റൺവേയിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ അപ്രതീക്ഷിത ദുരന്തം; യുഎസിൽ അഗ്നിഗോളമായ വിമാനത്തിൽ ഇന്ത്യക്കാരനും

Published : Jun 19, 2026, 11:55 AM IST
 flight accident

Synopsis

സ്കൈഡൈവിംഗ് വിമാനം തകർന്ന് മരണപ്പെട്ട 12 പേരിൽ ഒരു ഇന്ത്യക്കാരനും. ആന്ധ്രാപ്രദേശ് സ്വദേശിയായ സായ് കാർത്തിക് വർമ്മ ദാത്‌ല ഉൾപ്പെടെ 12 പേരാണ് മരിച്ചത്. ബട്‌ലർ മെമ്മോറിയൽ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന ഉടൻ വിമാനം തകരുകയും തീപിടിക്കുകയുമായിരുന്നു. എൻജിൻ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

വാഷിംഗ്ടൺ: യുഎസിലെ മിസ്സോറിയിൽ സ്കൈഡൈവിംഗിനായി ഉപയോഗിച്ചിരുന്ന ചെറിയ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഇന്ത്യക്കാരനും. ആന്ധ്രാപ്രദേശ് സ്വദേശിയായ 24-കാരൻ സായ് കാർത്തിക് വർമ്മ ദാത്‌ലയാണ് മരണപ്പെട്ടത്. ഇദ്ദേഹം ഉൾപ്പെടെ 12 പേരാണ് അപകടത്തിൽ മരിച്ചത്. കാൻസസ് സിറ്റിയിൽ നിന്നും ഏകദേശം 80 മൈൽ തെക്കുള്ള ബേറ്റ്സ് കൗണ്ടിയിലെ ബട്‌ലർ മെമ്മോറിയൽ എയർപോർട്ടിലാണ് ഞായറാഴ്ച രാവിലെ അപകടം ഉണ്ടായത്.

ഞായറാഴ്ച രാവിലെ 11.35 ഓടെയാണ് വിമാനം സ്കൈ ഡൈവിംഗ് സംഘവുമായി ടേക്ക് ഓഫ് ചെയ്തത്. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പ്രകാരം കാൻസസ് സിറ്റിയിൽ ഐടി പ്രൊഫഷണലായി ജോലി ചെയ്യുകയായിരുന്നു കാർത്തിക്. യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ മിസ്സോറിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം ഹെൽത്ത് കെയർ ടെക്നോളജി മേഖലയിൽ പ്രവർത്തിക്കുകയായിരുന്നു. നിലവിൽ 'അഡ്വെന്റ് ഹെൽത്ത്' എന്ന സ്ഥാപനത്തിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. ഇതിന് മുൻപ് കാപ്‌ജെമിനിയിലും പ്രവർത്തിച്ചിട്ടുണ്ട്.

ബട്‌ലർ മെമ്മോറിയൽ എയർപോർട്ടിൽ നിന്നും പറന്നുയർന്ന ഉടനെയാണ് 2010 പസഫിക് എയ്‌റോസ്‌പേസ് 750XL എന്ന സിംഗിൾ എഞ്ചിൻ വിമാനം തകർന്നത്. പൈലറ്റും 11 സ്കൈഡൈവർമാരും അടക്കം വിമാനത്തിലുണ്ടായിരുന്ന 12 പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. വിമാനം റൺവേയ്ക്ക് സമീപമുള്ള പുൽത്തകിടിയിലേക്ക് വീഴുകയും നിമിഷങ്ങൾക്കകം തീപിടിക്കുകയുമായിരുന്നു.

റൺവേയിൽ നിന്ന് ഉയർന്ന ഉടൻ വിമാനത്തിന്‍റെ എൻജിൻ തകരാറിലായതായി സംശയമുണ്ട്. തുടർന്ന് അടിയന്തിരമായി ലാൻഡ് ചെയ്യുന്നതിനായി പൈലറ്റ് സമീപത്തെ ഹൈവേ ലക്ഷ്യമാക്കി വിമാനം തിരിക്കാൻ ശ്രമിച്ചതാകാ‍ം അപകടകാരണമെന്ന് എയർപോർട്ടിന്റെ ആക്ടിങ് മാനേജർ ഡെന്നിസ് ജേക്കബ്സ് പറഞ്ഞു.

അപകടത്തെക്കുറിച്ച് യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാണിജ്യ വിമാനങ്ങളിലേതുപോലെ ഈ വിമാനത്തിൽ 'ബ്ലാക്ക് ബോക്സ്' സംവിധാനം ഉണ്ടായിരുന്നില്ല. അതിനാൽ ദൃക്‌സാക്ഷികളുടെ മൊഴികളും അപകട സമയത്തെ ചിത്രങ്ങളും വീഡിയോകളും ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് പാരാഷൂട്ട് അസോസിയേഷൻ ടെക്നോളജി ഡയറക്ടറായ ജെൻ ഷാർപ്പും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. സ്കൈഡൈവിംഗ് രംഗത്ത് വളരെ പ്രശസ്തമായ വിമാന മോഡലാണ് പസഫിക് എയ്‌റോസ്‌പേസ് 750XL. അപകടത്തിന് മുൻപുള്ള ദിവസങ്ങളിൽ ഈ വിമാനം വിജയകരമായി 9 സർവീസുകൾ നടത്തിയിരുന്നതായി ഫ്ലൈറ്റ് ട്രാക്കിംഗ് കമ്പനിയായ ഫ്ലൈറ്റ് അവെയർ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ വെടിവെപ്പ്, ആളുകൾ പരിഭ്രാന്തരായി ചിതറിയോടി; ഒരാൾ പിടിയിൽ
തുറന്ന് പറഞ്ഞ് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനെയി; അമേരിക്കയുമായുള്ള ധാരണക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ല, സമ്മതിച്ചത് പ്രസിഡന്‍റിന്‍റെ ആ ഉറപ്പിൽ