
ടെൽ അവീവ്: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന 'ഓപ്പറേഷൻ റോറിംഗ് ലയൺ' (ഓപ്പറേഷൻ എപിക് ഫ്യൂറി) ആക്രമണം ഇറാനിലും ലെബനനിലും ശക്തമായി തുടരുകയാണ്. ആക്രമണം ഒരു കാരണവശാലും നിർത്തില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് ചീഫ് അഡ്മിറൽ ബ്രാഡ് കൂപ്പർ വ്യക്തമാക്കിയതോടെ വരും ദിവസങ്ങളിലും സംഘർഷം രൂക്ഷമാകാനാണ് സാധ്യത.
കഴിഞ്ഞ 24 മണിക്കൂറിനിടെ നൂറുകണക്കിന് യുദ്ധവിമാനങ്ങൾ ഒരേസമയം ഇറാനിലെയും ലെബനനിലെയും ലക്ഷ്യങ്ങൾ തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഓപ്പറേഷൻ തുടങ്ങിയതിന് ശേഷം ഏകദേശം 300 ഇറാനിയൻ മിസൈൽ ലോഞ്ചറുകൾ തകർത്തതായും ഐഡിഎഫ് പറഞ്ഞു. പ്രതിരോധ നടപടികളുടെ ഭാഗമായി, ഇറാനിയൻ ഭരണകൂടത്തിന്റെ ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളിലും വ്യോമ പ്രതിരോധ സംവിധാനങ്ങളിലും തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നുണ്ടെന്ന് ഇസ്രായേലി വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു.
തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണവും ഇസ്രായേൽ തുടരുന്നുണ്ട്. തെക്കൻ ലെബനനിലെ 60 ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി ഐഡിഎഫ് അറിയിച്ചു. ടൈർ, സിദോൻ മേഖലകളിലെ ഹിസ്ബുള്ളയുടെയും ഹമാസിന്റെയും ആയുധ സംഭരണ ശാലകൾ, മിസൈൽ ലോഞ്ചറുകൾ, കമാൻഡ് സെന്ററുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ തകർത്തവയിൽ ഉൾപ്പെടുന്നു. ഐഡിഎഫ് സൈനികർക്കും ഇസ്രായേലി പൗരന്മാർക്കും നേരെ ആക്രമണം നടത്താനും ആസൂത്രണം ചെയ്യാനും തീവ്രവാദ സംഘടനകൾ ഈ കേന്ദ്രങ്ങൾ ഉപയോഗിച്ചിരുന്നുവെന്നും ഐഡിഎഫ് അവകാശപ്പെട്ടു.
ഇറാനിലെ ഒരു ആണവായുധ നിർമാണ കേന്ദ്രം തകർത്തതായും ഐഡിഎഫ് അവകാശപ്പെട്ടു. ആണവായുധങ്ങളുടെ പ്രധാന ഘടകം വികസിപ്പിക്കാൻ ഒരു കൂട്ടം ആണവ ശാസ്ത്രജ്ഞർ ഉപയോഗിച്ചിരുന്ന രഹസ്യ 'മിൻസാദെഹെയ്' കോമ്പൗണ്ടാണ് തകർത്തതെന്നാണ് ഐഡിഎഫിന്റെ വാദം. "രഹസ്യാന്വേഷണ വിവരങ്ങൾ ഉപയോഗിച്ച്, ഐഡിഎഫ് ഈ പുതിയ സ്ഥലത്തെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും, ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള ഇറാനിയൻ ഭരണകൂടത്തിന്റെ കഴിവിന്റെ ഒരു പ്രധാന ഘടകം ഇല്ലാതാക്കുകയും ചെയ്തു," ഐഡിഎഫ് പറഞ്ഞു.
അതേസമയം, ആക്രമണം നിർത്തില്ലെന്നും തിരിച്ചടിക്കാനുള്ള ഇറാന്റെ ശേഷി അതിവേഗം കുറയുകയാണെന്നും യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ ഒരു വാർത്താസമ്മേളനത്തിൽ പറഞ്ഞു. "ഓപ്പറേഷൻ തുടങ്ങി 100 മണിക്കൂറിൽ താഴെ മാത്രമേ ആയിട്ടുള്ളൂ. ഇതിനകം 2000-ൽ അധികം വെടിക്കോപ്പുകൾ ഉപയോഗിച്ച് ഏകദേശം 2000 ലക്ഷ്യങ്ങൾ ഞങ്ങൾ തകർത്തു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ ഞങ്ങൾ സാരമായി തകർക്കുകയും നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും ലോഞ്ചറുകളും ഡ്രോണുകളും നശിപ്പിക്കുകയും ചെയ്തു. ഇതുവരെ, 17 ഇറാനിയൻ കപ്പലുകൾ ഞങ്ങൾ നശിപ്പിച്ചു. അതിൽ പ്രവർത്തനക്ഷമമായ ഒരു അന്തർവാഹിനിയും ഉൾപ്പെടുന്നു. ഇന്ന് അറേബ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിൽ ഒരു ഇറാനിയൻ കപ്പൽ പോലുമില്ല. ഞങ്ങൾ നിർത്തില്ല. ഞങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരും". അദ്ദേഹം പറഞ്ഞു.
"യുഎസ് വ്യോമസേന അവരുടെ ഏറ്റവും മികച്ച പ്രകടനമാണ് നടത്തുന്നത്. ഇറാനിലേക്ക് ഉയർന്ന തോതിലുള്ള വ്യോമാക്രമണങ്ങൾ നടത്തുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ രണ്ട് വ്യോമസേനകളായ യുഎസും ഇസ്രായേലും, ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ പ്രോത്സാഹക രാജ്യത്തിന് മുകളിലുള്ള ആകാശത്ത് ആധിപത്യം സ്ഥാപിക്കുകയാണ്. ഞങ്ങൾ ഇപ്പോൾ തുടങ്ങിയിട്ടേയുള്ളൂ. ഞങ്ങളുടെ പങ്കാളികളോടൊപ്പം ചേർന്ന് ഞങ്ങളുടെ സൈനിക ലക്ഷ്യങ്ങൾ പൂർണ്ണമായും കൈവരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്". അദ്ദേഹം കൂട്ടിച്ചേർത്തു.
പരമോന്നത നേതാവ് ആയത്തൊള്ള ഖമനെയിയും മറ്റ് പ്രധാന വ്യക്തികളും യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് മിഡിൽ ഈസ്റ്റിൽ ആരംഭിച്ച സംഘർഷം നാലാം ദിവസത്തിലേക്ക് കടന്നു. ഇതിന് പ്രതികാരമായി, മേഖലയിലുടനീളമുള്ള അമേരിക്കൻ സൈനിക താവളങ്ങളും മറ്റ് ഇസ്രായേലി കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ടെഹ്‌റാൻ പ്രത്യാക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam