
ലഖ്‌നൗ: നേപ്പാളിൽ അശാന്തി തുടരുന്നതിനിടെ ആന്ധ്രാപ്രദേശിൽ നിന്നുള്ള തീർത്ഥാടകരുടെ ബസ് കാഠ്മണ്ഡുവിനടുത്ത് അക്രമികൾ തകർക്കുകയും കൊള്ളയടിക്കുകയും ചെയ്തു. വ്യാഴാഴ്ചയാണ് സംഭനം. അക്രമത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന യുപി രജിസ്ട്രേഷൻ നമ്പർ ബസാണ് ആക്രമണത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. അക്രമികൾ ബസിന് നേരെ കല്ലെറിഞ്ഞു. യാത്രക്കാരുടെ ബാഗുകളും പണവും മൊബൈൽ ഫോണുകളും കൊള്ളയടിച്ചു. ഏഴ് മുതൽ എട്ട് വരെ യാത്രക്കാർക്ക് പരിക്കേറ്റു. നേപ്പാളിലെ സൈനികരാണ് അക്രമികളിൽ നിന്ന് രക്ഷപ്പെടുത്തിയതെന്ന് യാത്രക്കാർ പറഞ്ഞു. പിന്നീട് ഇന്ത്യൻ സർക്കാർ കാഠ്മണ്ഡുവിൽ നിന്ന് ദില്ലിയിലേക്ക് എല്ലാ യാത്രക്കാരെയും എയർലിഫ്റ്റ് ചെയ്യാൻ ഏർപ്പാട് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം യുപിയിലെ മഹാരാജ്ഗഞ്ചിനടുത്തുള്ള സോണൗലി അതിർത്തിയിൽ തകർന്ന ബസ് എത്തി.
ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെയാണ് ജനക്കൂട്ടം ആക്രമിച്ചതെന്ന് ആന്ധ്രയിൽ നിന്നുള്ള ബസ് ഡ്രൈവർ രാജ് പറഞ്ഞു. ആക്രമണകാരികൾ എല്ലാ ഗ്ലാസ് ചില്ലുകളും കല്ലുകൾ ഉപയോഗിച്ച് തകർത്തു, ഞങ്ങളുടെ സാധനങ്ങൾ കൊള്ളയടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിലെയും അതിർത്തി ജില്ലകളിൽ അതിർത്തി കടന്നുള്ള ഏതെങ്കിലും അനിഷ്ട സംഭവങ്ങളോ നിയമവിരുദ്ധ നീക്കങ്ങളോ തടയാൻ അതീവ ജാഗ്രതയിലാണ് അധികൃതർ. അതിർത്തിയുടെ ഇരുവശത്തുമുള്ള അധികാരികൾ പൗരത്വ കാർഡുകൾ പരിശോധിച്ചതിന് ശേഷം മാത്രമേ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന നേപ്പാളി പൗരന്മാരെ മാത്രമേ അതിർത്തി കടക്കാൻ അനുവദിക്കൂ.
നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളും തീർത്ഥാടകരും തൊഴിലാളികളും ബാച്ചുകളായി തിരിച്ചെത്താൻ തുടങ്ങി. നേപ്പാളിലെ എംബസി നേപ്പാൾ അധികൃതരുമായി ഏകോപിപ്പിച്ച് അവരുടെ ഗതാഗതത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ഡാർജിലിംഗിലെ പാനിറ്റാങ്കി അതിർത്തിയിൽ നിന്ന് 19 പെട്രോളിയം ടാങ്കറുകൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള മുപ്പത്തിയാറ് ട്രക്കുകൾ നേപ്പാളിലേക്ക് തിരിച്ചു. പാനിറ്റാങ്കി അതിർത്തി കടക്കാൻ മൂന്ന് ആംബുലൻസുകൾക്ക് അനുമതി നൽകി.