
ടെൽ അവീവ്: ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മാഗൻ ഡേവിഡ് അഡോം (എംഡിഎ) എന്ന പാരാമെഡിക്കൽ ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. സെൻട്രൽ ഇസ്രായേലിലെ റാമത് ഗാൻ നഗരത്തിലാണ് ആക്രമണമുണ്ടായത്. മിസൈലിൻ്റെ ചീളുകൾ തറച്ച് ഗുരുതരമായി പരിക്കേറ്റ ഒരു പുരുഷനും സ്ത്രീയും മരിച്ചതായി എംഡിഎയുടെ പാരാമെഡിക്കൽ സംഘം സംഭവസ്ഥലത്ത് വെച്ച് സ്ഥിരീകരിച്ചു.
ടെൽ അവീവിന് തൊട്ടടുത്തുള്ള ബെനി ബ്രാക്ക് നഗരത്തിലും മിസൈൽ ചീളുകൾ പതിച്ചു. ഇവിടെ ഒരാൾക്ക് നിസാര പരിക്കേറ്റതായും എംഡിഎ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ജനങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഇസ്രായേലിൻ്റെ ഹോം ഫ്രണ്ട് കമാൻഡ് ആവശ്യപ്പെട്ടു. ഈ നിർദ്ദേശങ്ങൾ ജീവൻ രക്ഷിക്കാൻ സഹായിച്ചിട്ടുണ്ടെന്നും മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ അതനുസരിച്ച് പ്രവർത്തിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
‘ആക്രമണമുണ്ടായ സ്ഥലങ്ങളിലേക്ക് ഹോം ഫ്രണ്ട് കമാൻഡിൻ്റെ റെഗുലർ, റിസർവ് വിഭാഗങ്ങളിലെ രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ട്. അവർ ജനങ്ങൾക്ക് സഹായം നൽകിവരുന്നു. ജനങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങൾ തുടർന്നും പാലിക്കണം’. ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ് (ഐഡിഎഫ്) എക്സിൽ കുറിച്ചു.
‘സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം, സുരക്ഷിത ഇടങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ അനുമതി നൽകുന്നു. എന്നാൽ ഹോം ഫ്രണ്ട് കമാൻഡിൻ്റെ നിർദ്ദേശങ്ങൾ തുടർന്നും പാലിക്കണം. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. അത്തരം സ്ഥലങ്ങളിൽ കൂട്ടം കൂടുന്നത് ഒഴിവാക്കണം'. ഐഡിഎഫ് മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കി. സെൻട്രൽ ഇസ്രയേലിലെ വിവിധ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിൻ്റെ കൂടുതൽ ദൃശ്യങ്ങളും ഹോം ഫ്രണ്ട് കമാൻഡ് പുറത്തുവിട്ടു.
അതേസമയം, 'റോറിംഗ് ലയൺ' എന്ന സൈനിക നടപടിയുടെ ഭാഗമായി ലെബനനിലുടനീളമുള്ള ഹിസ്ബുള്ള റോക്കറ്റ് ലോഞ്ചറുകളും ഭീകരവാദികളെയും ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി സൈന്യം ചൊവ്വാഴ്ച അറിയിച്ചു. 'റോറിംഗ് ലയൺ' ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം, ഇസ്രായേലിലെ പൗരന്മാർക്കുള്ള ഭീഷണി ഒഴിവാക്കാൻ ലെബനനിലുടനീളമുള്ള ഹിസ്ബുള്ളയുടെ നൂറുകണക്കിന് റോക്കറ്റ് ലോഞ്ചറുകൾ ഐഡിഎഫ് തകർത്തു'. പോസ്റ്റിൽ പറയുന്നു.
ഇതിനിടെ ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാൻ്റെ തീരദേശത്തെ അതീവ സുരക്ഷയുള്ള മിസൈൽ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. 2267 കിലോഗ്രാം ഭാരമുള്ള 'ഡീപ് പെനട്രേറ്റർ' ഗണത്തിലുള്ള ഒന്നിലധികം ബോംബുകളാണ് ഇതിനായി ഉപയോഗിച്ചത്. ഈ കേന്ദ്രങ്ങളിലെ കപ്പൽവേധ ക്രൂയിസ് മിസൈലുകൾ കടലിടുക്കിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയായിരുന്നുവെന്നും യുഎസ് സെൻട്രൽ കമാൻഡ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam