ഇന്ത്യക്കാരുടെ രോഷം ന്യായമാണ്, മാലദ്വീപ് സർക്കാർ ഇന്ത്യയോട് മാപ്പ് പറയണം: ഇവ അബ്ദുള്ള

Published : Jan 08, 2024, 11:22 AM IST
ഇന്ത്യക്കാരുടെ രോഷം ന്യായമാണ്, മാലദ്വീപ് സർക്കാർ ഇന്ത്യയോട് മാപ്പ് പറയണം: ഇവ അബ്ദുള്ള

Synopsis

താന്‍ വ്യക്തിപരമായി ഇന്ത്യയോട് മാപ്പ് പറയുന്നുവെന്ന് ഇവ അബ്ദുള്ള

മാലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂന്ന് മാലദ്വീപ് മന്ത്രിമാര്‍ അധിക്ഷേപിച്ച സംഭവത്തില്‍ ഇന്ത്യക്കാരുടെ രോഷം ന്യായമാണെന്ന് മാലദ്വീപ് എംപിയും മുന്‍ ഡപ്യൂട്ടി സ്പീക്കറുമായ ഇവ അബ്ദുള്ള. മാലദ്വീപ് സര്‍ക്കാര്‍ ഇന്ത്യക്കാരോട് മാപ്പ് പറയണമെന്നും ഇവ ആവശ്യപ്പെട്ടു. താന്‍ വ്യക്തിപരമായി ഇന്ത്യയോട് മാപ്പ് പറയുന്നുവെന്നും എംപി വ്യക്തമാക്കി. 

ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം ലജ്ജാകരവും വംശീയവുമാണെന്നാണ് ഇവ അബ്ദുള്ളയുടെ പ്രതികരണം- "ഇന്ത്യക്കാർ ന്യായമായും രോഷാകുലരാണ്. പരാമര്‍ശം അതിരുകടന്നതാണ്. എന്നാല്‍ ആ പരാമര്‍ശം ഒരു തരത്തിലും മാലദ്വീപ് ജനതയുടെ അഭിപ്രായത്തിന്റെ പ്രതിഫലനമല്ല. ലജ്ജാകരമായ പരാമര്‍ശത്തിന് ഇന്ത്യയിലെ ജനങ്ങളോട് വ്യക്തിപരമായി മാപ്പ് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു"- ഇവ പറഞ്ഞു. മാലദ്വീപ് സർക്കാർ മന്ത്രിമാരെ സസ്പെൻഡ് ചെയ്തതായി തനിക്കറിയാം. അതുപോരാ. സർക്കാർ ഇന്ത്യയിലെ ജനങ്ങളോട് ഔദ്യോഗികമായിത്തന്നെ മാപ്പ് പറയണമെന്നാണ് ഇവ വാര്‍ത്താഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞത്. 

പ്രധാനമന്ത്രി മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ ഫോട്ടോകളും വീഡിയോകളും പുറത്തുവന്നതിന് പിന്നാലെയാണ് ചില മാലദ്വീപ് മന്ത്രിമാർ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് അധിക്ഷേപകരമായ പരാമർശങ്ങൾ സോഷ്യല്‍ മീഡിയയില്‍ നടത്തിയത്. വിവാദങ്ങള്‍ക്കിടെ സാമൂഹിക മാധ്യമങ്ങളില്‍ മാലദ്വീപ് ബഹിഷ്കരണാഹ്വാനങ്ങള്‍ സജീവമായി. നിലപാട് കടുപ്പിച്ച ഇന്ത്യ, മാലദ്വീപ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി.

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; നിലപാട് കടുപ്പിച്ച് ഇന്ത്യ, മാലദ്വീപ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി

മാലദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷഹീബ് ആണ് ഇന്ന് രാവിലെ വിദേശകാര്യ മന്ത്രാലയത്തിലെത്തിയത്. പ്രധാനമന്ത്രിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ പരാമർശത്തിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു. തുടര്‍ന്ന് മന്ത്രിമാർക്കെതിരായി സ്വീകരിച്ച നടപടി മാലദ്വീപ് ഹൈക്കമ്മീഷണർ ഇന്ത്യയെ ഔദ്യോ​ഗികമായി അറിയിച്ചു. മിനിറ്റുകൾക്കകം മാലദ്വീപ് ഹൈക്കമ്മീഷണർ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും മടങ്ങി. അതേസമയം വിഷയത്തില്‍ തല്‍ക്കാലം പരസ്യ പ്രസ്താവന ഇപ്പോഴില്ലെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

യുദ്ധഭീതിയിൽ യൂറോപ്പ്; സൈനീകരുടെ എണ്ണം കൂട്ടാൻ രാജ്യങ്ങൾ പക്ഷേ, മരിക്കാനില്ലെന്ന് യുവാക്കൾ
ഞെട്ടിക്കുന്ന വീഡിയോ! അടിയന്തിര ലാന്‍ഡിംഗ് നടത്തിയ ചെറുവിമാനം കാറിലിടിച്ചു, അപകടം ഫ്ലോറിഡയിൽ, കാർ യാത്രക്കാരിക്ക് പരിക്ക്