മൂന്ന് ഐഎസ് തീവ്രവാദികളെ വധശിക്ഷയ്ക്ക് വിധിച്ച് ഇറാഖ് കോടതി; പ്രതിഷേധവുമായി മനുഷ്യാവകാശ ​സംഘടനകൾ

By Web TeamFirst Published May 27, 2019, 11:27 AM IST
Highlights

ഐഎസ്സിൽ ചേർന്ന് ഭീകരപ്രവർത്തനങ്ങളിൽ പങ്കെടുത്തെന്ന് സംശയിക്കുന്ന ആയിരത്തോളം പേർക്കെതിരേയുള്ള കേസിന്റെ വാദം നടക്കുന്നതിനിടെയാണ് കോടതിയുടെ നിർണ്ണായക വിധി. 

ബാ​ഗ്‍ദാദ്: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകരപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച മൂന്ന് ഫ്രഞ്ച് ഐഎസ് തീവ്രവാദികളെ ഇറാഖ് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഐഎസ്സിൽ ചേർന്ന് ഭീകരപ്രവർത്തനങ്ങളിൽ പങ്കെടുത്തെന്ന് സംശയിക്കുന്ന ആയിരത്തോളം പേർക്കെതിരേയുള്ള കേസിന്റെ വാദം നടക്കുന്നതിനിടെയാണ് കോടതിയുടെ നിർണ്ണായക വിധി. ഇറാഖിലെ ഐഎസ്സിന്റെ ശക്തികേന്ദ്രങ്ങൾ നിലംപതിച്ചപ്പോൾ നൂറോളം വിദേശികളെയാണ് യുഎസ് പിന്തുണയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ്ഡിഎഫ്) അറസ്റ്റ് ചെയ്തത്. 

എസ്ഡിഎഫ് ആണ് ഭീകരവാദികളെ രാജ്യങ്ങൾക്ക് കൈമാറുന്നത്. ഫെബ്രുവരിയിലാണ് ഐഎസ്സിൽ പ്രവർത്തിച്ച മൂന്ന് ഫ്രഞ്ച് പൗരൻമാരെ എസ്ഡിഎഫ് ഇറാഖിന് കൈമാറുന്നത്. ഇറാഖിൽ നിന്നുള്ള 280 ഐഎസ് ഭീകരര്‍ക്കൊപ്പം 14 ഫ്രഞ്ച് പൗരൻമാരും ഉണ്ടായിരുന്നുവെന്ന് ഇറാഖ് സേന നേരത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം ഇവർക്കെതിരെയുള്ള കോടതി നടപടികൾ മാർച്ചിൽ ആരംഭിച്ചതായും കോടതി അറിയിച്ചു. 

ഇറാഖ് കോടതിയുടെ വിധിയിൽ അതൃപ്തി പ്രകടിപ്പിച്ച മൂന്ന് ഫ്രഞ്ച് പൗരൻമാരും കേസ് ഫ്രാൻസിൽ വച്ച് നടത്തണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ പ്രതികളുടെ ആവശ്യം കോടതി തള്ളിക്കളയുകയായിരുന്നുവെന്ന് കോടതി നിയമിച്ച അഭിഭാഷകൻ പറഞ്ഞതായി വാർത്താ വിതരണ ഏജൻസിയായ റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ കേസിൽ അപ്പീൽ നൽകാനുള്ള സാധ്യതയും കോടതി തള്ളി.

അതേസമയം ഐഎസ്സിൽ ചേർന്ന് ഭീകരപ്രവർത്തനങ്ങളിൽ പങ്കെടുത്ത പൗരൻമാരും അവരുടെ ഭാര്യമാരും രാജ്യത്ത് കടക്കുന്നതിനെതിരെ ഫ്രഞ്ച് സർക്കാർ പ്രതിഷേധം പ്രകടിപ്പിച്ചു. ഐഎസ്സിൽ ചേർന്ന പൗരൻമാരെ രാജ്യത്തിന്റെ ശത്രുക്കളായാണ് കാണുന്നതെന്നും അത്തരക്കാർ സിറിയയോ ഇറാഖോ നൽകുന്ന ശിക്ഷയ്ക്ക് വിധേയരാകട്ടെയെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-യൂവ്സ് ലേ റിയാൻ പറഞ്ഞു. ഇറാഖ് കോടതിയുടെ വധശിക്ഷയ്ക്കെതിരെ ലോകത്തിന്റെ വിവിധഭാ​ഗങ്ങളിൽനിന്നുള്ള മനുഷ്യാവകാശ സംഘടനകൾ പ്രതിഷേധം ഉയർത്തുന്നുണ്ട്. കോടതി വിധിക്കെതിരെ ഫ്രാൻസും അതൃപ്തി പ്രകടിപ്പിച്ച് രം​ഗത്തെത്തി.  


  

click me!