉപഗ്രഹ ശൃംഖല വഴി ബ്രോഡ്ബാൻഡ് സേവനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്‌തേക്കും. സ്റ്റാർലിങ്ക് സേവനം ഇന്ത്യയിൽ തുടങ്ങാൻ സന്നദ്ധമാണെന്ന് നേരത്തെ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. അതേസമയം ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് ചര്‍ച്ചയാകുമോ എന്ന് വ്യക്തമല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam