
ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ ഉയർന്ന പ്രതിസന്ധിക്കിടയിലും എണ്ണ വില്പനയിലൂടെ ഇറാൻ പ്രതിദിനം 139 ദശലക്ഷം ഡോളർ (ഏകദേശം 1,160 കോടി രൂപയിലധികം) വരുമാനം നേടുന്നതായി റിപ്പോർട്ട്. ഫെബ്രുവരി അവസാനം യുദ്ധം ആരംഭിച്ചതു മുതൽ ആഗോള വിപണിയിൽ എണ്ണവില വർധിച്ചതും ഇറാൻ്റെ ക്രൂഡ് ഓയിലിന് ആവശ്യക്കാർ ഏറിയതുമാണ് വരുമാനം ഉയരാൻ കാരണം. ഫെബ്രുവരി മാസത്തിൽ 115 ദശലക്ഷം ഡോളറായിരുന്ന ഇറാന്റെ പ്രതിദിന ശരാശരി വരുമാനം മാർച്ച് ആയപ്പോഴേക്കും 139 ദശലക്ഷം ഡോളറായി ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതാണ് ഇറാന് ഗുണകരമായത്. നിലവിൽ ഹോർമുസ് കടലിടുക്ക് വഴി എണ്ണ കയറ്റുമതി ചെയ്യാൻ സാധിക്കുന്ന ഏക പ്രധാന രാജ്യം ഇറാനാണെന്നതും അവരുടെ വിപണി മൂല്യം വർധിപ്പിച്ചു.
ഗൾഫ് മേഖലയിലെ മറ്റ് എണ്ണ ഉത്പാദക രാജ്യങ്ങളായ ഇറാഖ്, കുവൈത്ത് തുടങ്ങിയവർക്ക് ഉത്പാദനം കുറയ്ക്കേണ്ടി വന്നപ്പോൾ ഇറാൻ തങ്ങളുടെ കയറ്റുമതി കുറച്ചില്ല. യുദ്ധത്തിന് മുൻപത്തെ പ്രതിദിന ഉൽപ്പാദനമായ 1.6 ദശലക്ഷം ബാരലിൽ തന്നെ ഇറാൻ ഇത് നിലനിർത്തുന്നുണ്ട്. ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിൽ നിന്നുള്ള കപ്പൽ നീക്കം സജീവമായി തുടരുകയാണ്. പ്രധാനമായും ചൈനയിലേക്കാണ് ഇറാൻ വലിയ തോതിൽ എണ്ണ കയറ്റുമതി ചെയ്യുന്നത്. എണ്ണ വില്പനയ്ക്ക് പുറമെ, ഹോർമുസ് കടലിടുക്ക് കടന്നുപോകുന്ന ചില വാണിജ്യ കപ്പലുകളിൽ നിന്ന് ട്രാൻസിറ്റ് ഫീസായി 2 ദശലക്ഷം ഡോളർ വരെ ഇറാൻ ഈടാക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭാഗത്തുനിന്നുള്ള സൈനിക സമ്മർദ്ദങ്ങൾക്കിടയിലും, എണ്ണയിലൂടെ ലഭിക്കുന്ന ഈ വൻ വരുമാനം ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam