ഇറാന്റെ സ്റ്റേറ്റ് ടിവി ഹാക്ക് ചെയ്ത് ഹാക്കർമാർ, ആയത്തുള്ള ഖമേനിയുടെ ചിത്രത്തിൽ 'തീപിടിപ്പിച്ചു'

Published : Oct 09, 2022, 03:21 PM ISTUpdated : Oct 09, 2022, 03:23 PM IST
ഇറാന്റെ സ്റ്റേറ്റ് ടിവി ഹാക്ക് ചെയ്ത് ഹാക്കർമാർ, ആയത്തുള്ള ഖമേനിയുടെ ചിത്രത്തിൽ 'തീപിടിപ്പിച്ചു'

Synopsis

22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തെ തുടർന്നാണ് ഇറാനിൽ പ്രതിഷേധം ഉയർന്നത്. ഖമേനി ഉദ്യോഗസ്ഥരെ കാണുന്നതിന്റെ ദൃശ്യങ്ങൾ ഹാക്ക്  ചെയ്ത് തടസ്സപ്പെടുത്തി.

പാരിസ്: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കെ സ്റ്റേറ്റ് ടെലിവിഷൻ ചാനലിലെ തത്സമയ വാർത്താ സംപ്രേക്ഷണം ഹാക്ക് ചെയ്തു ഡിജിറ്റൽ ആക്ടിവിസ്റ്റുകൾ. ചാനൽ ഹാക്ക് ചെയ്ത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുഖത്ത് ക്രോസ് ചിഹ്നം വരക്കുകയും  തീപിടിക്കുന്ന ചിത്രങ്ങളും ചേർത്തു. "ഞങ്ങളുടെ യുവാക്കളുടെ രക്തം നിങ്ങളുടെ കൈകളിലാണ്," എന്ന സന്ദേശവും എഴുതിക്കാണിച്ചു. ശനിയാഴ്ച രാത്രി ഒമ്പതിനാണ് ചാനൽ ഹാക്ക് ചെയ്തത്. 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തെ തുടർന്നാണ് ഇറാനിൽ പ്രതിഷേധം ഉയർന്നത്. ഖമേനി ഉദ്യോഗസ്ഥരെ കാണുന്നതിന്റെ ദൃശ്യങ്ങൾ ഹാക്ക്  ചെയ്ത് തടസ്സപ്പെടുത്തി. ''ഞങ്ങൾക്കൊപ്പം ചേരൂ, എഴുന്നേൽക്കൂ"എന്ന മുദ്രാവാക്യവും ഏതാനും സെക്കൻഡുകൾ എഴുതിക്കാണിക്കുകയും  മൂന്ന് സ്ത്രീകളുടെ ബ്ലാക്ക് ആൻ‌ഡ് വൈറ്റ് ചിത്രങ്ങളും പ്രദർശിപ്പിച്ചു. ഹിജാബ് കൃത്യമായി ധരിച്ചില്ലെന്ന് പറഞ്ഞ്  കസ്റ്റഡിയിലെടുത്ത മഹ്സ അമിനി പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരുന്നു. ഇസ്‌ലാമിക രാജ്യത്ത് ഡ്രസ് കോഡ് ലംഘിച്ചുവെന്നാരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബർ 16നാണ് അമിനി കൊല്ലപ്പെട്ടത്. ഇറാനിലെ ടിവി ചാനൽ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് തസ്നിം വാർത്താ ഏജൻസി സ്ഥിരീകരിച്ചു.

ഇറാനിലെ ഹിജാബ് വിരുദ്ധ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തിയിരുന്നു. വൈറ്റ് ഹൗസ് വെബ്‌സൈറ്റിൽ ആണ് ബൈഡൻ്റെ പ്രതികരണം പ്രസിദ്ധപ്പെടുത്തിയത്. ഇറാൻ ഭരണാധികാരികളുടെ നടപടി പ്രാഥമികമായ മനുഷ്യാവകാശങ്ങളുടെ ലംഘനമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം നാട്ടിലെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന അതിക്രമങ്ങൾക്ക് ഇറാനിയൻ മതപോലീസും അധികാരികളും നാളെ ഉത്തരം പറയേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു. 

മഹ്‌സ അമിനിയെന്ന യുവതിയുടെ കസ്റ്റഡി മരണത്തെത്തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട ബഹുജന പ്രക്ഷോഭം പത്തൊമ്പതാം ദിവസവും ശക്തമായി തുടരുകയാണ്. രാജ്യത്തിൻ്റെ പതിനാലു പ്രവിശ്യകളിലെ  പതിനേഴിലധികം നഗരങ്ങളിൽ  ഇന്നലെയും ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി.  നിലവിൽ ഹൈസ്‌കൂളുകളും യൂണിവേഴ്സിറ്റികളും കേന്ദ്രീകരിച്ചാണ് സമരം നടക്കുന്നത്. സമരക്കാർക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് നാനൂറിലധികം പേരാണ്. പതിനായിരത്തിൽ അധികം പേർ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇരുപത്തിനായിരത്തിൽ അധികം പേരെങ്കിലും പോലീസ് കസ്റ്റഡിയിൽ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ. 

PREV
Read more Articles on
click me!

Recommended Stories

യുദ്ധഭീതിയിൽ യൂറോപ്പ്; സൈനീകരുടെ എണ്ണം കൂട്ടാൻ രാജ്യങ്ങൾ പക്ഷേ, മരിക്കാനില്ലെന്ന് യുവാക്കൾ
ഞെട്ടിക്കുന്ന വീഡിയോ! അടിയന്തിര ലാന്‍ഡിംഗ് നടത്തിയ ചെറുവിമാനം കാറിലിടിച്ചു, അപകടം ഫ്ലോറിഡയിൽ, കാർ യാത്രക്കാരിക്ക് പരിക്ക്