
വാഷിംഗ്ടൺ: അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഡയറക്ടർ കാഷ് പട്ടേലിന്റെ സ്വകാര്യ ഇമെയിൽ അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോർട്ട്. ഇറാൻ സർക്കാരുമായി ബന്ധമുള്ള 'ഹന്ദാല ഹാക്ക് ടീം' എന്ന ഹാക്കർ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നാണ് വിവരം. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഏറ്റവും വിശ്വസ്തനാണ് ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ. ഇദ്ദേഹത്തിൻ്റെ ഇമെയിലിൽ നിന്നുള്ള ചില വ്യക്തിഗത ചിത്രങ്ങളും ബയോഡാറ്റയും ഹാക്കർമാർ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചു.
ഇമെയിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം യുഎസ് നീതിന്യായ വകുപ്പിലെ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് സ്ഥിരീകരിക്കുന്നു. ഓൺലൈനിൽ പ്രചരിക്കുന്ന രേഖകൾ ആധികാരികമാണെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി. എങ്കിലും ഇവ 2010-നും 2019-നും ഇടയിലുള്ളതാണെന്നും അവയ്ക്ക് നിലവിലെ സർക്കാർ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധമില്ലെന്നും എഫ്ബിഐ വക്താവ് പ്രതികരിച്ചു. വ്യക്തിഗത വിവരങ്ങൾ ചോർന്നെന്ന് വ്യക്തമായ സാഹചര്യത്തിൽ, കൂടുതൽ വെല്ലുവിളി എഫ്ബിഐ ഇപ്പോൾ നേരിടുന്നുണ്ട്. ഇതിൻ്റെ ആഘാതം പരമാവധി കുറയ്ക്കാൻ ലക്ഷ്യമിട്ട് സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് എഫ്ബിഐ വ്യക്തമാക്കി.കഴിഞ്ഞ ആഴ്ച ഹന്ദാല ഗ്രൂപ്പിന്റെ ചില വെബ്‌സൈറ്റുകൾ അമേരിക്കൻ ഏജൻസികൾ ഇല്ലാതാക്കിയിരുന്നു. ഈ ഗ്രൂപ്പിൻ്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട്, ഗ്രൂപ്പ് അംഗങ്ങളെ പിടികൂടാൻ 10 മില്യൺ ഡോളർ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് ഈ ഹാക്കിംഗ് എന്ന് ഹാക്കർമാർ അവകാശപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam