
ടെൽ അവിവ്: ഇറാൻ ഇസ്രയേലിലെ നഗരങ്ങളിൽ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചെന്ന് റിപ്പോർട്ട്. ഇസ്രയേലി നഗരങ്ങളിൽ പതിച്ചതിൽ ഒന്നിലേറെ ക്ലസ്റ്റർ ബോംബുകൾ ഉണ്ടായിരുന്നുവെന്ന് ഇസ്രയേലി സൈന്യം പറയുന്നു. ഇസ്രയേൽ - ഇറാൻ സംഘർഷം എട്ടാം ദിവസത്തിൽ എത്തിനിൽക്കുകയാണ്.
ഇസ്രയേലിന്‍റെ ശക്തമായ വ്യോമപ്രതിരോധ സംവിധാനത്തെ തകർത്താണ് ഇറാന്‍റെ ആക്രമണം. ഒറ്റയെണ്ണമായി തൊടുക്കുന്ന ക്ലസ്റ്റർ ബോംബ് ലക്ഷ്യത്തിലെത്തുമ്പോൾ നൂറു കണക്കിന് ചെറിയ ബോംബുകളായി പൊട്ടിത്തെറിക്കും. വ്യാപകമായ നാശം വിതയ്ക്കാൻ ശേഷിയുള്ള ബോംബുകളാണിവ. ദീർഘ ദൂര മിസൈലുകൾക്കൊപ്പമാണ് ഇറാൻ ക്ലസ്റ്റർ ബോംബുകൾ തൊടുത്തതെന്ന് ഇസ്രയേൽ സൈന്യം പറയുന്നു.
ഇറാൻ വിക്ഷേപിച്ച ക്ലസ്റ്റർ ബോംബ് അന്തരീക്ഷത്തിലെ ഏഴ് കിലോമീറ്ററിന് മുകളിൽ പൊട്ടി എട്ട് കിലോമീറ്റർ പരിധിയിൽ വീണെന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്. സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണമെന്നും ഇത് യുദ്ധകുറ്റകൃത്യമാണെന്നും ഇസ്രയേൽ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫീ ഡെഫ്രിൻ പറഞ്ഞു.
മധ്യ ഇസ്രയേലി പട്ടണമായ അസോറിലെ ഒരു വീട്ടിൽ പതിച്ച ബോംബ് നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. അതേസമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇനിയും പൊട്ടാത്ത ബോംബുകൾ പല സ്ഥലങ്ങളിലും വീണിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും സൈന്യം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
നേരത്തെ ക്ലസ്റ്റർ ബോബുകളുടെ നിരോധനം ലോക രാജ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ കരാറിൽ ഒപ്പുവയ്ക്കാൻ വിസമ്മതിച്ച രാജ്യമാണ് ഇസ്രയേൽ. അന്ന് ഇറാനും കരാറിനെ എതിർത്തിരുന്നു. 2023 ൽ അമേരിക്ക റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രൈന് ക്ലസ്റ്റർ ബോംബുകൾ നൽകി. റഷ്യൻ സൈന്യം തിരിച്ചും ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചതായി യുക്രൈൻ ആരോപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam