
ടെഹ്റാൻ: മേഖലയുടെ സ്ഥിരതയ്ക്ക് പരസ്പര സഹകരണം അനിവാര്യമെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാന്‍. ജനങ്ങളുടെ അഭിലാഷങ്ങൾ മാനിക്കണമെന്നും മേഖലയിലെ ജനങ്ങൾ ഇസ്രായേൽ - അമേരിക്ക ആക്രമണത്തിന് എതിരെന്നും പ്രസിഡൻ്റ് പറഞ്ഞു. അതിനിടെ, ബഹ്റൈൻ - യുഎഇ സംയുക്ത ദൗത്യ സംഘത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ യുഎഇ സേനയിലെ സിവിലിയൻ കോൺട്രാക്ടർ ബഹ്‌റൈനിൽ കൊല്ലപ്പെട്ടു. മൊറൊക്കോ പൗരനാണ് മരിച്ചത്. അഞ്ചു സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ദുബായ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓൺലൈൻ ക്ലാസ് നീട്ടി. ഏപ്രിൽ മൂന്നു വരെയാണ് ഓൺലൈൻ ക്ലാസുകൾ.
അതേസമയം, മൂന്നാഴ്ചയായി തുടരുന്ന യുദ്ധം ലോകത്താകെ ഊർജ്ജ പ്രതിസന്ധിക്ക് ഇടയാക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഹോർമൂസ് കടലിടുക്ക് തുറക്കേണ്ടതിനെ സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍ കുറിച്ചു. സമാധാനവും സ്ഥിരതയും നിലനിർത്താൻ ശ്രമങ്ങൾ തുടരുമെന്ന് കുറിച്ച മോദി, അന്താരാഷ്ട്ര വ്യാപാരത്തിന് നിർണ്ണായകമായ ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിൻ്റെ നിലപാടിനോട് യോജിപ്പ് അറിയിച്ചു. ട്രംപുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷമാണ് നരേന്ദ്രമോദിയുടെ പ്രതികരണം.
പശ്ചിമേഷ്യന്‍ സംഘർഷങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന ചർച്ചകൾ നടക്കുന്നുവെന്ന് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി മോദിയുമായുള്ള സംഭാഷണം. ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കേണ്ടതിന്റെ പ്രാധാന്യവും ഇരു നേതാക്കളും ചർച്ച ചെയ്തതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ എക്‌സിലൂടെ അറിയിച്ചു. 'അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. ഹോർമുസ് കടലിടുക്ക് തുറന്ന് കൊടുക്കേണ്ടതിന്റെ പ്രാധാന്യം ഉൾപ്പെടെ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു"- സെർജിയോ ഗോർ പോസ്റ്റില്‍ കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam