
ഗാസ: പലസ്തീൻ സായുധ സംഘമായ ഹമാസ് ഇസ്രയേലിൽ കടന്ന് ആക്രമണം നടത്തിയതിന് പിന്നാലെ പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലെത്തിയിരുന്നു. ഇപ്പോഴിതാ ഫലസ്തീന്‍ പ്രദേശമായ ഗാസ മുനമ്പില്‍ ഇസ്രായില്‍ രണ്ട് വ്യോമാക്രമണങ്ങള്‍ നടത്തിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അപ്രതീക്ഷിതമായി നടന്ന വമ്പൻ ആക്രമണത്തിൽ ഞെട്ടിയ ഇസ്രായേൽ പകരംവീട്ടിത്തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഗാസ മുനമ്പിൽ നിന്ന് അയ്യായിരത്തിലധികം റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഹമാസിന്റെ സായുധ സേന അവകാശപ്പെട്ടിരുന്നു. ഇസ്രായേലിന് ഉളളിൽ കടന്നാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. 20 മിനിറ്റിൽ 5000 റോക്കറ്റുകൾ തൊടുത്തുവെന്നാണ് ഹമാസ് പറയുന്നത്. ആക്രമണത്തിൽ അഞ്ച് പേർ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. 35 ഇസ്രായേൽ സൈനികരെ ബന്ധികളാക്കിയെന്നും ഹമാസ് അവകാശപ്പെടുന്നുണ്ട്. അടുത്ത കാലത്തെ ഏറ്റവും ശക്തമായ ആക്രമണത്തിനാണ് പലസ്തീൻ സായുധ സംഘമായ ഹമാസ് പുലർച്ചെ തുടക്കമിട്ടത്.
വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേൽ പ്രത്യാക്രമണം ആരംഭിക്കുകയായിരുന്നു. ഗാര്‍സക്ക് സമീപം ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. 60 ഹമാസ് തീവ്രവാദികൾ രാജ്യത്തേക്ക് കടന്നിട്ടുണ്ടെന്നും 14 ഇടങ്ങളിൽ പോരാട്ടം തുടരുകയാണെന്നും യുദ്ധം ആരംഭിച്ചെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. തെക്കൻ ഇസ്രായേലിൽ ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
ഈയടുത്ത കാലത്ത് ഇസ്രായേൽ നേരിട്ട ഏറ്റവും വലിയ ആക്രമണമാണ് ഇന്ന് നടന്നത്. രാജ്യത്തിന് ഉള്ളിൽ കടന്നുളള ഹമാസിന്റെ ആക്രമണം അപ്രതീക്ഷിതമായിരുന്നു. ലോകത്തെ ഏറ്റവും ശക്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് ആ ആക്രമണമെന്നാണ് വിലയിരുത്തൽ. ഇസ്രായില്‍ യുദ്ധത്തിലാണെന്നും വിജയം വരിക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്.
Read more: ബങ്കറുകളിൽ അഭയം തേടി ഇസ്രായേലിലെ മലയാളികൾ; ഗുരുതര സാഹചര്യം, ആശങ്ക; എംബസി മുന്നറിയിപ്പ്
അതേസമയം, അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിര്‍ദ്ദേശിച്ചു. ഹെല്‍പ് ലൈന്‍ നമ്പര്‍ +97235226748. ഹമാസിന്റെ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേലിൽ സ്ഥിതി ഗുരുതരമെന്ന് മലയാളികൾ. ഭൂരിഭാഗം പേരും ബങ്കറുകളിൽ അഭയം തേടി. സമീപകാലത്തെങ്ങുമുണ്ടാകാത്ത രീതിയിലുള്ള ആക്രമണമാണുണ്ടായതെന്നും ബങ്കറിൽ തന്നെ കഴിയുന്നതിനാണ് നിർദ്ദേശം ലഭിച്ചതെന്നും മലയാളികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വീടിന് പുറത്തിറങ്ങരുതെന്നാണ് തെക്കൻ ഇസ്രായേൽ മേഖലയിലുള്ള ജനങ്ങൾക്കുള്ള നിർദ്ദേശം. സാഹചര്യം സങ്കീര്‍ണമാണെന്ന് ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതിയും സ്ഥിരീകരിച്ചു.