
ടെൽ അവീവ്: ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാലന്‍റിന് പകരം വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സിനെ പുതിയ പ്രതിരോധ മന്ത്രിയായി നിയമിച്ചതായി നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു. വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് പ്രതിരോധ മന്ത്രിയെ മാറ്റുന്നതെന്നാണ് വിശദീകരണം.
"ഒരു യുദ്ധത്തിനിടയിൽ, പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും തമ്മിലുള്ള പൂർണ്ണ വിശ്വാസം എന്നത്തേക്കാളും അത്യാവശ്യമാണ്. ആദ്യ മാസങ്ങളിൽ അത്തരം വിശ്വാസവും ഫലപ്രദമായ പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. സമീപ മാസങ്ങളിൽ എനിക്കും പ്രതിരോധ മന്ത്രിക്കും ഇടയിൽ വിശ്വാസത്തിൽ വിള്ളലുണ്ടായിട്ടുണ്ട്. അത് ജനങ്ങളും ശത്രുക്കളും വരെ അറിയുന്ന അവസ്ഥിലെത്തി. ശത്രുക്കൾ അതിൽ ആനന്ദം കണ്ടെത്തുകയും നേട്ടമുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി "- നെതന്യാഹു വിശദീകരിച്ചു. 'ഇസ്രയേലിന്‍റെ സുരക്ഷ എന്‍റെ ജീവിത ദൗത്യമായിരുന്നു, ഇനിയുമങ്ങനെ ആയിരിക്കു'മെന്ന് ഗാലന്‍റ് സമൂഹ മാധ്യമത്തിൽ കുറിച്ചു.
ഇസ്രയേൽ - ഹമാസ് യുദ്ധകാലം മുതൽ തന്നെ നെതന്യാഹുവും യോവ് ഗാലന്‍റും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഒക്ടോബർ ഏഴിനുണ്ടായ ഹമാസ് ആക്രമണത്തിന് ശേഷം ഗാസയിൽ നടത്തിയ യുദ്ധം സംബന്ധിച്ചായിരുന്നു അഭിപ്രായ വ്യത്യാസം. സൈനിക നടപടി കൊണ്ട് മാത്രം കാര്യമില്ലെന്നും നയതന്ത്രപരമായ നടപടികൾ കൂടിയുണ്ടെങ്കിലേ ബന്ദികളെ മോചിപ്പിക്കാൻ കഴിയൂവെന്ന് ഗാലന്‍റ് നിലപാടെടുത്തിരുന്നു. അത് നെതന്യാഹുവിന് സ്വീകാര്യമായിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam