
ടെഹ്റാൻ: ഇറാൻ - അമേരിക്ക ചർച്ചകൾക്കുള്ള പുതിയ നിലപാട് അമേരിക്കയെ അറിയിച്ച് ഇറാൻ. മധ്യസ്ഥരായ പാക്കിസ്ഥാൻ വഴിയാണ് രേഖ കൈമാറിയത്. സംഘർഷങ്ങൾക്കിടയിലും നയതന്ത്ര വഴികൾ അടഞ്ഞിട്ടില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നത്. നേരത്തെ പല തവണ അമേരിക്ക തള്ളിയതാണ് ഇറാൻ നിർദേശങ്ങൾ. ആണവ വിഷയം ആദ്യഘട്ടത്തിൽ തന്നെ ചർച്ച ചെയ്യാൻ ഇറാൻ തയാറാവുമോ എന്നതാണ് പുതിയ നിലപാടിൽ ഏറ്റവും പ്രധാന കാര്യം. ആദ്യം യുദ്ധം നിർത്തൽ, പിന്നെ ഹോർമൂസ് തുറക്കൽ, ഉപരോധങ്ങൾ നീക്കിയ ശേഷം പിന്നീട് ആണവ ചർച്ചയെന്നായിരുന്നു ഇറാൻ നേരത്തെ നൽകിയ നിലപാട്. കീഴടങ്ങലോ വിട്ടുവീഴ്ച്ചയോ ഉണ്ടാവില്ലെന്ന് ഇന്നും ഇറാൻ പ്രസിഡണ്ട് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നിർദ്ദേശങ്ങളോട് അമേരിക്ക എങ്ങനെ പ്രതികരിക്കും എന്നത് കണ്ടറിയണം.
അതിനിടെ, വിഷയത്തിൽ വീണ്ടും സംഘർഷ ആശങ്കയും വെല്ലുവിളികളും ശക്തമാവുകയാണ്. കുവൈത്തിനും യു എ ഇക്കും നേരെയും ഖത്തർ തീരത്തോട് ചേർന്ന കപ്പലിന് നേരെയും ഇറാന്റെ ആക്രമണം ഉണ്ടായി. ഹോർമൂസിൽ ചെറു മുങ്ങിക്കപ്പലുകൾ വിന്യസിക്കാൻ ഇറാൻ നീക്കം തുടങ്ങി. ഇറാൻ സേനാ മേധാവി പരമോന്നത നേതാവിനെ കണ്ടു. ഹോർമൂസ് തുറക്കാനുള്ള പ്രമേയത്തെ പിന്തുണക്കുന്നവർക്കെതിരെ കനത്ത ഭീഷണിയാണ് ഇറാൻ ഉയർത്തുന്നത്. ഇറാന്റെ കേന്ദ്രീകൃത സൈന്യങ്ങളുടെ കമാൻഡർ പരമോന്നത നേതാവിനെ കണ്ടാണ് പദ്ധതികൾ വിശദീകരിച്ചത്. ഹോർമൂസിൽ ചെറു മുങ്ങിക്കപ്പലുകൾ വിന്യസിക്കാനാണ് ഇറാന്‍റെ അടുത്ത നീക്കം. ഹോർമൂസ് തുറക്കാൻ ബഹ്റൈൻ - ജി സി സി സംയുക്ത പ്രമേയം അമേരിക്കൻ പിന്തുണയോടെ വരാനിരിക്കുന്നത് ഇറാനെ പ്രകോപിപ്പിക്കുന്നതാണ്. പിന്തുണയ്ക്കുന്നവർക്ക മുന്നിൽ ഹോർമൂസ് എന്നന്നേക്കുമായി അടയുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഖത്തർ തീരത്തിന് 23 നോട്ടിക്കൽ മൈൽ അകലെയുള്ള കപ്പലിന് നേരെയും, യു എ ഇയിലേക്കും കുവൈത്തിലേക്കും ഇറാൻ ആക്രമണം നടത്തി. ഹോർമൂസിലൂടെ പോകുന്ന ഇന്റർനെറ്റ് കേബിളുകൾക്ക് മേലും ഇറാൻ നിയന്ത്രണമുണ്ടാകുമെന്ന് ആശങ്കയുണ്ട്. ഖത്തർ ഇന്ന് പാകിസ്ഥാനുമായും ഇറാനുമായും സംസാരിച്ചു. യുദ്ധസമയത്ത് ഇറാന്റ ആക്രമണങ്ങൾ കൃത്യമായി ലക്ഷ്യം കാണുന്ന തരത്തിൽ സാറ്റലൈറ്റ് ചിത്രങ്ങൾ ലഭിച്ചത് ലോകം ചർച്ച ചെയ്തിരുന്നു. ഇതിൽ 3 ചൈനിസ് കമ്പനികൾ ഉൾപ്പടെ മൂന്ന്, സ്ഥാപനങ്ങൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഡ്രോൺ, മിസൈൽ പദ്ധതിയിൽ സഹായിക്കുന്ന പത്ത് കമ്പനികൾക്ക് എതിരെ കൂടി നടപടി വരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam