ഭീതി ഒഴിഞ്ഞ ലോകം സ്വപ്നം കാണുന്ന യുഎൻ, ആണവായുധപരീക്ഷണ വിരുദ്ധദിനത്തിലും ലക്ഷ്യം അകലെയോ?

Published : Aug 29, 2022, 06:31 PM ISTUpdated : Aug 29, 2022, 06:32 PM IST
ഭീതി ഒഴിഞ്ഞ ലോകം സ്വപ്നം കാണുന്ന യുഎൻ, ആണവായുധപരീക്ഷണ വിരുദ്ധദിനത്തിലും ലക്ഷ്യം അകലെയോ?

Synopsis

1945 ജൂലൈ പതിനാറിനാണ് ആണവായുധപരീക്ഷണം ആദ്യമായി നടക്കുന്നത്. അന്നുമുതൽ ഇങ്ങോട്ട് ഏതാണ്ട് രണ്ടായിരത്തിലധികം തവണ ആണവായുധങ്ങൾ പരീക്ഷിക്കപ്പെട്ടു

1945 ജൂലൈ പതിനാറിനാണ് ആണവായുധപരീക്ഷണം ആദ്യമായി നടക്കുന്നത്. അന്നുമുതൽ ഇങ്ങോട്ട് ഏതാണ്ട് രണ്ടായിരത്തിലധികം തവണ ആണവായുധങ്ങൾ പരീക്ഷിക്കപ്പെട്ടു. പരീക്ഷണങ്ങൾക്ക് ശേഷം ബാക്കിയാവുന്ന ആണവകണങ്ങളെ കുറിച്ചോ ആണവായുധ പരീക്ഷണങ്ങൾ വഴി മാനവരാശി നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചോ ആദ്യമൊന്നും ആരും ഗൗരവത്തോടെ ആലോചിച്ചിരുന്നില്ല. 

പരീക്ഷണങ്ങൾ കൂടുകയും ആണവായുധപോഗയോഗ ഭീഷണി തലവേദനയാവുകയും ചെയ്തത് അങ്ങനെയാണ്. ഇതേത്തുടർന്നാണ് 2009 ഡിസംബർ രണ്ടിന് നടന്ന യുഎൻ പൊതുസഭയുടെ അറുപത്തിനാലാം സമ്മേളനം ആണവായുധ പരീക്ഷണങ്ങളുണ്ടാക്കുന്ന കുഴപ്പങ്ങളെ കുറിച്ച് അവബോധം ഉണർത്താനായി ദിനാചാരണം തീരുമാനിച്ചത്. ഏകകണ്ഠമായിരുന്നു തീരുമാനം. അങ്ങനെ 2010 ഓഗസ്റ്റ് 29 ആദ്യമായി ആണവായുധപരീക്ഷണ വിരുദ്ധദിനമായി ആചരിക്കപ്പെട്ടു. 

അന്നു തൊട്ട് വിവിധ രാജ്യങ്ങളും സമിതികളും പ്രസ്ഥാനങ്ങളുമെല്ലാം  ആണവായുധപരീക്ഷണങ്ങൾക്ക് എതിരെ വിവിധ പരിപാടികൾ നടത്തുന്നു. സന്പൂർണ ആണവനിരായുധീകരണമാണ് ലോകത്തിന്റെ ആണവഭീഷണി ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ നടപടി എന്ന് വിലയിരുത്തിയാണ് സെപ്തംബർ 26,  സന്പൂർണ ആണവായുധ നിരസ്കരിക്കൽ  ദിനമായി ആചരിക്കാനുള്ള ഐക്യരാഷ്ട്ര പൊതുസഭയുടെ അനുബന്ധ തീരുമാനം വന്നത്.  2014-ലായിരുന്നു ആ തീരുമാനം. ലോകത്തിന് സമാധാനത്തിന്റെ ആശ്വാസം പകരലായിരുന്നു ഈ തീരുമാനങ്ങളുടെ എല്ലാം ആത്യന്തികലക്ഷ്യം. അതിനായുള്ള ഉടന്പടി CTBT അഥവാ (Comprehensive Nuclear Test Ban Treaty) അഥവാ സമഗ്ര ആണവായുധ പരീക്ഷണ നിരോധന ഉടന്പടി പക്ഷേ ഇനിയും നടപ്പായിട്ടില്ല. 

1996 സെപ്തംബർ പത്തിനാണ് യുഎൻ പൊതുസഭ CTBT മുന്നോട്ടു വെക്കുന്നത്. ഇതുവരെ ഒപ്പിട്ടത് 185 രാജ്യങ്ങൾ. ഉടന്പടി സാധുവാക്കിയത് (ratified) 170 രാജ്യങ്ങൾ.  പ്രബല ആണവരാജ്യങ്ങൾ അംഗീകാരം നൽകിയാതെ ഉടന്പടി പ്രാബല്യത്തിൽ വരൂ, എന്നാൽ മാത്രമേ CTBT കൊണ്ട് കാര്യമുണ്ടാവു. ആണവായുധങ്ങൾ മാനവരാശിക്ക് തന്നെ ഭീഷണിയാണ് എന്ന കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ തർക്കമില്ല. പക്ഷേ പല കൂട്ടർക്കും സംശയം നിഗൂഢമായി രഹസ്യമായി നടക്കാൻ സാധ്യതയുള്ള ആണവപരീക്ഷണങ്ങളെ കുറിച്ചാണ്. 

മറ്റൊരു സംശയം പരീക്ഷണങ്ങൾ ഒന്നും നടത്തിയില്ലെങ്കിൽ നടന്നില്ലെങ്കിൽ വികസിപ്പിച്ചെടുക്കുന്ന ആയുധങ്ങളുടെ വിശ്വാസ്യത എങ്ങനെ തെളിയിക്കും, മനസ്സിലാക്കും എന്നുള്ളതാണ്. ആണവഭീഷണി ഒഴിവാക്കുക, ആണവയുദ്ധം ഒഴിവാക്കുക, ആണവായുധങ്ങളുടെ അപാരശക്തി തെറ്റായ കരങ്ങളിൽ തെറ്റായ ഉപയോഗത്തിന് എത്താതിരിക്കുക ഇത്യാദികളെല്ലാം ലോകസമാധാനത്തിന് എത്ര മാത്രം പ്രധാനമാണെന്ന് ഓർമപ്പെടുത്തിയാണ് ഐക്യരാഷ്ട്രസഭ ഈ സംശയങ്ങളെ നേരിടുന്നത്. 

ആണവായുധങ്ങളുടെ നിർവ്യാപനവും നിരായുധീകരണവും എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് ആണവായുധ പരീക്ഷണ നിരോധനം. പുതിയ പരിഷ്കരിച്ച ആണവായുധങ്ങൾ വികസിപ്പിക്കുന്നില്ല , നിർമിക്കപ്പെടുന്നില്ല,  ശേഖരിക്കപ്പെടുന്നില്ല എന്നൊക്കെ ഉറപ്പിക്കേണ്ടത് ലോകത്തിന്റെ തന്നെ സമാധാനത്തിന് അത്യന്താപേക്ഷിതമാണ്.  ആണവായുധ  നിർവ്യാപനമെന്ന ഉത്തരവാദിത്തത്തിൽ നിന്ന് ഏതെങ്കിലും രാജ്യങ്ങൾ ഒഴിഞ്ഞുമാറുന്നില്ല, ധാരണ തെറ്റിക്കുന്നില്ല എന്നുറപ്പാക്കാനും CTBT അവശ്യം വേണം. 

Read more: ആണവായുധ പദ്ധതി കൂടുതൽ ശക്തമാക്കുമെന്ന് കിം ജോങ് ഉൻ

ഇനിയും ഉടന്പടിക്ക് വഴങ്ങാത്ത രാജ്യങ്ങളോട് ഐക്യരാഷ്ട്ര സഭ ആവർത്തിച്ച് ഓർമിപ്പിക്കുന്നതും ഇതു തന്നെയാണ്. CTBT അംഗീകരിക്കൂ എന്നത് യുഎൻ പ്രധാന ആഹ്വാനമായി ആവർത്തിക്കുന്നതും അതു കൊണ്ടു തന്നെ. അധികം വൈകാതെ എല്ലാ രാജ്യങ്ങളും CTBT അംഗീകരിക്കും, ഉടന്പടി പ്രാബല്യത്തിലാകും,  ലോകത്തെ ആണവായുധങ്ങൾ നിഷ്കാസനം ചെയ്യാനാകും, ലോകം ആശങ്കകളില്ലാതെ  സുഖമായി ഉറങ്ങും...ഭീതി ഒഴിഞ്ഞ ഒരു ലോകം ഐക്യരാഷ്ട്രസഭ ഇപ്പോഴും സ്വപ്നം കാണുന്നതു കൊണ്ടാണ് ആണവായുധങ്ങളുടെ പരീക്ഷണം നിർത്താൻ അവർ പറഞ്ഞു കൊണ്ടേയിരിക്കുന്നത്. 

PREV
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം