നയതന്ത്ര ചർച്ചകൾ ഊർജിതം, വഴിത്തിരിവാകുമോ പുതിയ നീക്കങ്ങൾ? അമേരിക്കയുമായുള്ള ചർച്ചയ്ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ

Published : Apr 27, 2026, 01:14 AM IST
trump iran new proposal

Synopsis

ആണവ വിഷയത്തിലും ഹോർമുസിലെ ഗതാഗതത്തിലും വിട്ടുവീഴ്ചയില്ലെന്ന് പാകിസ്ഥാൻ വഴി അറിയിച്ച ഇറാൻ, സമാധാനപരമായ ആണവ പദ്ധതി ഉപേക്ഷിക്കില്ലെന്നും വ്യക്തമാക്കി. ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾ സമവായത്തിനായി ശ്രമിക്കുമ്പോഴും നേരിട്ടുള്ള  യുഎസ് - ഇറാൻ ചർച്ചകൾക്കുള്ള സാധ്യത നിലവിൽ ഇല്ല

ടെഹ്റാൻ: അമേരിക്കയുമായുള്ള ചർച്ചകൾക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ. ആണവ പദ്ധതികളുടെ കാര്യത്തിലും ഹോർമുസിലെ ഗതാഗതത്തിലും നിയന്ത്രണങ്ങൾക്ക് വഴങ്ങില്ലെന്നാണ് ഇറാന്‍റെ തീരുമാനം. ഇക്കാര്യം രേഖാമൂലം പാകിസ്ഥാൻ വഴി അമേരിക്കയെ അറിയിച്ചെന്ന് ഫാർസ് ന്യൂസ്‌ ഏജൻസി റിപ്പോർട്ട് ചെയ്തു. സമാധാനപരമായ ആണവ പദ്ധതി ഉപേക്ഷിക്കില്ല എന്നതാണ് ഇറാൻ മുൻപ് പ്രഖ്യാപിച്ച നിലപാട്. ഹോർമുസ് കടക്കാൻ കപ്പലുകളിൽ നിന്ന് ഇറാൻ പണം ഈടാക്കാനും തുടങ്ങിയിരുന്നു. ഈ രണ്ട് കാര്യങ്ങളിലും വിട്ടുവീഴ്ചയ്ക്ക് ഇറാൻ തയ്യാറല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനിടെ ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾ സമവായത്തിനായി നയതന്ത്ര ചർച്ചകൾ സജീവമാക്കി.

ഖത്തർ പ്രധാനമന്ത്രി, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി, ഫ്രാൻസ് വിദേശകാര്യ മന്ത്രി എന്നിവർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി ഫോണിൽ സംസാരിച്ചു. സൗദി വിദേശകാര്യ മന്ത്രിയും ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ യുഎഇ വിദേശകാര്യ മന്ത്രിയുമായി ആശയം വിനിമയം നടത്തി. അതിനിടെ മധ്യസ്ഥ ചർച്ച കഴിഞ്ഞ് ഒമാനിലേക്ക് പോയ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പാകിസ്ഥാനിൽ തിരിച്ചെത്തിയിട്ടുണ്ട്. അടുത്തതായി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി ഇറാൻ വിദേശകാര്യ മന്ത്രി സംസാരിക്കും. ഇറാന്‍റെ യുറേനിയം ശേഖരം കസ്റ്റഡിയിൽ വയ്ക്കാമെന്ന് റഷ്യ നേരത്തെ അറിയിച്ചതുമാണ്. മാത്രമല്ല ഇറാന്‍റെ സിവിലിയൻ ആണവ പദ്ധതികൾക്ക് സഹായം നൽകുന്നതും റഷ്യയാണ്. അതുകൊണ്ട് ഒരു സമവായ ഫോർമുലയ്ക്ക് ഇപ്പോഴും സാധ്യതകളുണ്ട്.

അതിനിടെ ഇറാൻ - അമേരിക്ക ചർച്ചകൾക്കായി ഒരുക്കിയ സെറീന ഹോട്ടൽ പരിസരത്തെ നിയന്ത്രണങ്ങൾ പാകിസ്ഥാൻ പിൻവലിച്ചു. റെഡ് സോൺ മേഖലയും ഒഴിവാക്കി. നേരിട്ടുള്ള ചർച്ചകൾ ഉടനെ അമേരിക്കയും ഇറാനും തമ്മിൽ നടക്കാനുള്ള സാധ്യതകൾ അവസാനിച്ചതോടെ ആണിത്. എങ്കിലും നയതന്ത്ര തലത്തിലെ ഊർജിതമായ ശ്രമങ്ങൾ സമാധാനത്തിലേക്ക് വഴിതുറക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ലോകം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേറ്റോയിൽ വിള്ളൽ വീഴുമോ? ഇറാൻ യുദ്ധത്തിന് പിന്നാലെ സ്വന്തം സഖ്യ കക്ഷികൾക്കെതിരെ യുഎസ് നീക്കം
ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയും മരിച്ചോ?, തെരുവിൽ രക്തസാക്ഷികൾക്കൊപ്പം ചുമര്‍ ചിത്രത്തിൽ സ്ഥാനം, പ്രതികരിക്കാതെ ഇറാൻ