
കിരിബാറ്റി(ഓഷ്യാനിയ): വന്‍ ദുരന്തത്തിന് വഴിവച്ച് കിരിബാറ്റി ഫെറി അപകടത്തെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. 2018 ഫെബ്രുവരിയില്‍ പസഫിക് സമുദ്രത്തിലുണ്ടായ ഫെറി അപകടത്തില്‍ കുട്ടികളും മുതിര്‍ന്നവരും അടക്കം 95 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഫെറി അപകടത്തില്‍പ്പെട്ടതിനേക്കുറിച്ച് വിവരം ലഭിക്കാതെ പോയതാണ് ആളപായം ഇത്രയധികമായി വര്‍ധിക്കാന്‍ കാരണമായി പറഞ്ഞിരുന്നത്.
അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് ഒരു വര്‍ഷം കഴിഞ്ഞ് ലഭിക്കുന്ന റിപ്പോര്‍ട്ട് ആരേയും ഞെട്ടിക്കും. കൊപ്ര കയറ്റിക്കൊണ്ട് പോകാന്‍ മാത്രം ലൈസന്‍സുള്ള എം വി ബറ്റിറോയ് എന്ന ഫെറിയില്‍ 102 പേരെ കയറ്റിയായിരുന്നു നടുക്കടലിലൂടെ സര്‍വ്വീസ് നടത്തിയത്. നടുക്കടലില്‍ അപകടം നടന്ന് എട്ടാം ദിവസമാണ് വിവരം പുറത്തറിഞ്ഞത്. അഞ്ച് യാത്രക്കാരും രണ്ട് ക്രൂ അംഗങ്ങളും മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്.
നടുക്കടലില്‍ പട്ടിണി കിടന്നും നിര്‍ജ്ജലീകരണം മൂലവുമാണ് അധികമാളുകള്‍ മരിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഗര്‍ഭിണിയായ ഒരു യാത്രക്കാരി കുഞ്ഞിന് ജന്മം നല്‍കുന്നതിനിടയിലുമാണ് മരിച്ചതെന്നാണ് അന്വേഷണക്കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. 2018 ജനുവരി 18നായിരുന്നു നോനൂട്ടി ദ്വീപില്‍ നിന്നും ടരാവയിലേക്ക് പുറപ്പെട്ടതായിരുന്നു ഫെറി. 260കിലോമീറ്റര്‍ ദൂരമായിരുന്നു ഫെറിക്ക് താണ്ടാനുണ്ടായിരുന്നത്. തീരത്ത് നിന്ന് ഏതാനും മണിക്കൂറുകള്‍ അകലെയായിരുന്നു അപകടം നടക്കുമ്പോള്‍ ഫെറിയുണ്ടായിരുന്നത്. എന്നാല്‍ ലൈസന്‍സില്ലാതെ ആളെ കയറ്റിയതിനാല്‍ അപകടത്തില്‍ പെട്ടത് കപ്പിത്താന്‍ അറിയിച്ചില്ലെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തി.
ഫെറിയിലെ റേഡിയോ സംവിധാനം പുറപ്പെടുന്നതിന് ഏറെ ദിവസങ്ങള്‍ക്ക് മുന്‍പേ തകരാറില്‍ ആയിരുന്നു. ഫെറി എത്തിച്ചേരേണ്ട സമയം പിന്നിട്ടിട്ടും ഉറ്റവരെ പറ്റി വിവരമില്ലാതായി വന്ന പരാതിയെ തുടര്‍ന്നായിരുന്നു ഫെറിയ്ക്ക് വേണ്ടി തിരച്ചില്‍ തുടങ്ങിയത്. കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ചുള്ള ഒരുവിധ മുന്നറിയിപ്പും സ്വീകരിക്കാതെയായിരുന്നു കപ്പിത്താന്‍ യാത്ര തുടങ്ങിയത്. കടല്‍ ക്ഷോഭം മാത്രമല്ല ഫെറി തകരാന്‍ കാരണമായതെന്നും കമ്മീഷന്‍ കണ്ടെത്തി.
കൃത്യസമയത്ത് അറ്റകുറ്റപ്പണികള്‍ ഫെറിയില്‍ നടത്തിയിരുന്നില്ലെന്നും കമ്മീഷന്‍ വിശദമാക്കി. ഫെറിയില്‍ ഉണ്ടായിരുന്ന അലുമിനിയം ബോട്ടിലും തകരാറുണ്ടായിരുന്നു, ഇതില്‍ കയറാന്‍ സാധിച്ചവര്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. ഫെറിയില്‍ ആവശ്യത്തിന് ലൈഫ് ജാക്കറ്റുകളുണ്ടായിരുന്നില്ലെന്നും കമ്മീഷന്‍ വിശദമാക്കി. കപ്പിത്താന്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam