
ടെൽ അവിവ്: അമേരിക്കയിൽ നിന്നും അത്യാധുനിക സ്ക്വാഡ്രൺ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കോടികളുടെ പ്രതിരോധ കരാറിന് ഇസ്രയേൽ അംഗീകാരം നൽകി. ഇസ്രയേൽ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ലോക്ഹീഡ് മാർട്ടിന്റെ എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ വിമാനവും ബോയിങ്ങിന്റെ എഫ്-15 ഐഎ യുദ്ധവിമാനവുമാണ് ഇസ്രയേൽ പുതുതായി സ്വന്തമാക്കുന്നത്. വരും വർഷങ്ങളിൽ ഇസ്രയേലിന്‍റെ വ്യോമാധിപത്യം ഉറപ്പാക്കുന്നതിനാണ് ഈ പദ്ധതിയെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു. ‘ഞങ്ങളുടെ പൈലറ്റുമാർക്ക് ഇറാന്റെ ആകാശത്ത് എവിടെയും എത്താൻ കഴിയും, ആവശ്യം വന്നാൽ അവരത് ചെയ്യും’ എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്.
ഇസ്രയേൽ പ്രതിരോധ സേനയ്ക്ക് ഏത് സമയത്തും എവിടെയും പ്രവർത്തിക്കാനുള്ള കരുത്ത് നൽകുന്ന 'ഷീൽഡ് ഓഫ് ഇസ്രയേൽ' പദ്ധതിയുടെ ഭാഗമായാണ് ഈ വിമാനങ്ങൾ വാങ്ങുന്നത്. നിലവിൽ ഇസ്രയേലിന്റെ പക്കൽ നിരവധി എഫ്-35 വിമാനങ്ങൾ ഉണ്ടെങ്കിലും സേനയുടെ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കരാർ.
ഗാസയിൽ ഹമാസിനെതിരെ നടന്ന കടുത്ത വ്യോമാക്രമണങ്ങളിൽ ഇസ്രയേൽ വ്യോമസേന നിർണ്ണായക പങ്കുവഹിച്ചിരുന്നു. ഹമാസിന്റെ കമാൻഡ് സെന്ററുകളും തുരങ്കങ്ങളും ലക്ഷ്യമിട്ട് നടത്തിയ ആയിരക്കണക്കിന് ആക്രമണങ്ങളിൽ ഗാസയിലെ ജനവാസ മേഖലകൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ വ്യോമശേഷി കൂടുതൽ വിപുലീകരിക്കാനാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇറാനുമായി രണ്ട് തവണ നേരിട്ട് യുദ്ധം ചെയ്ത സാഹചര്യത്തിൽ ദീർഘദൂര ആക്രമണങ്ങൾക്ക് വ്യോമസേനയെ സജ്ജമാക്കാനാണ് ഇസ്രയേലിന്‍റെ തീരുമാനം.
ഇറാന്‍റെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളിൽ ഇസ്രയേൽ വ്യോമശക്തി വലിയ രീതിയിൽ പ്രയോജനപ്പെടുത്തിയിരുന്നു. ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ അത്യാധുനിക യുദ്ധവിമാനങ്ങൾ അത്യന്താപേക്ഷിതമാണെന്ന് ഇസ്രയേൽ കരുതുന്നു. 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേലിന്റെ പ്രതിരോധ ചെലവുകൾ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. 2026-ലെ ബജറ്റിൽ പ്രതിരോധ മേഖലയ്ക്കായി വലിയ തുകയാണ് അനുവദിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam