അന്ത്യശാസനവുമായി ഇറാൻ; 72 മണിക്കൂറിനുള്ളിൽ പ്രതിഷേധക്കാർ കീഴടങ്ങണം, വധശിക്ഷ നടപ്പാക്കാൻ നീക്കമെന്നും സൂചന

Published : Jan 20, 2026, 02:19 PM IST
Iran

Synopsis

ഇറാൻ ഭരണകൂടം പ്രതിഷേധക്കാർക്ക് കീഴടങ്ങാൻ 72 മണിക്കൂർ സമയം നൽകി അന്ത്യശാസനം പുറപ്പെടുവിച്ചു. കീഴടങ്ങാത്തവർക്ക് കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ടെഹ്റാൻ: ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന് നേരെ കടുത്ത നടപടിയ്ക്കൊരുങ്ങി ഇറാൻ. പ്രതിഷേധക്കാർ 72 മണിക്കൂറിനുള്ളിൽ കീഴടങ്ങണമെന്ന് ഇറാൻ്റെ ദേശീയ പൊലീസ് മേധാവി അഹ്‌മദ്-റേസ റാദൻ അന്ത്യശാസനം നൽകി. പറഞ്ഞ സമയത്തിനുള്ളിൽ കീഴടങ്ങിയില്ലെങ്കിൽ കഠിനമായ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കീഴടങ്ങാൻ തയ്യാറാകാത്തവർ നിയമത്തിന്റെ പൂർണ്ണ ശക്തിയെ നേരിടണമെന്നും ദേശീയ പൊലീസ് മേധാവി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

സമീപകാലത്തൊന്നും നേരിട്ടില്ലാത്ത രീതിയിലുള്ള പ്രതിഷേധത്തിനാണ് ഇക്കഴി‍ഞ്ഞ ദിവസങ്ങളിൽ ഇറാൻ സാക്ഷിയായത്. ഇൻറർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ച് 11 ദിവസങ്ങൾ പിന്നിടുകയാണ്. അതിനാൽ തന്നെ ഇറാനിലെ പ്രതിഷേധത്തിൻറെ വ്യാപ്തി എത്രയെന്ന കാര്യത്തിൽ കൃത്യമായ വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. അധികാരികളുടെ ഭാഗത്തുനിന്നും പ്രതിഷേധത്തിന് നേരെയുണ്ടായ അടിച്ചമർത്തൽ ഭീകരമായിരുന്നുവെന്നാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നത്. വിവിധ സംഭവങ്ങളിലായി കുറഞ്ഞത് 5,000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വാദം.

അതേസമയം, പ്രതിഷേധത്തിൽ പങ്കെടുത്തവരെയെല്ലാം കുറ്റക്കാരായി കാണാൻ തയ്യാറല്ലെന്ന സന്ദേശവും ഇറാൻ ഭരണകൂടം മുന്നോട്ടുവെച്ചിട്ടുണ്ട്. തെറ്റിദ്ധരിക്കപ്പെട്ട് ചിലർ പ്രതിഷേധത്തിന്റെ ഭാഗമായെന്നാണ് അധികാരികളുടെ നിഗമനം. തെറ്റദ്ധരിക്കപ്പെട്ട് പ്രതിഷേധങ്ങളുടെ ഭാഗമായവരെയും അക്രമം സംഘടിപ്പിച്ചതായി ആരോപിക്കപ്പെടുന്നവരെയും ഒരുപോലെയല്ല കാണുന്നതെന്ന് ദേശീയ പൊലീസ് മേധാവി വ്യക്തമാക്കി. കലാപത്തിൽ അറിയാതെ ഉൾപ്പെട്ട യുവാക്കളെ ശത്രുക്കളായിട്ടല്ല, പകരം വഞ്ചിക്കപ്പെട്ട വ്യക്തികളായാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു. സമയപരിധിക്കുള്ളിൽ കീഴടങ്ങിയാൽ ഇത്തരക്കാരോട് ദയ കാണിക്കുമെന്നും അഹ്‌മദ്-റേസ റാദൻ കൂട്ടിച്ചേർത്തു.

അതേസമയം, കലാപങ്ങൾക്ക് ഉത്തരവാദികളായവർക്ക് കർശനമായ ശിക്ഷ നൽകുമെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഉൾപ്പെടെ ഒപ്പിട്ട പ്രസ്താവനയിൽ പറയുന്നു. പ്രതിഷേധക്കാർക്കെതിരെ വധശിക്ഷ നടപ്പാക്കാനുള്ള നീക്കം ഇറാൻ ആരംഭിച്ചതായും സംശയമുണ്ട്. വധശിക്ഷകൾ ഭരണകൂടത്തിൻറെ ഭീഷണിയുടെ ഉപകരണമായി ഇറാൻ ഉപയോഗിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ വർഷം ഇറാൻ ഏകദേശം 1,500 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി യുഎൻ അറിയിച്ചിരുന്നു. ഈ കണക്കുകളിൽ ചൈനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇറാൻ. ഇതിനിടെ അധികാരികൾ രാജ്യദ്രോഹികളുടെ നട്ടെല്ല് ഒടിക്കണമെന്ന നിർദ്ദേശവുമായി ഇറാൻറെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പറഞ്ഞതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ
ഫിഷ്പ്ലേറ്റുകൾ തെന്നിമാറിയ നിലയിൽ, പാളത്തിൽ വിള്ളൽ, അതിവേഗ ട്രെയിൻ ദുരന്തകാരണം പുറത്ത്